ഗതാഗത നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കുമെന്ന തരത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2025 മാർച്ച് ഒന്ന് മുതൽ ഇത് നടപ്പാക്കിയെന്നാണ് പ്രചരിക്കുന്ന സന്ദേശത്തിലെ അവകാശവാദം. ട്രാഫിക് നിയമലംഘനങ്ങളുടെ പഴയതും പുതുക്കിയതുമായ നിരക്കുകൾ അടങ്ങിയ ഒരു ലിസ്റ്റ് ഉൾപ്പടെയാണിത്. ഇതിലെ വാസ്തവം അന്വേഷിച്ച് ഒട്ടേറെ പേർ മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടു. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തി.

പ്രചരിക്കുന്ന ലിസ്റ്റിലെ വിവരം അനുസരിച്ച്, മദ്യപിച്ച് വാഹനം ഓടിച്ചാൽ നേരത്തെ 1,000 മുതൽ 1,500 രൂപ വരെയായിരുന്നു പിഴ. എന്നാൽ പുതിയ നിരക്ക് അനുസരിച്ച് 10,000 രൂപ പിഴയും ആറുമാസം തടവും ലഭിക്കും നിയമലംഘനം ആവർത്തിച്ചാൽ പിഴ 15,000 രൂപയും രണ്ട് വർഷം തടവുമാണ്. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ നേരത്തെ 100 രൂപയായിരുന്നു പിഴയെങ്കിൽ ഇപ്പോഴത് 1,000 രൂപയാണ്. കൂടാതെ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ 5,000 രൂപയായിരുന്നു ഫൈനെങ്കിൽ നിലവിൽ 25,000 രൂപ പിഴയും മൂന്ന് വർഷം തടവുശിക്ഷയും തുടങ്ങി ഏതാനും നിയമലംഘനങ്ങളുടെയും വിവരങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത്.
കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരമാണ് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ അവസാനമായി മാറ്റം വരുത്തിയത് 2019-ലാണ് (കേന്ദ്ര മോട്ടോർ വാഹന (ഭേദഗതി)നിയമം 2019 പ്രകാരം). 2019 ഓഗസറ്റിൽ നിലവിൽ വന്ന നിയമഭേദഗതിയുടെ ഗസറ്റ് വിജ്ഞാപനം ചുവടെ ചേർക്കുന്നു. മാത്രമല്ല, 2025 മാർച്ച് മുതൽ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പുതുക്കിയ പിഴ ഇടാക്കുമെന്ന പ്രചാരണം തെറ്റാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

പ്രചരിക്കുന്ന സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന ചില വിവരങ്ങൾ 2019-ലെ ഭേദഗതിയിലേതിന് സമാനമാണ്. മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപയാണ് പിഴ. നിയമലംഘനം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ 15,000 രൂപ പിഴയായി നൽകേണ്ടി വരും (നേരത്തെ ഇത് 2,000 രൂപയായിരുന്നു). ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5,000 രൂപയാണ് പിഴ. അപകടകരമായ ഡ്രൈവിങ്ങിന് സന്ദേശത്തിൽ പറയുന്നതുപോലെ 5,000 രൂപ തന്നെയാണ് പിഴ. സീറ്റ് ബെൽറ്റ് ഇടാത്തതിന് ചുമത്തുന്ന ഫൈൻ വിവരവും ശരിയാണ്.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പിഴ 5,000 രൂപയാണ് എന്നാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ മോട്ടോർ വാഹന ഭേദഗതി നിയമ പ്രകാരം ഇതിന് ആദ്യം ചുമത്തുക 2,000 രൂപയും നിയമ ലംഘനം ആവർത്തിച്ചാൽ മാത്രം 5,000 രൂപയുമാണ്. എമർജൻസി വാഹനങ്ങളുടെ വഴി തടഞ്ഞാൽ 10,000 രൂപയാണ് ഫൈനെന്നും നേരത്തെ ഇത് 1000 രൂപയായിരുന്നു എന്നും സന്ദേശത്തിലുണ്ട്. 2019 നിയമ ഭേദഗതിയിലൂടെയാണ് ആദ്യമായി ഇത്തരം കുറ്റങ്ങൾക്ക് പിഴ കൊണ്ടുവരുന്നത്. 10,000 രൂപയായാണ് ഇതിന് ചുമത്തുക.
സമാനമായി പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ നേരത്തെ 5,000 രൂപയായിരുന്നു ഫൈനെങ്കിൽ നിലവിൽ 25,000 രൂപ പിഴയും മൂന്ന് വർഷം തടവുമാണ് ശിക്ഷയെന്ന് പ്രചരിക്കുന്ന പോസ്റ്റിലുള്ളത്. ഇതും 2019 ഭേദഗതിയിലൂടെയാണ് മോട്ടോർ വാഹന നിയമത്തിൽ ഉൾപ്പെടുത്തിയത്. രക്ഷിതാവ് / വാഹന ഉടമയെ കുറ്റക്കാരനായി കണക്കാക്കും. 25,000 രൂപ പിഴയും 3 വർഷം തടവുമാണ് ശിക്ഷ. ജുവനൈൽ പ്രതി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണയും നേരിടണം. മോട്ടോർ വാഹന രജിസ്ട്രേഷനും റദ്ദാക്കുമെന്നും മോട്ടോർ വെഹിക്കിൾ ഭേദഗതി നിയമത്തിൽ പറയുന്നുണ്ട്
https://upati.gov.in/MediaGallery/SM_2022_23_86.pdf
അതേസമയം, വാഹന ഉപയോക്താക്കളുടെ എതിർപ്പ് കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ഫൈൻ നിരക്കുകൾ പുന:പരിശോധിക്കുകയും സർക്കാരിന് കുറയ്ക്കാൻ സാധിക്കുന്ന പിഴത്തുകകളിൽ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. 2019 നവംബർ എട്ടിന്, അന്നത്തെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രൻ നിയമസഭയിൽ നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മോട്ടോർ വാഹന നിയമത്തിലെ 200-ാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം വിനിയോഗിച്ചാണ് കേന്ദ്രം നിഷ്ക്കർഷിച്ചിരിക്കുന്ന നിരക്കിൽ കുറവ് വരുത്തിയത് എന്നാണ് മന്ത്രി സഭയിൽ പറഞ്ഞത്.

http://www.niyamasabha.org/codes/14kla/session_16/ans/u03546-081119-829000000000-16-14.pdf
മോട്ടോർ വാഹന ഭേദഗതി നിയമപ്രകാരം ഏർപ്പെടുത്തിയ ഉയർന്ന പിഴ കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല നിലപാടാണ് 2020 ജനുവരി ഏഴിന് കേന്ദ്രം ആദ്യം കൈക്കൊണ്ടത്. കുറഞ്ഞ പിഴകൾ ഈടാക്കുമെന്ന് സംസ്ഥാനങ്ങൾ അറിയിച്ചതിനെ തുടർന്ന് ഗാതാഗത മന്ത്രാലയം നിയമ മന്ത്രാലയത്തിൽ നിന്ന് അഭിപ്രായം തേടുകയും, തുടർന്ന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഉയർന്ന പിഴ ഈടാക്കുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തെഴുതുകയും സംസ്ഥാനത്തിന്റെ ആവശ്യം അദ്ദേഹം അംഗീകരിക്കുകയും ചെയ്തു.
സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, അമിത വേഗത, അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ, ആംബുലൻസ് അഗ്നിശമന സേനാ വാഹനങ്ങളുടെ വഴിമുടക്കിയാൽ തുടങ്ങി ഏതാനും നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് സംസ്ഥാന സർക്കാർ കുറവ് വരുത്തിയത്. സംസ്ഥാന സർക്കാർ കുറച്ച പിഴത്തുകകളെ സംബന്ധിച്ച് അറിയാനായി വായിക്കാം -
https://prdlive.kerala.gov.in/news/62757


https://www.facebook.com/keralapolice/photos/p.2472847739477367/2472847739477367/?type=3
ഗതാഗത നിയമലംഘനങ്ങൾക്കായി നിശ്ചയിച്ച പിഴയിൽ അവസാനമായി മാറ്റം വരുത്തിയത് 2019-ലാണ് (കേന്ദ്ര മോട്ടോർ വാഹന (ഭേദഗതി)നിയമ പ്രകാരം). ഉയർന്ന പിഴ ഈടാക്കുന്നതിനെതിരായി പൊതുജനങ്ങളിൽ നിന്ന് ഉയർന്ന എതിർപ്പ് പരിഗണിച്ച് സംസ്ഥാന സർക്കാർ കുറയ്ക്കാൻ സാധിക്കുന്ന പിഴത്തുകകളിൽ കുറവ് വരുത്തിയിരുന്നു. ഇതിൽനിന്നു ഗാതാഗത നിയമലംഘനങ്ങൾക്ക് 2025 മാർച്ച് മുതൽ ഉയർന്ന പിഴ ഈടാക്കി തുടങ്ങുമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Content Highlights: This includes a list of old and revised rates for traffic violations
Published: 14 Mar 2025, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented