മൂന്ന് യുവാക്കളെ ക്രൂരമായി മർദ്ദിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉത്തരേന്ത്യയിൽ നടന്ന സംഭവമാണെന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം -
''തൊഴിലാളി എന്നൊക്കെ പറഞ്ഞാൽ ദാ അങ് സനാതന ഉത്തരേന്ത്യയിൽ... എന്നാ സൊഗവാന്നോ വർണ്ണ വ്യവസ്ഥിതിയിൽ അധിഷ്ഠിതമായ തൊഴിലും അതൊഴിലാളിയും തൊഴിലുടമയും..'

https://www.facebook.com/sooraj.thillankeri/videos/1013818313915726
ആർക്കൈവ് ലിങ്ക് - https://mvau.lt/media/0588e560-6a14-4b39-90f5-33cd46956691
അന്വേഷണം
വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ആളുകൾ ചില കന്നഡ വാക്കുകൾ പറയുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതിൽനിന്നു വീഡിയോ കർണാടകയിൽ നിന്നുള്ളതായിരിക്കാമെന്ന സൂചന ലഭിച്ചു. തുടർന്ന് നടത്തിയ റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ സമാന വീഡിയോ ഉൾപ്പെടുന്ന വാർത്ത പവർ ടിവി ന്യൂസ് എന്ന യൂട്യൂബ് ചാനൽ പങ്കുവച്ചിരിക്കുന്നതായി കണ്ടെത്തി. 'വിജയപുര സംഭവം: തൊഴിലാളികളെ ആക്രമിക്കുന്നതിന്റെ മറ്റൊരു വീഡിയോ വൈറലാകുന്നു' എന്ന കന്നഡ ഭാഷയിലുള്ള തലക്കെട്ടോടെയാണ് 2025 ജനുവരി 22-ന് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിജയപുരയിൽ തൊഴിലാളികളെ മർദ്ദിച്ച സംഭവത്തിന്റെ പുതിയ വീഡിയോ പുറത്തു വന്നതായും സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് നടത്തിയ കീവേഡ് സെർച്ചിലൂടെ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ ലഭ്യമായി. ഇന്ത്യാ ടുഡേ 2025 ജനുവരി 20-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഇഷ്ടികക്കളത്തിലെ തൊഴിലാളികളാണ് മർദ്ദനത്തിന് ഇരയായത്. ഇഷ്ടികക്കളത്തിന്റെ ഉടമയും കൂട്ടാളികളുമാണ് തൊഴിലാളികളെ മർദ്ദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. വിജയപുരയിലെ ഗാന്ധി നഗർ എന്ന പ്രദേശത്തുള്ള സിന്ദ്ഗി റോഡിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജാംഖണ്ഡി താലൂക്കിലെ ചിക്കലക്കി ഗ്രാമത്തിൽ നിന്നുള്ള സദാശിവ മദാർ, സദാശിവ ബബലാഡി, ഉമേഷ് മദാർ എന്നീ മൂന്ന് തൊഴിലാളികളാണ് മർദ്ദനത്തിന് ഇരയായത്. ഇഷ്ടികക്കളത്തിന്റെ ഉടമ ഖേമു റാത്തോഡും കൂട്ടാളികളും ചേർന്നാണ് ഇവരെ മർദ്ദിച്ചത്.

ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ജനുവരി 16-നാണ് ഈ സംഭവം നടന്നതെന്ന് പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബരാഗി പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികൾ രാജിവയ്ക്കാൻ പോകുന്നതായി അറിഞ്ഞപ്പോഴാണ് ഫാക്ടറി ഉടമയും കൂട്ടാളികളും പിവിസി പൈപ്പുകളും വടികളും ഉപയോഗിച്ച് തൊഴിലാളികളെ മൂന്ന് ദിവസം മർദ്ദിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
കൂടാതെ തൊഴിലാളികളെ മർദ്ദിച്ചതിന് ഇഷ്ടികക്കളത്തിന്റെ ഉടമയെയും നാല് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മകരസംക്രാന്തി ഉത്സവം കഴിഞ്ഞ് വൈകി തിരിച്ചെത്തിയതോടെയാണ് ഇഷ്ടിക കളത്തിന്റെ ഉടമയും തൊഴിലാളികളും തമ്മിൽ പ്രശ്‌നമുണ്ടായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലഭ്യമായ വിവരങ്ങളിൽനിന്ന് ഉത്തരേന്ത്യയിൽ തൊഴിലുടമ തൊഴിലാളികളെ മർദ്ദിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ കർണാടകയിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.
വാസ്തവം
പ്രചരിക്കുന്ന വീഡിയോ ഉത്തരേന്ത്യയിൽ നിന്നുള്ളതല്ല. കർണാടകയിലെ വിജയപുരയിലുള്ള ഇഷ്ടികക്കളത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: The video is being circulated claiming that it was an incident that took place in North India
Published: 29 Jan 2025, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented