'കഴിക്കാനെന്താ?' എന്നു ചോദിച്ചു കൊണ്ട് സ്കൂൾ വിട്ടു വരുന്ന/ കളി കഴിഞ്ഞു വരുന്ന കുഞ്ഞുങ്ങളെ എന്തു കൊടുത്താണ് സമാധാനിപ്പിക്കുക എന്നത് ഏതൊരു വീട്ടുകാരിയുടെയും/ വീട്ടുകാരന്റെയും എക്കാലത്തെയും വലിയ ആശങ്കയാണ്. സാമ്പത്തിക നില മെച്ചപ്പെട്ടതാണെങ്കിൽ ബിസ്ക്കറ്റുകളോ ബേക്കറി / ഹോട്ടൽ പലഹാരങ്ങളോ ആകാം. എന്നാൽ പോലും എല്ലാ ദിവസവും അത്തരം പലഹാരങ്ങൾ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും എന്നു മാത്രമല്ല കുട്ടികൾക്ക് മടുപ്പും ഉണ്ടാക്കും. എന്നും ബേക്കറി പലഹാരം കരുതാനുള്ള പാങ്ങില്ലാത്ത കുടുംബങ്ങളുടെ കാര്യം ശരിക്കും സങ്കടകരം തന്നെ. 

To advertise here,

വിശന്നു വരുമ്പോൾ (പ്രത്യേകിച്ചും വൈകുന്നേരങ്ങളിൽ) വീട്ടിലുള്ള മുതിർന്നവർ 'ചോറും കറിയുമുണ്ട് കഴിച്ചോളൂ' എന്നു പറഞ്ഞാൽ ഏതൊരു കുട്ടിയുടെയും മുഖം വാടും എന്നുറപ്പ്. അത്തരം കുടുംബ ആഭ്യന്തര പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കുവാൻ, ഉച്ചക്ക് ഊണിനായി ഉണ്ടാക്കിയതിൽ നിന്നും മിച്ചമുള്ള ചോറും ഉപ്പും ഉള്ളിയും മുളകും തേങ്ങയും പഞ്ചസാരയും ചുക്കു പൊടിയും ചേർത്ത് കുഴച്ച്  വല്ലപ്പോഴുമൊക്കെ അമ്മ ഉണ്ടാക്കി തരാറുള്ള ചോറ് അടയുടെ ഓർമ്മയിൽ. ഉച്ചക്ക് ഒരു നേരം പോലും ചോറ് കഴിക്കാൻ മടിയുള്ള, പുതു തലമുറയുടെ പ്രതിനിധികളിൽ ഒരാളായ വീട്ടിലെ കുട്ടിക്ക് ഇന്ന് സ്കൂൾ വിട്ടു വന്നപ്പോൾ നാലു മണി ചായക്കുള്ള പലഹാരമായി ഉണ്ടാക്കി കൊടുത്തത്. രുചികരമായ, എന്നാൽ എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാനാകുന്ന ചോറ് അടയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.  

ആവശ്യമായ ചേരുവകൾ (രണ്ടു പേർക്ക്, നാല് അടയ്ക്ക്)

ചോറ് - 1 കപ്പ് (250 മി. ലി)
ചുവന്നുള്ളി - 10 എണ്ണം
പച്ച മുളക് - 2 എണ്ണം
ഇഞ്ചി - 1 കഷണം (1 സെ.മീ നീളത്തിൽ)
കറിവേപ്പില - 2 തണ്ട്
ചുരണ്ടിയ തേങ്ങ - 1 ടേബിൾ സ്പൂൺ
പഞ്ചസാര - 1 ടീ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്

പാചക ക്രമം

തേങ്ങയും മുളകും ഉള്ളിയും ഇഞ്ചിയും കറിവേപ്പിലയും പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്ത് മിക്സിൽ അരച്ചെടുക്കുക. ചോറിൽ ലേശം ഉപ്പ് ചേർത്ത് അതിലേക്ക് ഈ അരപ്പ് കൂടി ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ച് യോജിപ്പിക്കുക. ശേഷം തുല്യ വലുപ്പമുള്ള നാല് ഉരുളകളാക്കുക. വാഴ ഇലയിൽ എണ്ണ പുരട്ടി നന്നായി കുഴച്ച് യോജിപ്പിച്ച ചോറ് മാവ് ഉരുളകൾ മുക്കാൽ സെന്റി മീറ്റർ കനത്തിൽ, ഏതാണ്ട് 10 സെന്റി മീറ്റർ വ്യാസത്തിൽ കൈകൊണ്ട് പരത്തി അട തയ്യാറാക്കുക. ദോശ തവ ചൂടാക്കി എണ്ണ പുരട്ടിയ ശേഷം അട തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. രുചികരമായ ചോറ് അട തയ്യാർ. ചെറു ചൂടോടെ വിളമ്പിക്കോളൂ. വല്ലപ്പോഴും ആയാൽ കുട്ടികൾക്ക് (മുതിർന്നവർക്കും) ഇഷ്ടമാകും എന്നുറപ്പ്.