പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഒരു റാലിയിൽ പങ്കെടുത്ത് അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. ഇതിൽ അദ്ദേഹം ബംഗാളിയിൽ പറയുന്നത് കേൾക്കാം. 'എന്തിന് തൃണമൂൽ കോൺഗ്രസിന് (ടിഎംസി) വോട്ട് ചെയ്യണം? ഭേദം ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) വോട്ട് ചെയ്യുന്നതാണ്'' എന്ന്. ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ, ടിഎംസി വക്താവ് സാകേത് ഖോകലെ എന്നിവർ സമൂഹമാധ്യമങ്ങളിൽ ഇത് പങ്കുവച്ചിട്ടുണ്ട്. 

To advertise here,

 

 

പ്രചാരണങ്ങളിലെ വാസ്തവം പരിശോധിക്കാം. 

അന്വേഷണം

അധിർ രഞ്ജൻ ചൗദരിയുടെ പ്രസംഗത്തിന്റെ ഏതാനും സെക്കൻറുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിൽ വേദിക്ക് പിറകിലായി സ്ഥാപിച്ചിരിക്കുന്ന ബാനറിൽ മുർതാസ ഹുസ്സൈൻ ബോകുൽ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇവ ഉപയോഗിച്ച് കീ വേർഡ് സർച്ച് ചെയ്തതിൽനിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വെസ്റ്റ് ബംഗാളിന്റെ ഫേസ്ബുക്ക് പേജിൽ ലൈവ് സ്ട്രീം നടത്തിയ ഒരു വീഡിയോ കണ്ടെത്തി. ഇക്കഴിഞ്ഞ ഏപ്രിൽ 30-നാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്. കോൺഗ്രസ്സ് സ്ഥാനാർത്ഥി മുർതാസ ഹുസ്സൈൻ ബോകുലിനെ പിന്തുണച്ച് പശ്ചിമബംഗാളിലെ ലാൽ ഗോലയിൽ ചൗധരി നടത്തിയ പ്രസംഗം എന്നാണ് ഇതിന് തലക്കെട്ട് നൽകിയിരിക്കുന്നത്. 

പ്രചരിക്കുന്ന വീഡിയോയിൽനിന്നും വ്യത്യസ്ത ആംഗിളിലുള്ള ഈ വീഡിയോയിൽ അദ്ദേഹം നടത്തിയ സമ്പൂർണ പ്രസംഗമുണ്ട്. ഇതിൽ അദ്ദേഹം ബിജെപിയെയും ടിഎംസിയെയും പരിഹസിക്കുന്നുണ്ട്. വൈറലായ വീഡിയോ ഭാഗം ആരംഭിക്കുന്നത് 25:38 ടൈംസ്റ്റാമ്പിൽ ആണ്, ഇതിൽ അദ്ദേഹം പറയുന്നു, 'തൃണമൂലിന് വോട്ട് ചെയ്യുന്നതിന്റെ അർത്ഥമെന്താണ്, നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ് നല്ലത്. നിങ്ങൾക്കെല്ലാവർക്കും ബിജെപിക്ക് വോട്ട് ചെയ്യാം, ബിജെപിക്ക് വോട്ടുചെയ്യുന്നതാണ് ഭേദം' തുടർന്ന് അദ്ദേഹം പറയുന്നത് ബിജെപിക്കും ടിഎംസിക്കും വോട്ട് ചെയ്യരുത് ദയവ്‌ചെയ്ത് ബാകുലിനെ പിന്തുണയ്ക്കൂ എന്നാണ്. 

 

പ്രസംഗം വിവാദമായതോടെ പ്രാദേശിക കോൺഗ്രസ്സ് നേതൃത്വവും വിശദീകരണം നൽകിയിട്ടുണ്ട്. പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തി എടുത്ത് പ്രചരിപ്പിച്ചതാണ് വൈറൽ വീഡിയോ എന്നാണ് INC  പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ യഥാർത്ഥ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചത്. ടിഎംസിയുടെയും ബിജെപിയുടെയും വിദ്വേഷകരമായ ഗൂഢാലോചനയെ പാർട്ടി അപലപിക്കുന്നുവെന്നും ചൗധരി മുമ്പും പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചിട്ടുണ്ടെന്നും ആ നിലപാടിൽ അദ്ദേഹം നിലകൊള്ളുന്നുവെന്ന കുറിപ്പും ഇതിനൊപ്പം നൽകിയിട്ടുണ്ട്. 

 

വാസ്തവം

പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി ബിജെപിക്ക് വോട്ട് ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ടു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്നൊരു ഭാഗം അടർത്തിയെടുത്താണ് തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുന്നത്. 

(ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ദി ക്വിൻറ് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)