കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വലിയ പ്രവചനം നടത്തി എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി തുടരുമെന്ന് രാഹുൽ പറഞ്ഞതായാണ് പ്രചാരണം. ഒരു പൊതുചടങ്ങിൽ പങ്കെടുത്ത് രാഹുൽ പ്രസംഗിക്കുന്നതിന്റെ ചെറിയൊരു വീഡിയോ ഇതിന് തെളിന്നോണം നൽകിയിട്ടുണ്ട്. 

To advertise here,

'നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരും. 2024 ജൂൺ 4-ന് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. ഞങ്ങൾ കഠിനാധ്വാനം ചെയ്തു, ഇപ്പോൾ നോക്കൂ, ഉത്തർപ്രദേശിൽ ഞങ്ങളുടെ സഖ്യത്തിന് ഒരു സീറ്റ് പോലും ലഭിക്കാൻ പോകുന്നില്ല. രാഹുൽ ഗാന്ധി പറയുന്നത് സത്യമാണെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നുവെന്നും  വിശ്വസിക്കുന്നതിനാലാണ് ഇവർ എല്ലാവരും പുഞ്ചിരിക്കുന്നത്' എന്ന് അദ്ദേഹം പറയുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. 

 

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽനിന്നു പല ഭാഗങ്ങൾ എഡിറ്റ് ചെയ്‌തെടുത്താണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് യാഥാർഥ്യം. വിശദാംശങ്ങൾ ചുവടെ വായിക്കാം

അന്വേഷണം

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ യഥാർഥ വീഡിയോ കണ്ടെത്തുന്നതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ പരിശോധിച്ചു. തുടർന്ന് ഒരു വീഡിയോ കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിലും ഇതിലും രാഹുൽ ഗാന്ധിക്ക് പിറകിലായി കാണുന്നത് ഒരേ പശ്ചാത്തലമാണ്. യൂട്യൂബ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന വിവരണം അനുസരിച്ച് ഉത്തർ പ്രദേശിലെ കാൺപൂരിൽ രാഹുൽ നടത്തിയ പ്രസംഗത്തിൻറെ ദൃശ്യങ്ങളാണിത്. 

 

വീഡിയോ ആദ്യ ഒരു മിനുറ്റിലെത്തുമ്പോഴാണ് രാഹുൽ ഗാന്ധി മോദിയെയും പ്രധാനമന്ത്രി പദത്തെയും കുറിച്ച് പരാമർശം നടത്തുന്നത്. അദ്ദേഹം പറയുന്നത്- ആദ്യമേ ഞാൻ നിങ്ങളോട് പറയുകയാണ്, ഇക്കാര്യം ഇന്ത്യയിലെ മാധ്യമങ്ങൾ നിങ്ങളോട് പറയില്ല. 2024 ജൂൺ 4-ന് പ്രധാനമന്ത്രി നേരന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ല. നിങ്ങളിത് എഴുതിവെച്ചോളൂ. നരേന്ദ്ര മോദിജിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനാകില്ല. ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്തു, ഉത്തർ പ്രദേശിൽ ഞങ്ങളുടെ സഖ്യം 50 സീറ്റിൽ കുറഞ്ഞൊന്നും നേടില്ല'' എന്നാണ്. ഇതിൽനിന്നു ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണ് വൈറൽ വീഡിയോ എന്ന് വ്യക്തമാകും. 

പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി കോൺഗ്രസ്സും രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്ന വീഡിയോയും പ്രസംഗത്തിലെ യഥാർത്ഥ ഭാഗവും തമ്മിൽ താരതമ്യം ചെയ്യുന്ന വീഡിയോ കോൺഗ്രസ്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തുകൊണ്ടായിരുന്നു ഇത്. 

 

വാസ്തവം 

മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. രാഹുലിൻറെ പ്രസംഗം എഡിറ്റ് ചെയ്ത് നിർമ്മിച്ച വീഡിയോയാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. 

(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ദി ക്വിൻറ് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)