ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി. മുൻ അധ്യക്ഷൻ വി.എം. സുധീരൻ രാഹുൽ ഗാന്ധിക്കെതിരെ പരാമർശം നടത്തിയെന്ന രീതിയിൽ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
''ഇത്തവണ കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിടും. വയനാട്ടിൽ രാഹുൽ ഗാന്ധിയടക്കം പരാജയപ്പെടും. പ്രകടന പത്രിക വെറും പ്രഹസനം മാത്രം, തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും, CAA എന്ന വാക്കുപോലും പ്രകടന പത്രികയിൽ ഇല്ല''. എന്നീ കാര്യങ്ങളാണ് വി.എം. സുധീരന്റെ ചിത്രത്തിനൊപ്പമുള്ള പോസ്റ്ററിൽ പറയുന്നത്.
ഈ പ്രചാരണം തീർത്തും തെറ്റാണ്. വി.എം. സുധീരൻ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. വിശദാംശങ്ങൾ ചുവടെ വായിക്കാം.
അന്വേഷണം
വൈറൽ സന്ദേശത്തിൽ ആരോപിക്കുന്നത് പോലെയുള്ള എന്തെങ്കിലും പ്രസ്താവനകൾ വി.എം. സുധീരൻ നടത്തിയിട്ടുണ്ടോ എന്നാണ് ആദ്യം അന്വേഷിച്ചത്. രാഹുൽ ഗാന്ധിക്കെതിരെ സുധീരൻ ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നെങ്കിൽ അത് വലിയ വാർത്തയാകേണ്ടതാണ്. എന്നാൽ അത്തരം വാർത്തകളൊന്നും ലഭ്യമായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 'സമൂഹ മാധ്യമങ്ങൾ വഴിയുള്ള കള്ളപ്രചാരണം; ഡി.ജി.പിക്ക് പരാതി നൽകി' എന്ന തലക്കെട്ടോടെ വീക്ഷണം ഓൺലൈൻ നൽകിയ വാർത്ത ലഭ്യമായി. വോട്ടർമാരുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ വി.എം. സുധീരന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരായി പരാതി നൽകി എന്നാണ് വാർത്തയിൽ പറയുന്നത്.
ലിങ്ക്:
https://veekshanam.com/false-propaganda-through-social-media-complaint-lodged-with-dgp-vm-sudheeran/
സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ ശരിയല്ലെന്ന് വി.എം. സുധീരനും തൻറെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 'കോൺഗ്രസ്സ് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും മഹത്തായ കോൺഗ്രസ് പ്രസ്ഥാനത്തിന് ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്നതിനും വ്യക്തിപരമായി എന്നെ തോജോവധം ചെയ്യുന്നതിനും വോട്ടർമാരുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് റെഡ് ആർമി എന്ന പേരിലും മറ്റ് പല പേരുകളിലുമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്'
ഈ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം വായിക്കാം:
https://www.facebook.com/kpcc.vmsudheeran/posts/pfbid0XGnKN6p8AYKsxFt8FdEkRnsVjdfKnTRnpDiwt9fEqpavbozwMYDvX2uXqxizvm4Fl
തുടർന്ന് വി.എം. സുധീരനുമായി ബന്ധപ്പെട്ടു. പ്രചാരണം ശ്രദ്ധയിൽപ്പെട്ടതായും തന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രസ്താവന ഉണ്ടായിട്ടില്ലെന്നും വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനായി ഡി.ജി.പിക്ക് പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
വാസ്തവം
ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നും രാഹുൽ ഗാന്ധി ഉൾപ്പടെ പരാജയപ്പെടുമെന്നും വി.എം. സുധീരൻ പറഞ്ഞു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്.
(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.
Content Highlights: The fact is that V.M. Sudheeran has not made such a statement against Rahul Gandhi, Fact Check
Published: 15 Apr 2024, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented