ഹിന്ദി വാർത്താ ചാനലായ എ.ബി.പി. ന്യൂസ് സംപ്രേഷണം ചെയ്ത ഇലക്ഷൻ അഭിപ്രായ സർവ്വേഫലം എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വരാനിരിക്കുന്ന 2025 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻവിജയം നേടും എന്നാണ് ഇതിലെ അവകാശവാദം.

To advertise here,

27 വർഷത്തിന് ശേഷം ബി.ജെ.പിക്ക് ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. 70-ൽ 46 സീറ്റുകൾ ബി.ജെ.പി നേടുമെന്നും ആം ആദ്മി പാർട്ടി (എ.എ.പി.) 17 സീറ്റിൽ ഒതുങ്ങുമെന്നും കോൺഗ്രസ് വെറും ആറ് സീറ്റുകളിൽ വിജയിക്കുമെന്നുമാണ് ഇതിൽ അവകാശപ്പെടുന്നത്. ഫെബ്രുവരി അഞ്ചിന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പ്രചാരണം.

'ഏറ്റവും പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ @BJP4Delhi 41-46, AAP 17-22, കോൺഗ്രസ് 1-2 എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.. ' ഇതിന്റെ ആർക്കൈവ് പോസ്റ്റ് കാണാം.

placeholder
പ്രചരിക്കുന്ന സന്ദേശത്തിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് 

ചാനൽ ഇങ്ങനെ ഒരു അഭിപ്രായ സർഫേ ഫലം പുറത്തുവിട്ടിരുന്നോ എന്ന് പരിശോധിച്ചു. ചാനലിന്റെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളും പരശോധിച്ചതിൽനിന്ന് ഇങ്ങനെ ഒരു വീഡിയോ പങ്കുവച്ചിട്ടില്ലെന്ന് കണ്ടെത്തി. മാത്രമല്ല, പ്രചരിക്കുന്ന വീഡിയോയിലെ ഗ്രാഫിക്‌സും എ.ബി.പി ന്യൂസ് സംപ്രേഷണം ചെയ്യുന്ന ഗ്രാഫിക്‌സും തമ്മിൽ കാര്യമായ വ്യത്യാസമുള്ളതായും കാണാം. ഇതിൽനിന്നു പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് വ്യക്തമായി. 

placeholder

മാത്രമല്ല, ഈ പ്രചാരണം വ്യാജമാണെന്ന് എ.ബി.പി ന്യൂസ് അധികൃതരും സ്ഥിരീകരിച്ചു. ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനൽ അഭിപ്രായ സർവ്വേകളൊന്നും നടത്തിയിട്ടില്ലെന്നും  ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

വാസ്തവം

2025 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയം പ്രവചിക്കുന്ന അഭിപ്രായ സർവ്വേ ഫലം വ്യാജമാണ്. എ.ബി.പി ന്യൂസിന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെയൊരു സർവ്വേ നടത്തിയിട്ടില്ലെന്നും ബന്ധപ്പെട്ടർ സ്ഥിരീകരിച്ചിട്ടുണ്ട്.

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ലോജിക്കലി ഫാക്ട്‌സ് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)