കേരള സ്‌കൂൾ ശാസ്ത്രമേളയിൽ ഇസ്ലാം മതവിശ്വാസത്തെ അടിസ്ഥാനമാക്കി പ്രദർശനം സംഘടിപ്പിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. സംസ്ഥാന സർക്കാറിനെയും സ്പീക്കർ എ.എൻ ഷംസീറിനെയുമെല്ലാം വിമർശിച്ചുകൊണ്ടാണ് പോസ്റ്റുകൾ. സർക്കാറിന്റെ മുസ്ലീം പ്രീണനത്തിന്റെ ഫലമാണിതെന്നും ഇസ്ലാം മതത്തിന്റെ പ്രചാരണത്തിനായി സ്‌കൂൾ ശാസ്ത്രമേളകളുടെ വേദികൾ ഉപയോഗിക്കുന്നു എന്നുൾപ്പടെയുള്ള രൂക്ഷവിമർശനങ്ങളോടെ ചിലർ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. 

To advertise here,
placeholder
പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

https://www.facebook.com/story.php?story_fbid=1137510864540562&id=100048449767851&rdid=XbNJCH1agmj5oFkl# 

എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോ സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ നിന്നുള്ളതല്ലെന്നും അന്വേഷണത്തിൽ സ്ഥിരീകരിച്ചു. 

അന്വേഷണം

പ്രചരിക്കുന്ന വീഡിയോ സൂക്ഷമമായി പരിശോധിച്ചതോടെ ചില സൂചനകൾ ലഭിച്ചു. വീഡിയോയിലെ വിദ്യാർത്ഥിനിയുടെ വേഷം മുഖം മറയിക്കുന്ന നിഖാബാണ്. ഇത് കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പൊതുവെ ഉപയോഗിക്കുന്ന യൂണിഫോമിന്റെ ഭാഗമല്ല. കൂടാതെ പശ്ചാത്തലത്തിൽ കാണുന്ന അറബിക് അക്ഷരമാലയെഴുതിയ ചാർട്ടും ഇത് സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിലെ ദൃശ്യങ്ങളല്ലെന്നതിന്റെ വ്യക്തമായ സൂചനയായി.

തുടർന്ന് കീവേഡുകൾ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിൽ തിരുവനന്തപുരം ബാലരാമപുരത്തെ ARR സ്‌കൂളിലെ പരിപാടിയുടേതാണ് വീഡിയോ എന്ന സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്‌കൂളിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 2025 ജനുവരി 28-ന് വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.

placeholder
എ.ആർ.ആർ സ്‌കൂളിൻറെ ഇൻസ്‌ററഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

https://www.instagram.com/p/DFYOZ4HyTBf/ 

സ്‌കൂളിൽ നടന്ന എക്‌സിബിഷൻ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിൽ സമാനമായ നിരവധി വീഡിയോകൾ കണ്ടെത്തി. മതപരമായതും അല്ലാത്തതുമായ പ്രദർശനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

ഇതോടെ ദൃശ്യങ്ങൾ സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിലേതല്ലെന്ന് വ്യക്തമായി. 2024 നവംബറിൽ ആലപ്പുഴയിൽ വച്ചായിരുന്നു സ്‌കൂൾ ശാസ്ത്രമേള്. 

placeholder
പി.ആർ.ഡി. സൈറ്റിൽ നിന്നുള്ള സ്‌ക്രീൻഷോട്ട്

https://prd.kerala.gov.in/ml/node/273471 

ഇതോടെ വീഡിയോ സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയുടേതാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. തുടർന്ന് സ്‌കൂളിനെക്കുറിച്ചും പ്രസ്തുത പരിപാടിയെക്കുറിച്ചും അന്വേഷിച്ചു. ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വളരെ പരിമിതമായ വിവരങ്ങൾ മാത്രമാണുള്ളത്. തുടർന്ന് പ്രാദേശികമായി നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ടൗൺ മുസ്ലിം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളാണിതെന്ന് കണ്ടെത്തി. ബാലരാമപുരം ടൗൺ മുസ്ലിം ജമാഅത്ത് സെക്രട്ടറി എം. ഹാജയുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:

''പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണിത്. ഇവിടെ വിവിധ ഭാഷാപ്രദർശനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അറബിക് ഭാഷാ പ്രദർശനത്തിൽനിന്നുള്ള വീഡിയോയാണ് ഇപ്പോൾ തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. സ്വകാര്യ സ്ഥാപനമായതിനാൽ തന്നെ മതവിദ്യാഭ്യാസവും സ്‌കൂൾ വിദ്യാഭ്യാസവും ഇവിടെ നൽകിവരുന്നുണ്ട്. ഇത്തരത്തിൽ നിരവധി സ്‌കൂളുകൾ കേരളത്തിലുണ്ട് സർക്കാറിന്റെ ശാസ്ത്രമേളയുടെ ഭാഗമായുള്ള വീഡിയോ എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്, ഇത് സ്‌കൂൾ നടത്തിയ പരിപാടിയാണ്.'

കൂടുതൽ വിവരങ്ങൾക്കായി സ്‌കൂൾ പ്രിൻസിപ്പാളിനെ ബന്ധപ്പെടാനും അദ്ദേഹം നിർദേശിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ജയരാജ് ജോസഫിന്റെ പ്രതികരണം:

''പ്രചാരണം ശ്രദ്ധയിൽപെട്ടിരുന്നു. സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ഇതൊരു അൺഎയ്ഡഡ് സ്‌കൂളാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ ഇവിടയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാനാവില്ല. സ്‌കൂളിൽ എല്ലാവർഷവും കലാ കായിക മേളകളും ശാസ്ത്ര-ഭാഷാ മേളകളുമെല്ലാം നടത്താറുണ്ട്. ഇത്തരത്തിൽ ജനുവരി 28-ന് നടന്ന ഭാഷാ മേളകളിലെ അറബിക് പ്രദർശനത്തിന്റെ ഭാഗമായ വീഡിയോയാണ് പ്രചരിക്കുന്നത്. മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള സ്വകാര്യ സ്ഥാപനമായതിനാൽ ഇവിടെ ഖുർആൻ പഠനം നൽകാറുണ്ട്. അറബിക് ഖുർആൻ പഠനവിഷയങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലെ ദൃശ്യങ്ങളാണത് ഇതേ ദിവസം തന്നെ സമാന്തരമായി മലയാളം, ഹിന്ദി തുടങ്ങിയ ഭാഷാമേളകളും നടന്നിരുന്നു. ഇതുമാത്രം എടുത്ത് മതസ്പർധ പടർത്തുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് വർഗീയ ലക്ഷ്യങ്ങളോടെയാവാം.

ഇതോടെ പ്രചരിക്കുന്ന ദൃശ്യം സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിലേതല്ലെന്നും ഒരു സ്വകാര്യ വിദ്യാലയത്തിലെ അറബി ഭാഷാമേളയിലേതാണെന്നും വ്യക്തമായി.

വാസ്തവം

സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ ഇസ്ലാം മതവിശ്വാസത്തെ അടിസ്ഥാനമാക്കി പ്രദർശനമൊരുക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രചരിക്കുന്ന വീഡിയോ തിരുവനന്തപുരം ബാലരാമപുരത്തെ ഒരു സ്വകാര്യ സ്‌കൂളിൽ നടന്ന ഭാഷാമേളയുടെ ഭാഗമായുള്ള അറബിക് ഭാഷാമേളയിലെ പ്രദർശനത്തിന്റേതാണ്. സമാനമായി മലയാളം ഹിന്ദി ഭാഷാമേളകളും ഇതേ ദിവസം സംഘടിപ്പിച്ചിരുന്നതായാണ് അധികൃതർ അറിയിച്ചത്.


(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)