ഇന്ത്യ തപാൽ വകുപ്പിന്റെ പേരിൽ ഒരു വ്യാജസന്ദേശം അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. നിങ്ങൾക്കായി ഒരു പാക്കേജ് എത്തിയിട്ടുണ്ടെന്നും അഡ്രസ്സ് സമ്പൂർണമല്ലാത്തതിനാൽ ഇത് അയക്കാനാകാത്ത സാഹചര്യമാണുള്ളത് എന്നുമാണ് സന്ദേശത്തിൽ പറയുന്നത്. പാഴ്‌സൽ ലഭിക്കുന്നതിനായി 12 മണിക്കൂറിനകം സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ കയറി വിവരങ്ങൾ നൽകണം എന്നും ഇതിൽ നിർദേശിക്കുന്നുണ്ട്. 

To advertise here,

വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട് തപാൽ വകുപ്പ് ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കാറില്ല. പ്രചരിക്കുന്ന സന്ദേശത്തിൽ നൽകിയിരിക്കുന്ന http://iydc[.]in/u/5c0c5939f എന്ന ലിങ്കിന് ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റുമായി ബന്ധവുമില്ല.  iydc.in എന്ന ഡൊമെയിൻ പരിശോധിച്ചതിൽനിന്നു 2024 ഏപ്രിൽ അഞ്ചിന് ഒരു വർഷത്തേക്കാണ് ഇത് രജിസ്റ്റർ ചെയ്തതെന്ന് വ്യക്തമായി.

വിശദമായ പരിശോധനയിൽ സമാനമായ സന്ദേശം മുൻവർഷം അമേരിക്കയിലും പ്രചരിച്ചതായി കണ്ടെത്തി. യുണൈറ്റഡ് സ്റ്റേറ്റ് പോസ്റ്റൽ സർവ്വീസിന്റെ (യു.എസ്.പി.എസ്.) പേരിൽ 2023 നവംബറിലായിരുന്നു സന്ദേശം പ്രചരിച്ചത്. മാൽവേർ ടിപ്‌സ് എന്ന സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട് ഒരു ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

placeholder
യു.എസിൽ പ്രചരിച്ച വ്യാജ സന്ദേശം
placeholder
മാൽവേർ ടിപ്‌സിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്‌ക്രീൻഷോട്ട്

കേന്ദ്ര സർക്കാറിന്റെ ഫാക്ട് ചെക്ക് വിഭാമായ പി.ഐ.ബി. ഫാക്ട് ചെക്ക് പ്രചരിക്കുന്ന സന്ദേശം വ്യാജാണെന്ന് ഔദ്യോഗിക എക്‌സ് (നേരത്തെ ട്വിറ്റർ) അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു . മാത്രമല്ല, ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക എക്‌സ് ഹാന്റിലിലും ഇത് റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 

വ്യക്തിവിവരങ്ങളും മറ്റും ആവശ്യപ്പെടുന്ന ഇത്തരം സന്ദേശങ്ങൾ അവഗണിക്കുക. ഇവയ്ക്കൊപ്പം നൽകിയിരിക്കുന്ന ലിങ്കുകൾ പലപ്പോഴും ഫിഷിങ് ലിങ്കുകളാകാറുണ്ട്. ഇവയിൽ ക്ലിക്ക് ചെയ്താൽ വ്യക്തി വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.