മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്ന തീർത്ഥാടകരുടെ വൻതിരക്കാണ് പ്രയാഗ്രാജിൽ അനുഭവപ്പെടുന്നത്. മൗനി അമാവാസി ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 30 തീർഥാടകർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ, തീർത്ഥാടകരുമായി വന്ന ബസ്സ് മാലിന്യത്തോട്ടിലേക്ക് മറിഞ്ഞ് പത്ത് കുട്ടികൾ ഉൾപ്പടെ പതിനൊന്ന് പേർ മരിച്ചു എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി. 

To advertise here,
placeholder
പ്രചരിക്കുന്ന ഇൻസ്റ്റാ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

https://www.instagram.com/dineshrao7496/reel/DFfI21BK-_8/%20%C2%A0/# 

ഏതാനും സെക്കൻറുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഇതിൽ, വെള്ളത്തിലേക്ക് മറിഞ്ഞുകിടക്കുന്ന ബസ്സും അതിന് മുകളിൽ കയറി നിൽക്കുന്ന ചില യാത്രക്കാരെയും മറ്റ് ചിലർ വെള്ളത്തിലൂടെ നീന്തിക്കയറാൻ ശ്രമിക്കുന്നതും കാണാം. പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതേ വീഡിയോ ഫേസ്ബുക്കിൽ മുൻവർഷം പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 2024 നവംബർ നാലിലെ ഈ എഫ്.ബി. പോസ്റ്റ് ഉറുദു ഭാഷയിലാണ്. റായ്വിന്ദിൽ ഒരു പരിപാടിയിൽ പങ്കെടുത്തു മടങ്ങിയവരുടെ ബസ്സ് മലിനജലം ഒഴുകുന്ന ഓടിയിൽ വീണു എന്നാണ് ഇതിൽ നൽകിയിരിക്കുന്ന വിവരണം. പാകിസ്താനിലെ ലാഹോറിലുള്ള ഒരു പ്രദേശമാണ് റായ്വിന്ദ്. 

 

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കീവേർഡ് സർച്ച് ചെയ്തതിൽനിന്ന് ഇതുമായി ബന്ധപ്പെട്ട് പാക് മാധ്യമങ്ങൾ നൽകിയ വാർത്തകൾ ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 2024 നവംബർ മൂന്നിനായിരുന്നു  അപകടം. തബ്‌ലീഗ് ജമാഅത്ത് വിശ്വാസികളുടെ വാർഷിക പരിപാടിയായ തബ്‌ലീഗി ഇഷ്തിമയിൽ പങ്കെടുത്ത് മടങ്ങിയവരായിരുന്നു അപകടത്തിൽപ്പെട്ടത്. മറ്റൊരു ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ്സ് റായ്വിന്ദിലെ റൂയി അഴുക്കുചാലിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് എഴുപതോളം യാത്രക്കാരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നതെന്നും അപകടത്തിൽ ആർക്കും കാര്യമായ പരിക്കേറ്റില്ലെന്നും വാർത്തയിലുണ്ട്. 

 

 

ഇതിൽനിന്നു കഴിഞ്ഞ വർഷം പാകിസ്താനിൽ നടന്ന ബസ്സപകടത്തിന്റെ ദൃശ്യങ്ങളാണ് മഹാകുംഭമേളയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി. അതേസമയം, കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച ബസ്സ് ഗുജറാത്തിലെ ഡാങ് ജില്ലയിലെ സാപുതാരയിൽ അപകടത്തിൽപ്പെട്ടിരുന്നു. തീർത്ഥാടകരുമായി വന്ന വാഹനം 200 അടി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം.  ഏഴ് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയും 15 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സാപുതാരയിലെ മാലേഗാവ് ഘട്ടിന് സമീപമായിരുന്നു അപകടം. 

https://news.abplive.com/videos/news/india-breaking-news-mahakumbh-return-bus-faces-tragic-accident-at-saputara-ghati-gujarat-7-dead-15-injured-1748538