സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെടുത്തി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ ആറ്റുകാൽ പൊങ്കാലയെ അധിക്ഷേപിച്ചുവെന്നാണ് ഈ പോസ്റ്റിലെ വാദം. മാതൃഭൂമി ഫാക്ട് ചെക്കിന് വസ്തുതാ പരിശോധനയ്ക്ക് ലഭിച്ച സന്ദേശം പരിശോധിച്ചതിൽനിന്നു പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.  

To advertise here,
placeholder
വസ്തുതാ പരിശോധനയ്ക്കായി വാട്‌സ്ആപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് 

ടി.എൻ. പ്രതാപന്റെ ചിത്രവും അതിന് മുകളിലായി 'ആറ്റുകാൽ പൊങ്കാല മീൻകറിയും കപ്പയും കൂട്ടി കഴിച്ചാൽ ആകാശമിടിഞ്ഞ് വീഴുമോ എന്നും എഴുതിയിരിക്കുന്നതാണ് പോസ്റ്ററിൽ. റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തപ്പോൾ ഇതേ ചിത്രം കഴിഞ്ഞ വർഷവും പ്രചരിച്ചതായി കണ്ടെത്തി. 2024 ഫെബ്രുവരി 28-ലെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് ചുവടെ ചേർക്കുന്നു. 

placeholder

പ്രസ്തുത പോസ്റ്റ് ആദ്യം പ്രചരിക്കുന്ന സമയത്ത് പ്രതാപൻ ലോക്‌സഭാ എം.പിയായിരുന്നു. ആ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പരാമർശം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അത് വാർത്തയാകേണ്ടതാണ്. എന്നാൽ പ്രതാപൻ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി റിപ്പോർട്ടുകളൊന്നുമില്ല. തുടർന്ന്,  ടി.എൻ പ്രതാപന്റെ ഓഫീസുമായി ബന്ധപ്പെട്ടു. ഇത് വ്യാജസന്ദേശമാണെന്നും മുൻവർഷവും സമാന പ്രചാരണം നടന്നതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി. 

വാസ്തവം 

കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ ആറ്റുകാൽ പൊങ്കാലയെ അധിക്ഷേപിച്ചു എന്ന പ്രചാരണം വ്യാജമാണ്. കഴിഞ്ഞ വർഷവും സമാന പ്രചാരണം നടന്നിട്ടുണ്ട്.