ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ബി.ജെ.പി. പുതിയ സർക്കാർ രൂപീകരിക്കാൻ തയ്യാറെടുക്കുകയാണ്. 70 സീറ്റുകളിൽ 48 എണ്ണത്തിൽ വിജയച്ചാണ് ബി.ജെ.പി. 27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ അധികാരത്തിലേറുന്നത്. അതിനിടെ ബി.ജെ.പി. വിജയിച്ച ശേഷം ഡൽഹിയിലെ തെരുവുകളിൽ സംഘപരിവാറുകാർ ആക്രമണം അഴിച്ചുവിട്ടുവെന്ന പേരിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാവി നിറത്തിലുള്ള കൊടികളുമായി വരുന്ന യുവാക്കളുടെ സംഘം വാഹനങ്ങൾ തടയുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിൽ
'ഡൽഹിയിൽ അധികരത്തിലേറിയ സങ്കികൾ അവരുടെ അധികാരക്കളി തുടങ്ങി കഴിഞ്ഞു' എന്നാണ് ഇതിനൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.

https://www.facebook.com/100052836771123/videos/599747269647086
എന്നാൽ, പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
വൈറൽ വീഡിയോയുടെ കീഫ്രെയ്മുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വീഡിയോ ജനുവരി രണ്ടിന് ഒരു യുട്യൂബ് പേജിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. വീഡിയോ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളൊന്നും ഇതിൽ നൽകിയിട്ടില്ലെങ്കിലും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി ഇതിന് ബന്ധമില്ലെന്ന് വ്യക്തമായി.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 2025 ജനുവരി എട്ടിന് ഇതേ വീഡിയോ jagobhaktojago എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. അൽപം കൂടി വ്യക്തതയുള്ള ഈ വീഡിയോ പരിശോധിക്കുമ്പോൾ ഇരുചക്രവാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ മഹാരാഷ്ട്ര രജിസ്ട്രേഷനാണെന്ന് വ്യക്തമാകുന്നുണ്ട്. കൂടാതെ ഈ പോസ്റ്റിന്റെ കമന്റിൽ ചിലർ മുംബൈ പൊലീസിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
ഇൻസ്റ്റഗ്രാം പോസ്റ്റിലെ വീഡിയോയുടെ പശ്ചാത്തലം പരിശോധിക്കുമ്പോൾ നിരവധി കെട്ടിടങ്ങളും ഒരു ഫ്ളൈഓവറും ദൃശ്യമാണ്. ഈ സൂചനകൾ ഉപയോഗിച്ച് ഗൂഗിൾ ലെൻസ്, ഗൂഗിൾ മാപ്പ് എന്നിവയുടെ സഹായത്തോടെ വൈറൽ വീഡിയോ ചിത്രീകരിച്ച ലൊക്കേഷൻ കണ്ടെത്താനായി. മുംബൈ മീരാ ഭയന്ദർ ഫ്ളൈ ഓവറിനു സമീപമുള്ള പൂജാ നഗർ റോഡിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്.
വീഡിയോ അവസാനിക്കുമ്പോൾ വലതുഭാഗത്തായി കാണുന്ന ബഹുനില കെട്ടിടവും റോഡിന് കുറുകെ കാണുന്ന ഫ്ളൈഓവറും കേന്ദ്രീകരിച്ചാണ് ഗൂഗിൾ ലെൻസിൽ തിരഞ്ഞത്. ഇതിൽനിന്ന് ദൃശ്യങ്ങളിലുള്ള ഫ്ളാറ്റ് ഗീതാ നഗർ കോംപ്ലക്സ് ആണെന്നും സമീപത്തുള്ള മേൽപ്പാലം മീരാ ഭയന്ദർ ഫ്ളൈ ഓവറാണെന്നും വ്യക്തമായി. ഈ സൂചനകൾ ഉപയോഗിച്ച് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ യഥാർഥ ലൊക്കേഷൻ കണ്ടെത്താൻ സാധിച്ചു. വൈറൽ വീഡിയോയും ഗൂഗിൾ സ്ട്രീറ്റ് വ്യൂ ലൊക്കേഷനും തമ്മിലുള്ള താരതമ്യം ചുവടെ കാണാം.

പൂജാ നഗർ റോഡിൽനിന്ന് മീരാ ഭയന്ദർ ഫ്ളൈ ഓവറിലേക്ക് വരുമ്പോൾ മസ്ജിദ് ഉമർ റോഡിനടുത്തുള്ള ഭാഗത്ത് വച്ചാണ് വൈറൽ വീഡിയോ ആരംഭിക്കുന്നത്. റോഡിന് ഇടതുവശത്തായി റെയിൽപാളമാണ്. പ്രദേശത്തിന്റെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ ചുവടെ കാണാം.
വീഡിയോയെപ്പറ്റിയുള്ള വിവരം ഉറപ്പിക്കുന്നതിനായി ഇന്ത്യാ ടുഡേയുടെ മുംബൈ പ്രതിനിധിയായ സാക്കിർ മിസ്ത്രിയുമായി ബന്ധപ്പെട്ടു. ഈ വീഡിയോ മുംബൈയിലെ മീരാ ഭയന്ദർ മേഖലയിൽ നിന്നുള്ളതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. മുംബൈ സബർബൻ റെയിൽവേയുടെ വെസ്റ്റേൺ റെയിൽവേ ലൈനിലെ പാസഞ്ചർ സ്റ്റേഷനായ മീരാ റോഡ് റെയിൽവേ സ്റ്റേഷന് (MIRA) സമാന്തരമായി പോകുന്ന റോഡിൽ നിന്നാണ് ഇത് ചിത്രീകരിച്ചിട്ടുള്ളതെന്ന് സാക്കിർ മിസ്ത്രി വ്യക്തമാക്കി.
അതേസമയം, വൈറൽ വീഡിയോ ജനുവരി ആദ്യവാരം മുതൽ പ്രചാരത്തിലുണ്ടെങ്കിലും ഇത് ചിത്രീകരിച്ച യഥാർഥ തീയതി കണ്ടെത്താനായില്ല. എന്നിരുന്നാലും വീഡിയോ ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിനുശേഷമുള്ളതല്ലെന്ന് വ്യക്തമാണ്. മാത്രമല്ല, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇത്തരം ആക്രമണം നടന്നാൽ ഉറപ്പായും അത് വാർത്തയാകും. എന്നാൽ, ഇത്തരം അക്രമസംഭവങ്ങളൊന്നും അടുത്തിടെ ഡൽഹിയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ലഭ്യമായ വിവരങ്ങളിൽനിന്ന് വൈറൽ വീഡിയോ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡൽഹിയിലെ നിരത്തുകളിൽ നിന്ന് പകർത്തിയതല്ലെന്നും മുംബൈ മീരാ ഭയന്ദർ ഫ്ളൈ ഓവറിനു സമീപമുള്ള പൂജാനഗർ റോഡിൽ നിന്നുള്ള പഴയ ദൃശ്യമാണെന്നും വ്യക്തമായി.
വാസ്തവം
വൈറൽ വീഡിയോ ഡൽഹിയിൽ നിന്നുള്ളതല്ല. മുംബൈ മീരാ ഭയന്ദർ ഫ്ളൈ ഓവറിനു സമീപമുള്ള പൂജാനഗർ റോഡിൽ നിന്നുള്ള പഴയ വീഡിയോയാണിത്.
( വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: The video shows a group of youths carrying saffron flags blocking vehicles and attempting to attack
Published: 11 Feb 2025, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented