ക്ലാസ് മുറിയിലിരുന്ന് ബിയർ കഴിക്കുന്ന പെൺകുട്ടികളുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കേരളത്തിലെ സ്‌കൂളിൽനിന്നുള്ള ദൃശ്യമെന്ന രീതിയിലാണ് പ്രചാരണം. കേരളത്തിൽ പുതിയ മദ്യനിർമാണശാല തുടങ്ങുമെന്ന സർക്കാർ പ്രഖ്യാപനവുമായി ബന്ധപ്പെടുത്തിയാണ് വീഡിയോ ഷെയർ ചെയ്യുന്നത്. 
'പുരോഗമനം                                                                                                          
ഞങ്ങൾ തുറക്കുന്നത് ബാറുകൾ അല്ല ???? മദ്യനിർമ്മാണശാലകൾ ആണ്
#no1_keralam #LDFGovernmetn ' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

To advertise here,

എന്നാൽ, പ്രചരിക്കുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2019 മുതൽ പ്രചരിക്കുന്ന ഈ വീഡിയോ തമിഴ്നാട്ടിലെ ഒരു കോളേജിൽ നിന്നുള്ളതാണ്.

അന്വേഷണം

വൈറൽ വീഡിയോയിൽ ബിയർ കുടിക്കുന്ന പെൺകുട്ടികൾക്ക് പിന്നിലായി ഡാൻസിനായി വേഷം ധരിച്ച കുട്ടികൾ നടന്നുപോകുന്നത് കാണാം. ഇതിൽനിന്ന് കലോത്സവം പോലെ ഏതെങ്കിലും പരിപാടി നടക്കുന്ന അവസരത്തിൽ പകർത്തിയ ദൃശ്യമായിരിക്കാം എന്ന സൂചന ലഭിച്ചു. തുടർന്ന് വീഡിയോയുടെ കീഫ്രെയ്മുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തു. 2023-ൽ ആജ്തക് സമാനമായ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. എന്നാൽ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് ആജ്തക്കിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. 

https://www.aajtak.in/visualstories/trending/school-girls-drinking-beer-viral-video-people-shocked-students-drink-watch-tstsh-67215-03-10-2023 

തുടർന്നുള്ള പരിശോധനയിൽ 2019 ജൂലൈ 11-ന് Truewud എന്ന ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ പെൺകുട്ടികളുടെ സംസാരം വ്യക്തമാണ്. ഇതിൽനിന്ന് തമിഴ് ഭാഷയാണ് പെൺകുട്ടികൾ സംസാരിക്കുന്നതെന്ന് മനസിലാക്കാനായി. എന്നാൽ വീഡിയോയുടെ ലൊക്കേഷനെക്കുറിച്ചുള്ള സൂചന ഇതിൽ ഇല്ല. 
 
പിന്നീട് തമിഴ് ഭാഷയിൽ കീവേർഡ് സെർച്ച് ചെയ്തതിൽനിന്നു 2019 ഏപ്രിൽ മൂന്നിന് തമിഴൻ മീഡിയ എന്ന ഓൺലൈൻ മാധ്യമത്തിൽ സമാനമായ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഈ വാർത്തയുടെ വിവരണത്തിൽ പറയുന്നത് നെല്ലായിയിലെ ഒരു കോളേജിൽനിന്നുള്ള സംഭവമെന്നാണ്. വാർത്ത വിശദമായി പരിശോധിച്ചപ്പോൾ നെല്ലായി ദക്ഷിണ മാര നാടാർ സംഘം കോളേജിൽ വാർഷികാഘോഷത്തിനിടെയാണ് ഒരു സംഘം വിദ്യാർഥിനികൾ ബിയർ കഴിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. വീഡിയോയുടെ പൂർണ്ണരൂപം ചുവടെ കാണാം. 

 

വീഡിയോയിൽ പറയുന്ന നെല്ലായിയിലെ ഈ കോളേജിനെപ്പറ്റിയും അന്വേഷിച്ചു. തിരുനെൽവേലിയുടെ പഴയപേരാണ് നെല്ലായി. തിരുനെൽവേലി ദക്ഷിണ മാരാ നാടാർ സംഘം (TDMNS) കോളേജിനെപ്പറ്റിയാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. വിശദമായി പരിശോധിച്ചപ്പോൾ ഇതേ വീഡിയോ പോളിമർ ന്യൂസ് എന്ന തമിഴ് മാധ്യമം 2019 മാർച്ച് 31-ന് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. തിരുനെൽവേലിയിലെ സ്വകാര്യ കോളേജിൽനിന്നുള്ള ദൃശ്യമാണെന്ന് വാർത്തയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

 

TDMNS കോളേജിൽ നിന്നുള്ളതാണെന്ന വിവരണത്തോടെ 2019-ൽ ഈ വീഡിയോ പലരും ഫേസ്ബുക്കിൽ പങ്കുവച്ചതായും കണ്ടെത്തി. വീഡിയോയെപ്പറ്റിയുള്ള വിശദമായ വിവരത്തിനായി TDMNS കോളേജ് അധികൃതരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. പ്രതികരണം ലഭ്യമാകുന്ന മുറയ്ക്ക് ലേഖനം അപ്ഡേറ്റ് ചെയ്യുന്നതാണ്. ലഭ്യമായ വിവരങ്ങളിൽനിന്ന് വൈറൽ വീഡിയോ കേരളത്തിലെ ഏതെങ്കിലും വിദ്യാലയത്തിൽ നിന്നുള്ളതല്ലെന്നും തമിഴ്നാട്ടിലെ ഒരു കോളേജ് വാർഷികാഘോഷത്തിനിടെ പകർത്തിയതാണെന്നും വ്യക്തമായി.

വാസ്തവം

വൈറൽ വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല. 2019-ൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിലുള്ള ഒരു കോളേജിന്റെ വാർഷിക പരിപാടിയ്ക്കിടെ പകർത്തിയ ദൃശ്യമാണിത്.


(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)