ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകാതെ ബി.ജെ.പി. ഘടക കക്ഷികളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിക്കുന്നത്. ഞായറാഴ്ച രാത്രി 7.15-ന് രാഷ്ട്രപതി ഭവനിൽ വച്ച് മോദി സത്രപ്രതിജ്ഞ ചെയ്യും. ഇതിനിടെ ആന്ധ്രപ്രദേശിലെ തെലുങ്കുദേശം പാർട്ടി (ടി.ഡി.പി.) അധ്യക്ഷൻ ചന്ദ്രബാബു നായിഡു മോദിക്ക് പിന്തുണ നൽകിയതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം എന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. ''മോദിക്ക് പിന്തുണ കൊടുത്തതിന്റെ പേരിൽ ആന്ധ്രയിൽ ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്നു. മോദിക്ക് പിന്തുണ കൊടുക്കാനല്ല ഞങ്ങൾ വോട്ട് ചെയ്തത്,'' എന്നാണ് പ്രചരിക്കുന്ന പോസ്റ്റിലെ വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം. ഇതിലെ വാസ്തവം പരിശോധിക്കാം.

അന്വേഷണം
പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ (റിവേഴ്സ് ഇമേജ് സെർച്ച്) സജ്ജല ഭാർഗവ റെഡ്ഡി എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ ഇതേ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 2024മാർച്ച് 29-ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നൽകിയിരിക്കുന്ന വിവരണം ''ഗുണ്ടക്കൽ ടിഡിപിയിലെ തീ'' (തെലുങ്കിൽ നിന്ന് ഗൂഗിൾ വഴി വിവർത്തനം ചെയ്തത്) എന്നാണ്.
https://www.facebook.com/SajjalaBhargava/videos/3769575749953493/

ലഭ്യമായ സൂചനകൾ ഉപയോഗിച്ച് ''ഗുണ്ടകൽ,'' ''ചന്ദ്രബാബു നായിഡു ഫോട്ടോ'', ''ഫയർ'' എന്നിങ്ങനെ കീവേർഡ് സർച്ച് ചെയ്തതു. ഇതിൽനിന്നു സമയം തെലുങ്ക് എന്ന മാധ്യമത്തിന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത ഒരു വീഡിയോ ലഭിച്ചു. 2024 മാർച്ച് 29-ന് പ്രസിദ്ധീകരിച്ച വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട് ഗുണ്ടക്കൽ ടി.ഡി.പിയിലെ നേതാക്കൾ ചന്ദ്രബാബു നായിഡുവിന്റെ ചിത്രം കത്തിച്ചു എന്നാണ്. ഈ വീഡിയോയുടെ ആദ്യഭാഗത്ത് ഇപ്പോൾ വൈറലായ ദൃശ്യങ്ങളാണ് നൽകിയിരിക്കുന്നത്. ''ഗുണ്ടക്കലിൽ ടി.ഡി.പി. പ്രവർത്തകർ ചന്ദ്രബാബു നായിഡുവിന്റെ ചിത്രം കത്തിക്കുകയും ഗുമ്മനൂർ ജയറാമിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു,'' എന്നാണ് യൂട്യൂബിൽ ഇതിന് നൽകിയിരിക്കുന്ന വിവരണം.

ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് മാർച്ച് 30-ന് പ്രസിദ്ധീകരിച്ചൊരു വാർത്തയിൽ വൈറൽ ദൃശ്യങ്ങളിൽ നിന്നുള്ള സ്ക്രീൻ ഷോട്ട് നൽകിയിട്ടുണ്ട്. ടി.ഡി.പി. ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകർക്കിടയിൽ ഉടലെടുത്ത പ്രശ്നങ്ങളെ സംബന്ധിച്ചാണ് വാർത്ത. ഗുണ്ടക്കലിൽ ഗുമ്മന്നൂർ ജയറാമിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ജിതേന്ദർ ഗൗഡയുടെ അനുയായികളാണ് അക്രമം അഴിച്ചുവിട്ടതെന്നും അടുത്തിടെ ടി.ഡി.പിയിൽ ചേർന്ന ജയറാമിൽനിന്ന് 30 കോടി രൂപ വാങ്ങിയ ശേഷമാണ് സീറ്റ് അനുവദിച്ചതെന്നും ഇവർ ആരോപിച്ചതായി വാർത്തയിലുണ്ട്

ദി ഹിന്ദുവും ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട് - https://www.thehindu.com/news/national/andhra-pradesh/tdp-offices-ransacked-in-anantapur-and-guntakal/article68006744.ece
പ്രസ്തുത സംഭവം നടന്ന സ്ഥലവും ഗൂഗിൾ മാപ്പിൻറെ സഹായത്തോടെ കണ്ടെത്തി -

വൈ.എസ്.ആർ.സി.പി. സർക്കാരിൽ മന്ത്രിയായിരുന്ന ഗുമ്മനൂർ ജയറാം ഈ വർഷം മാർച്ചിലാണ് ടി.ഡി.പിയിൽ ചേർന്നത്. ഇക്കഴിഞ്ഞ ആന്ധ്രാ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ഗുണ്ടക്കൽ നിയമസഭാ സീറ്റിൽനിന്നു വിജയിച്ചിരുന്നു. വൈ.എസ്.ആർ.സി.പി. സ്ഥാനാർത്ഥിയെ 6,826 വോട്ടുകൾക്കാണ് ജയറാം പരാജയപ്പെടുത്തിയത്.
https://results.eci.gov.in/AcResultGenJune2024/candidateswise-S01150.htm
വാസ്തവം
ഇക്കഴിഞ്ഞ ആന്ധ്രാ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.ഡി.പി. ഗുണ്ടക്കൽ സീറ്റ് ഗുമ്മന്നൂർ ജയറാമിന് നൽകിയതിനെതിരെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മാർച്ചിൽ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായി പ്രചരിപ്പിക്കുന്നത്.
(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: Widespread protests in the state against Naidu's support to Modi is false
Published: 08 Jun 2024, 06:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented