വയനാട്ടിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവവുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമമായ എക്സിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്. ഈ ക്രൂരകൃത്യത്തിന് പിന്നിൽ മുഹമ്മദ് റിയാസ് എന്ന ഇസ്ലാംമത വിശ്വാസിയായതിനാൽ മുഖ്യാധാരാ മാധ്യമങ്ങൾ ഉൾപ്പടെ വിഷയത്തിൽ നിശബ്ദത പാലിക്കുകയാണ് എന്നാണ് വാദം. സ്വന്തം മണ്ഡലത്തിൽ നടന്ന ഈ സംഭവത്തിൽ പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചില്ല എന്നും പോസ്റ്റിൽ ആരോപിക്കുന്നുണ്ട്.

https://x.com/CeoVoice_/status/1869026922770190785?t=dixOx4toM-YJS0ti01QUMQ
ഒരു യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മാതൃഭൂമി ഉൾപ്പടെയുള്ള മാധ്യമങ്ങളെല്ലാം തന്നെ ഈ സംഭവം ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഈ സംഭവത്തിൽ ഉൾപ്പെട്ടത് മുസ്ലീം മതവിശ്വാസി മാത്രമാണെന്ന വദം തെറ്റാണ്. അറസ്റ്റിലായവരിൽ ഹിന്ദു, മുസ്ലീം വിഭാഗങ്ങളിൽ പെടുന്നവരുണ്ട്.

https://www.mathrubhumi.com/news/kerala/tribal-youth-was-attacked-in-wayanad-1.10169438
ഇക്കഴിഞ്ഞ ഡിസംബർ 16-നാണ് മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രചരിക്കുന്ന വീഡിയോയും അതിൽനിന്നുള്ള സ്ക്രീൻഷോട്ടുകളും റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്. ഡിസംബർ 15 ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട ചെമ്മാട് സ്വദേശി മാതൻ എന്ന 49-കാരനാണ് അക്രമത്തിന് ഇരയായത്. അക്രമികൾ സഞ്ചരിച്ച കാറിന്റെ ഡോറിൽ കൈ കുടുക്കി അര കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടതിനെ തുടർന്ന് മാതന്റെ കൈകാലുകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മാതൻ.

https://tv.mathrubhumi.com/news/crime/2-arrested-in-wayanad-tribal-man-attack-case-1.171640
കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശികളായ അഭിരാം കെ. സുജിത്ത് (23), മുഹമ്മദ് അർഷിദ് (25) എന്നിവരാണ് കേസിൽ ആദ്യം പിടിയിലായത്. പിന്നീട് ഡിസംബർ 18-ന് മറ്റ് രണ്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പനമരം സ്വദേശികളായ താഴെപുനത്തിൽ വീട്ടിൽ പി. നബീൽ കമർ(25), കുന്നുമ്മൽ വീട്ടിൽ വിഷ്ണു എന്നിവർക്കായായിട്ടായിരുന്നു ലുക്കൗട്ട് നോട്ടീസ്. പിന്നീട് ഇരുവരെയും കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തു. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതി പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
മാതനെ ആക്രമിച്ചതിന് പിന്നിൽ ഇസ്ലാം മതവിശ്വാസിയായ മുഹമ്മദ് റിയാസ് ആണെന്നും മുഖ്യാധാരാ മാധ്യമങ്ങൾ വിഷയത്തിൽ നിശബ്ദത പാലിക്കുകയാണ് എന്ന വാദത്തോടെയുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സംഭവത്തിൽ അറസ്റ്റിലായവർ ഹിന്ദു, മുസ്ലീം മതവിഭാഗങ്ങളിൽപ്പെടുന്നവരാണ്. ഈ സംഭവം മാധ്യമങ്ങളെല്ലാം ഏറെ പ്രധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല, വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടിട്ടുണ്ട്.
(ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ്മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: Visuals of a tribal man being dragged along the road in Wayanad had gone viral on social media
Published: 23 Dec 2024, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented