ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ. സർക്കാർ വീണ്ടും അധികാരത്തിലേറിയതിന്റെ സന്തോഷസൂചകമായി പ്രധാനമന്ത്രി ഇന്ത്യയിലെ എല്ലാ മൊബൈൽ  ഉപയോക്താക്കൾക്കും 719 രൂപയുടെ 84 ദിവസത്തേക്കുള്ള സൗജന്യ റീച്ചാർജ് നൽകുന്നു എന്ന വാദത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ലിങ്ക് ഉൾപ്പടെയാണ് പ്രചരിക്കുന്നത്. ജൂൺ 30 വരെയേ ഇത് ലഭിക്കുകയുള്ളൂ എന്നും പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു. എന്നാൽ ഈ പ്രചാരണം തീർത്തും വ്യാജമാണ് എന്നതാണ് യാഥാർഥ്യം. വിശദാംശങ്ങൾ ചുവടെ വായിക്കാം. 

To advertise here,
placeholder
പ്രചരിക്കുന്ന സന്ദേശത്തിൻറെ സ്‌ക്രീൻഷോട്ട്

https://www.facebook.com/LowrateShoppingchallenge/posts/pfbid0p7vBpUgTw3edEEQEnCRuuYSQkQUfkUpnfzdd1huRoW91W1R6Xsp27WzLkKtHfiCBl 

അന്വേഷണം

സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ https://indiafact.in/ എന്ന വെബ്‌സൈറ്റിലേക്കാണ് എത്തിച്ചേരുക. പ്രസ്തുത സൈറ്റിന് പ്രധാനമന്ത്രിയുടേയോ ബി.ജെ.പിയുടെയോ ഔദ്യോഗിക വെബ്‌സൈറ്റുകളുമായി ബന്ധമില്ല. ഈ സൈറ്റിലെ ലാൻറിങ് പേജിൽ ഇടതുവശത്ത് മുകളിലായി മോദിയുടെ ചിത്രത്തോടൊപ്പം പ്രധാനമന്ത്രി ഫ്രീ റീച്ചാർജ് യോജന എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രീ റീച്ചാർജ് ലഭിക്കുന്നതിനായി പേജിൽ 'ഗെറ്റ് ഫ്രീ റീച്ചാർജ്' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണമെന്ന് രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. 

placeholder

ഇതിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ ഉപയോക്താവിന്റെ മൊബൈൽ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. തീർന്നില്ല, ഫ്രീ റീച്ചാർജ് ലഭിക്കാൻ ഈ സന്ദേശം മറ്റ് 10 പേരിലേക്കോ വാട്‌സ് ആപ്പ് ഗ്രൂപ്പിലോ പങ്കുവയ്ക്കണം എന്ന നിർദേശവും നൽകുന്നുണ്ട്. സമാനമായി നേരത്തെയും വ്യാജപ്രചാരണങ്ങൾ നടന്നിട്ടുണ്ട്.

സർക്കാർ ഇത്തരം സൗജന്യ മൊബൈൽ റീച്ചാർജ് നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാറിൻറെ ഫാക്ട് ചെക്ക് വിഭാഗമായ പി.ഐ.ബി. ഫാക്ട് ചെക്ക് ജൂൺ എട്ടിന് ഔദ്യോഗിക എക്‌സ് (നേരത്തെ ട്വിറ്റർ) അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. 

https://x.com/PIBFactCheck/status/1799399072983617617?ref_src= 

വാസ്തവം 

എൻ.ഡി.എ. സർക്കാർ വീണ്ടും അധികാരത്തിലേറിയതിന്റെ ഭാഗമായി പ്രധാനമന്ത്രി ഏവർക്കും ഫ്രീ മൊബൈൽ റീച്ചാർജ് നൽകുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. 

(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് മൊബൈൽ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)