
വീണ്ടുമൊരു ചക്കക്കാലം. ഇനിയൊരു നാലഞ്ച് മാസ കാലത്തേക്ക് കേരളത്തിലെ അടുക്കളകളിലെ പ്രധാന വിഭവങ്ങൾ ചക്ക കൊണ്ടുള്ളതായിരിക്കും. അവിയൽ, എരിശ്ശേരി, ചക്കക്കുരു ചേർത്ത കറികൾ എന്നിവയൊക്കെയാവും മിക്ക ദിവസങ്ങളിലും. ചക്ക കൊണ്ട് പല തരത്തിലുള്ള കറികൾ വെയ്ക്കാനാകുമെങ്കിലും അവകളിലൊക്കെ പ്രധാനി പുഴുക്ക് തന്നെ.
ചക്കക്കാലത്തിന്‍റെ തുടക്കത്തിൽ, തൊടിയിലെ കുരുമുളക് കൊടികളിൽ പച്ച കുരുമുളക് തിരികളുള്ള നാളുകളിൽ അമ്മ പച്ച കുരുമുളക് അരച്ച്, നെയ്യ് ചേർത്ത് അതി രുചികരമായ ചക്ക പുഴുക്ക് ഉണ്ടാക്കാറുണ്ട്. വ്യത്യസ്ത രുചികൾ ഇഷ്ടമുള്ളവർ ഈ ചക്ക സീസണിൽ ഒരിക്കലെങ്കിലും ഇതൊന്ന് പരീക്ഷിച്ചു നോക്കിയാൽ അത് എല്ലാ സീസണിലും ആവർത്തിക്കും എന്നുറപ്പാണ്.
പച്ച കുരുമുളക് ലഭ്യമല്ലെങ്കിൽ ഉണങ്ങിയ കുരുമുളക്/ കുരുമുളക് പൊടി ചേർത്തും ഇതേ വിഭവം ഉണ്ടാക്കാനാകും.
ചേരുവകൾ : - (നാലു പേർക്ക്)
ചക്കച്ചുള : നാലു കപ്പ് ( ഇടത്തരം കഷണങ്ങളായി നുറുക്കിയത് )
ചക്കക്കുരു : 5 എണ്ണം ( കനം കുറച്ച് നീളത്തിൽ അരിഞ്ഞത് )
പയർ : കാൽ കപ്പ് ( നന്നായി മൂത്തു വിളഞ്ഞ അച്ചിങ്ങ പയർ ഒരുക്കിയെടുത്ത പുത്തൻ പയർ മണികൾ )
പച്ച കുരുമുളക് : ഒരു ടീ സ്പൂൺ ( അധികം മൂക്കാത്തത് )
ചുരണ്ടിയ തേങ്ങ : അര കപ്പ്
ജീരകം : അര ടീ സ്പൂൺ
കാന്താരി മുളക് : 10 എണ്ണം ( വലുപ്പവും എരിവും അനുസരിച്ച്, ഇന്നു കിട്ടിയത് മൂപ്പു കുറഞ്ഞ അരി കാന്താരിയാകയാൽ പത്തെണ്ണം )
വെളുത്തുള്ളി : നാല് അല്ലി
ചുവന്നുള്ളി : മൂന്ന് അല്ലി
നെയ്യ് : ഒരു ടീ സ്പൂൺ
കറിവേപ്പില : 1 തണ്ട്
മഞ്ഞൾ പൊടി : അര ടീ സ്പൂൺ
ഉപ്പ്, വെള്ളം ആവശ്യത്തിന്
പാചക ക്രമം
1. ഉപ്പും മഞ്ഞൾ പൊടിയും വെള്ളവും ചേർത്ത് ഒരുക്കിയ ചക്കച്ചുളയും, ചക്ക കുരുവും അച്ചിങ്ങ പയർ മണികളും വേവിക്കുക.
2. തേങ്ങയും പച്ച കുരുമുളകും കാന്താരിയും ചുവന്നുള്ളിയും വെളുത്തുള്ളിയും ജീരകവും അമ്മിക്കല്ലിൽ ചതച്ച് ( മിക്സിയിൽ ക്രഷ് ചെയ്ത് ) ഒതുക്കി അരപ്പ് തയ്യാറാക്കുക.
3. വേവിച്ച ചക്കയിലേക്ക് അരപ്പു ചേർത്ത് ഇളക്കി യോജിപ്പിക്കുക.
4. തിള വരുന്ന മുറയ്ക്ക് നെയ്യ് ചേർത്ത് കറിവേപ്പില വിതറി കുഴച്ച് വാങ്ങാം.
Content Highlights: Discover the traditional Kerala `Chakka Puzhukku` recipe with fresh pepper, coconut, and tender jackfruit.
Published: 27 Jan 2026, 05:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented