ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് പ്രമുഖ സ്ഥാനാർത്ഥികൾ തോറ്റത് ഒരുപോലെ 19,731 വോട്ടുകൾക്കാണ് എന്ന വാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ഹിന്ദി പത്രത്തിലെ ഇൻഫോഗ്രാഫിക്‌സ് സഹിതമാണ് പ്രചാരണം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നതിന് തെളിവാണ് സ്ഥാനാർത്ഥികൾ ഒരേ വോട്ടിന് തോറ്റതെന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്. ഇതിലെ വസ്തുത പരിശോധിക്കാം. 

To advertise here,

അന്വേഷണം

തിരഞ്ഞെടുപ്പിൽ തോറ്റ പ്രമുഖരുടെ വിവരങ്ങളാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. സ്മൃതി ഇറാനി, മനേക ഗാന്ധി, എന്നിവരുടെ വിവരങ്ങൾക്ക് ശേഷം ബി.ജെ.പി സ്ഥാനാർത്ഥികളായ നവനീത് റാണ, അജയ് ഠേണി, മാധവി ലത, കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാർ എന്നിവരുടെ പേരുകൾ നൽകിയിരിക്കുന്നു. ഈ നാലുപേരും തോറ്റത് 19,731 വോട്ടുകൾക്കാണ് എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റ് പരിശോധിച്ചതിൽനിന്നു ബി.ജെ.പി. സ്ഥാനാർത്ഥി നവനീത് റാണ അമരാവതിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബൽവന്ത് ബസ്വന്ത് വാഖഡെയോട് 19,731 വോട്ടുകൾക്കാണ് തോറ്റതെന്ന് വ്യക്തമായി. 

എന്നാൽ, ബി.ജെ.പി സ്ഥാനാർത്ഥി അജയ് കുമാർ ഠേണി  സമാജ് വാദി പാർട്ടിയുടെ ഉത്കർഷ് വെർമയോട് ഖേരി മണ്ഡലത്തിൽ പരാജയപ്പെട്ടത് 34,329 വോട്ടുകൾക്കാണ്.

ഹൈദരാബാദ് മണ്ഡലത്തിൽ എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒവൈസിയോട് 3,38,087 വോട്ടുകൾക്കായിരുന്നു ബി.ജെ.പി. സ്ഥാനാർത്ഥി മാധവി ലതയുടെ പരാജയം.

അടുത്തതായി കനയ്യ കുമാറിൻറെ വിവരമാണ് പരിശോധിച്ചത്. നോർത്ത്-ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ ബി.ജെ.പിയുടെ മനോജ് തിവാരിയോട് 1,38,778 വോട്ടുകൾക്കായിരുന്നു കനയ്യ പരാജയപ്പെട്ടത്. 

പ്രചരിക്കുന്ന ചിത്രം ഏത് പത്രത്തിൽ നിന്നുള്ളതാണ് എന്നാണ് അടുത്തതായി പരിശോധിച്ചത്. അന്വേഷണത്തിൽ, രാജസ്ഥാൻ പത്രിക എന്ന പത്രത്തിൽ  ജൂൺ അഞ്ചിന് പ്രസിദ്ധീകരിച്ച വിവരങ്ങളിൽ എഡിറ്റ് ചെയ്താണ് ഇപ്പോൾ തെറ്റായി പ്രചരിപ്പിക്കുന്നത് എന്ന് കണ്ടെത്തി. 

https://epaper.patrika.com/JaipurCity?eid=20&edate=05/06/2024&pgid=1694105&device=desktop&view=3 

രാജസ്ഥാൻ പത്രികയിൽ യഥാർത്ഥത്തിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ

വാസ്തവം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് ബി.ജെ.പി. സ്ഥാനാർത്ഥികൾ ഉൾപ്പടെ നാലു പേർ ഒരുപോലെ 19,731 വോട്ടുകൾക്കാണ് തോറ്റത് എന്ന പ്രചാരണം വ്യാജമാണ്. 

(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)