പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30പേർ കൊല്ലപ്പെട്ടതായും 60-ലേറെപ്പേർക്ക് പരിക്കേറ്റതായും ഉത്തർപ്രദേശ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തത്തിന് ശേഷവും കുംഭമേളയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് പേരാണ് ഉത്തർപ്രദേശിലെത്തുന്നത്. അതിനിടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ പേരിൽ പോലീസ് ഭക്തരെ മർദ്ദിക്കുന്ന ദൃശ്യം എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. റോഡിൽ വെച്ച് ഒരാളെ പോലീസുകാരൻ ലാത്തി കൊണ്ട് അടിക്കുന്നത് വീഡിയോയിൽ കാണാം. സ്ത്രീകളെ ഉൾപ്പെടെ പോലീസ് ലാത്തികൊണ്ട് അടിക്കുന്നുണ്ട്. പോലീസ് തങ്ങളെ സഹായിക്കുന്നതിന് പകരം മർദ്ദിക്കുകയാണെന്ന് വീഡിയോയുടെ അവസാനം ഒരു സ്ത്രീ പറയുന്നുണ്ട്.

To advertise here,

'മഹാകുംഭംമേള, പ്രയാഗ്രാജ്, അരാജകത്വം എന്നിവയ്‌ക്കൊപ്പം യോഗിപോലീസ് ഗുണ്ടായിസവും അത് ഈ സ്ഥലത്തിന്റെ ഏക ഐഡന്റിറ്റിയാണ്...
കാണാതായ ബന്ധുക്കളെ അന്വേഷിക്കുന്ന ഭക്തരെ യോഗി പോലീസ് അതിക്രൂരമായി മർദ്ദിക്കുന്നു...

placeholder
പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

https://www.facebook.com/Cheriyakoloth/videos/1457169531909191/ 

എന്നാൽ, ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജാർഖണ്ഡിലെ ധർബാദിൽ നിന്നുള്ള വീഡിയോയാണിത്

അന്വേഷണം

വീഡിയോയുടെ കീ ഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ജാർഖണ്ഡിൽ നിന്നുള്ള ബിജെപി രാജ്യസഭാ എംപി ദീപക് പ്രകാശ് ഒരു എക്സ് പോസ്റ്റിൽ സമാനമായ ദൃശ്യം പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ''ജാർഖണ്ഡിൽ നിങ്ങൾ നീതി ആവശ്യപ്പെടുമ്പോൾ നിങ്ങൾക്ക് എന്ത് കിട്ടുമെന്ന് നോക്കൂ!'' എന്നുള്ള വിവരണത്തോടെയാണ് 2025 ജനുവരി രണ്ടിന് ദീപക് പ്രകാശ് എക്സ് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. 

പ്രയാഗ്ര്‌രാജിലെ മഹാകുംഭമേള ജനുവരി 13-നാണ് ആരംഭിച്ചത്. വീഡിയോയിലുള്ള സംഭവം കുംഭമേള ആരംഭിക്കുന്നതിന് മുൻപുള്ളതാണെന്ന് ഇതിൽനിന്ന് വ്യക്തമായി. ദീപക് പ്രകാശ് എംപിയുടെ എക്സ് പോസ്റ്റ് ചുവടെ കാണാം.

 

'ബിർസ ഭാരത് 24' എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ധൻബാദിൽ രവി റായിയുടെ കൊലപാതകത്തിന് ശേഷം നീതി ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയതായാണ് പോസ്റ്റിൽ പറയുന്നത്. 

പിന്നീട് നടത്തിയ കീവേഡ് സെർച്ചിലൂടെ ഈ കേസുമായി ബന്ധപ്പെട്ട വാർത്തകളും കണ്ടെത്തി. ജനുവരി ഒന്നിന് ഇടിവി ഭാരത് പങ്കുവച്ച റിപ്പോർട്ട് അനുസരിച്ച്, ധൻബാദിലെ ബാങ്ക് മോർ പോലീസ് സ്റ്റേഷൻ പരിധിയിലെ വികാസ് നഗർ സ്വദേശിയായ രവികുമാർ റായി എന്ന യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തി. രവിയെ കൊലപ്പെടുത്തിയതാണെന്ന് യുവാവിന്റെ വീട്ടുകാർ ആരോപിച്ചു. മൃതദേഹം കണ്ടെടുത്തതിന് ശേഷം പ്രകോപിതരായ ബന്ധുക്കളും നാട്ടുകാരും ബാങ്ക് മോർ പൊലീസ് സ്റ്റേഷന് സമീപം പ്രതിഷേധിച്ചു. ടയറുകൾ കത്തിച്ച് തീയിട്ടതോടെ പ്രകടനത്തിൽ പങ്കെടുത്ത ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയെന്നാണ് വാർത്തയിൽ പറയുന്നത്. രവി കുമാറിന്റെ കൊലപാതകത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെട്ട ആകാശ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

placeholder
ഇ.ടി.വി ഭാരത് പ്രസിദ്ധീകിരച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട്

https://www.etvbharat.com/hi/!state/ruckus-after-death-of-youth-in-dhanbad-jharkhand-news-jhs25010103129 

കൊല്ലപ്പെട്ട രവിയും ആകാശും തമ്മിൽ തർക്കമുണ്ടായിരുന്നതായി പ്രഭാത് ഖബറിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. തർക്കം സംഘർഷത്തിലേക്ക് നീങ്ങിയപ്പോഴാണ് രവി ഓടയിൽ വീണത്. ഓടയിൽ വീണ രവിയുടെ തല വെള്ളത്തിൽ മുക്കിയാണ് ആകാശ് കൊലപ്പെടുത്തിയതെന്നാണ് വാർത്തകളിൽ പറയുന്നത്. ലൈവ് ഹിന്ദുസ്ഥാനും, ടൈംസ് നൗവും ഇതു സംബന്ധിച്ച് വാർത്തകൾ നൽകിയിരുന്നു. 

placeholder
പ്രഭാത് ഖബർ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട്

https://www.prabhatkhabar.com/state/jharkhand/dhanbad/dhanbad-crime-youth-murdered-over-trivial-issue-commotion-in-front-of-police-station-police-lathicharged 

ലഭ്യമായ വിവരങ്ങളിൽനിന്ന് വൈറൽ വീഡിയോ മഹാകുംഭമേളയിൽ നിന്നുള്ളതല്ലെന്നും ജനുവരി രണ്ടിന് ജാർഖണ്ഡിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ ലാത്തിചാർജാണെന്നും വ്യക്തമായി. 

വാസ്തവം

വൈറൽ വീഡിയോ മഹാകുംഭമേളയിൽ നിന്നുള്ളതല്ല. 2025 ജനുവരി രണ്ടിന് ജാർഖണ്ഡിലെ ബാങ്ക് മോർ പോലീസ് സ്റ്റേഷന് സമീപം നടന്ന പ്രതിഷേധത്തിനിടെയുണ്ടായ ലാത്തി ചാർജിന്റെ ദൃശ്യമാണിത്. 

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)