ചക്കക്കാലം തുടങ്ങിയതോടെ ചക്ക വിഭവങ്ങൾക്കൊണ്ട് അടുക്കള നിറയാനുള്ള കാലമാണ് വരാനിരിക്കുന്നത്. അമ്മ ഉണ്ടാക്കാറുള്ള ചക്ക പുഴുക്ക്, ചക്ക അവിയൽ, ചക്ക എരിശ്ശേരി, ചക്കക്കരു മാങ്ങാ ചാറു കറി, തേങ്ങ വരുത്തരച്ചു ചേർത്ത ചക്ക കൂഞ്ഞി തോരൻ മുതലായവയിൽ ഏറെ ഇഷ്ടമുള്ളത്, ഏറെ രുചികരമായി തോന്നിയിട്ടുള്ളത് തേങ്ങ വറുത്തിട്ട ചക്ക എരിശ്ശേരിയാണ്.

To advertise here,

എത്തയ്‌ക്ക, ചേന, മത്തങ്ങ എന്നിവ കൊണ്ടുള്ള എരിശ്ശേരിയാണ് പൊതുവെ കേരള സദ്യകൾക്കൊപ്പം വിളമ്പി കണ്ടിട്ടുള്ളത്. 

ചേരുവകൾ: ( നാലു പേർക്ക് )

  • ചക്ക ചുള : വട്ടം വട്ടം അരിഞ്ഞത് - 2 കപ്പ്
  • ചക്ക കുരു : കനം കുറച്ച് വട്ടം വട്ടം അരിഞ്ഞത് - 6 എണ്ണം
  • പച്ച മുളക് : 2 എണ്ണം ( വലുപ്പവും എരിവും അനുസരിച്ച് )
  • വെളുത്തുള്ളി : 3 അല്ലി
  • കുരുമുളക് പൊടി : അര ടീ സ്പൂൺ
  • മഞ്ഞൾ പൊടി : അര ടീ സ്പൂൺ
  • തേങ്ങ ചിരകിയത് : 1 കപ്പ്
  • ജീരകം : അര ടീ സ്പൂൺ
  • വറ്റൽ മുളക് : 2 എണ്ണം
  • കറിവേപ്പില : 1 തണ്ട്
  • വെളിച്ചെണ്ണ : 1 ടേബിൾ സ്പൂൺ
  • കടുക് : അര ടീ സ്പൂൺ
  • ഉപ്പ്, വെള്ളം പാകത്തിന്

പാചക ക്രമം

  • അരിഞ്ഞ ചക്ക ചുളയും കുരുവും, മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക (കുക്കറിൽ രണ്ട് വിസിൽ).
  • അരപ്പിനായി അര കപ്പ് തേങ്ങയും ജീരകവും പച്ച മുളകും വെളുത്തുള്ളിയും ഇടത്തരം പാകത്തിൽ അരയ്ക്കുക (വെണ്ണ പോലെ അരയ്‌ക്കേണ്ട).
  • വെന്ത് പാകമായ ചക്ക ചുളയും കുരുവും ഉടച്ച് അരപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് അയഞ്ഞ പരുവത്തിലാക്കി തിളപ്പിച്ച് കുരുമുളക് പൊടി വിതറി ഇളക്കി വാങ്ങുക.
  • ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് മൂപ്പിച്ച് കടുക് വറുത്തതിലേക്ക് വറ്റൽ മുളകും കറിവേപ്പിലയും ബാക്കിയുള്ള അര കപ്പ് തേങ്ങയും ചേർത്ത് ഇളക്കി തേങ്ങ സ്വർണ്ണ നിറമാകുന്നത് വരെ മൂപ്പിച്ച് ചേർത്താൽ പണി കഴിഞ്ഞു. നല്ല രുചിയും മണവുമുള്ള ചക്ക എരിശ്ശേരി തയ്യാർ.