ത്തങ്ങ, ഒരു പാട് രുചികരമായ വൈവിധ്യം നിറഞ്ഞ വിഭവങ്ങളുണ്ടാക്കാന്‍ സാധ്യതകളുള്ള ഒരു പച്ചക്കറിയാണ്. വളരെ പെട്ടെന്ന് പാകം ചെയ്ത് കിട്ടുന്നതുകൊണ്ട് തന്നേ എളുപ്പത്തിലൊരു കറിയുണ്ടാക്കാന്‍ ഇതിലും നല്ല ഒരു പച്ചക്കറി വേറെയില്ല.

To advertise here,

കൊങ്കണി രുചിക്കൂട്ടുകളിലും ദുദ്ദി എന്ന് വിളിക്കുന്ന മത്തനു വന്‍ പ്രധാന്യമാണ്. സാദാ മെഴുക്കുപുരട്ടിയില്‍ തുടങ്ങി ഓലനിലും എരിശ്ശേരിയിലുമൊക്കെ പ്രധാന സ്ഥാനം പിടിക്കും. മീനൊക്കെ പൊരിക്കും പോലെ പൊരിച്ചെടുക്കുന്ന മത്തങ്ങാ ഫ്രൈക്കും ഏറെ സ്വാദാണ്. കൊങ്കണികളുടെ ഒരു മധുര പലഹാരമായ 'ദുദ്ദി കടമ്പിലും മത്തങ്ങ തന്നെയാണ് താരം.

എന്നാലിന്നു പരിചയപ്പെടുത്തുന്ന വിഭവം മത്തനോടൊപ്പം തന്നെ പ്രധാനിയും എന്നാല്‍ അല്പം കൗതുകമാര്‍ന്ന താരമാണ്. ആരാന്നല്ലേ, നല്ല മധുരം കിനിയുന്ന കരിമ്പ്.അതേ കരിമ്പ് കഷ്ണങ്ങള്‍ മത്തനോടൊപ്പം തന്നേ ചേര്‍ത്തുണ്ടാക്കുന്ന ഒരു കൊങ്കണി സ്‌പെഷ്യല്‍ വിഭവമാണ് 'ദുദ്ദി - കൊബ്ബു ഉപ്കരി 

'കൊബ്ബു എന്നാല്‍ കൊങ്കണിയില്‍ കരിമ്പിനുള്ള പേര്.  നല്ല വിളഞ്ഞ മത്തന്‍ ആണിതിനു വേണ്ടത്. ഈ ഒരു കൂട്ട് കൊണ്ട്  ഉപ്കരി മാത്രമല്ല,  'ഖത്ഖതോ' എന്ന കറിയും ഉണ്ടാക്കും കേട്ടോ. അതീവ രുചികരമായ മറ്റൊരു വിഭവം. 


ചേരുവകള്‍ 

1.മത്തങ്ങ ചതുര കഷ്ണങ്ങളാക്കിയത്- 1/2  കിലോ 
2.കരിമ്പ് കഷ്ണങ്ങള്‍ ഒരിഞ്ച് നീളത്തില്‍ - 10- 12 എണ്ണം 
3.പച്ചമുളക് നെടുകെ കീറിയത് - 4-5 എണ്ണം 
4.വറ്റല്‍ മുളക് - 5 എണ്ണം 
6.കായപ്പൊടി - 1/2 ടീസ്പൂണ്‍ 
7.ശര്‍ക്കര - 1 ടീസ്പൂണ്‍ 
8.തേങ്ങ - അര കപ്പ് 
9.കടുക് - 1 ടീസ്പൂണ്‍ 
10.വെളിച്ചെണ്ണ - 2 - 3 ടീസ്പൂണ്‍ 
11.ഉപ്പ്  ആവശ്യത്തിന് 

പാചകരീതിയിലേക്ക് 

കരിമ്പ് കഷ്ണങ്ങള്‍ വെന്തു വരാന്‍ താമസിക്കും എന്നതിനാല്‍ ഒരു കാല്‍കപ്പ് വെള്ളമൊഴിച്ച് പ്രഷര്‍ കുക്കറില്‍ ഹൈ ഫ്‌ളൈമില്‍ തന്നേ മൂന്നാല് വിസില്‍ വരുന്ന വരെ വേവിച്ചെടുക്കുക. ശേഷം, ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും വറ്റല്‍മുളകും താളിക്കുക.
 
ഇതിലേക്ക് പച്ചമുളക് ചേര്‍ത്തു നിറം മാറുന്ന വരെ ഫ്രൈ ചെയ്യുക.ഇതിലേക്ക് കായപ്പൊടിയും ചേര്‍ത്ത് ഉടനെ തന്നെ മത്തങ്ങ കഷണങ്ങളും ചേര്‍ക്കാം.ഒന്ന് വഴറ്റിയതിനു ശേഷം ഇതിലേക്ക് വേവിച്ച കരിമ്പു കഷ്ണങ്ങള്‍ വെള്ളത്തോടെ ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിനുള്ള ഉപ്പ് , ശര്‍ക്കര എന്നിവ ചേര്‍ത്ത് ചെറുതീയില്‍ അടച്ചു വെച്ച് വേവിയ്ക്കുക.

മത്തങ്ങ നന്നായി വെന്തു വരുമ്പോള്‍ തിരുമ്മി വെച്ച തേങ്ങാ അതേപടി ചേര്‍ത്ത് സാവകാശം ഇളക്കുക.അല്പം നേരംകൂടെ ചെറുതീയില്‍ കിടന്ന് നന്നായി പാകമായി വരുമ്പോള്‍ മത്തങ്ങാ കരിമ്പ് ഉപ്കരി അടുപ്പില്‍ നിന്നും മാറ്റാം.