മാതൃഭൂമി ഫാക്ട് ചെക്കിന് വസ്തുതാ പരിശോധനയ്ക്കായി ലഭിച്ചൊരു ചിത്രത്തെക്കുറിച്ചുള്ളതാണ് ഈ റിപ്പോർട്ട്. ഏതാനും പോലീസുകാർക്കൊപ്പം നിൽക്കുന്നൊരു മുസ്ലീം സ്ത്രീയാണ് ചിത്രത്തിലുള്ളത്. ഇതിനൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്- ''ഭർത്താവിനെ കിട്ടിയില്ലെങ്കിൽ ഭാര്യയെ കൊണ്ടുപോകുന്ന നിയമം മുസ്ലീം സമുദായത്തിന് മാത്രം സംവരണം ചെയ്തതാണോ..'' എന്നാണ്. 

To advertise here,

കേസിൽ പ്രതിയായ ഭർത്താവിനെ പിടികൂടാനാകാത്തതിനാൽ പോലീസ് ഭാര്യയെ പിടികൂടിയെന്നും, അതും മുസ്ലീം സമുദായത്തിൽപ്പെട്ടവരായത് കൊണ്ടാണ് ഇതെന്ന ധ്വനിയും പ്രചരിക്കുന്ന സന്ദേശത്തിലുണ്ട്. പരിശോധയിൽ ഈ ചിത്രം 2017-ൽ നടന്ന തിരൂർ ബിപിൻ വധക്കേസുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തി. 

placeholder
വസ്തുതാ പരിശോധനയ്ക്ക് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് 

ആർ.എസ്.എസ്. പ്രവർത്തകനും കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതിയുമായിരുന്ന കെ. ബിപിൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ഷാഹിദയാണ് ചിത്രത്തിലുള്ളത്. എടപ്പാൾ വട്ടംകുളം സ്വദേശിനിയാണ് ഇവർ. ഇതേ കേസിലെ മുഖ്യപ്രതിയായ അമ്പലത്തുവീട്ടിൽ അബ്ദുൾ ലത്തീഫിന്റെ ഭാര്യയാണ് ഷാഹിദ. 

2016 നവംബർ 19-നായിരുന്നു കൊടിഞ്ഞി ഫൈസൽ കൊലപാതകം. ഈ കേസിൽ രണ്ടാം പ്രതിയായ ബിപിന് 2017 ഏപ്രിലിൽ മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ച് പുറത്തിറങ്ങി നാലാം മാസമാണ് (ഓഗസ്റ്റ് 24) ബിപിൻ കൊല്ലപ്പെട്ടത്. രാവിലെ ബൈക്കിൽ പോകും വഴി ബി.പി. അങ്ങാടിയിലെ പുളിഞ്ചോട്ടിൽ റോഡിൽവച്ച് ആറംഗ സംഘം  ബിപിനെ ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

 

ബിപിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് ഷാഹിദയുടെ എടപ്പാളി വീട്ടിലാണെന്നും ഇതിന് ഇവർ സാഹചര്യം ഒരുക്കിക്കൊടുത്തതായുമാണ്  പോലീസ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ 2017 സെപ്തംബർ 14-ന് ഷാഹിദയെ അറസ്റ്റ് ചെയ്തു.  കൊലപാതകത്തെപ്പറ്റി മുൻകൂട്ടി അറിഞ്ഞിട്ടും മൗനം പാലിച്ചു, കൊലപാതക ശേഷം ഒളിവിൽ പോകാൻ പ്രതികളെ  സഹായിച്ചു എന്നിവയായിരുന്നു അവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. എസ്.ഡി.പി.ഐ. അംഗമായ ഷാഹിദ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 

2018 ഫെബ്രുവരിയിൽ ഷാഹിദയുടെ ഭർത്താവും കേസിലെ മുഖ്യപ്രതിയുമായിരുന്ന അബ്ദുൾ ലത്തീഫും പോലീസ് പിടിയിലായി. ഗൂഢാലോചനയിലും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇയാൾ ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്നതായാണ് വിവരം. ലത്തീഫ് തിരികെ വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ബസ്സ്റ്റാൻറിൽ വച്ചായിരുന്നു അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. 
 
ബിപിൻ വധക്കേസിൽ ഗൂഡാലോചന, ഭർത്താവ് ഉൾപ്പടെയുള്ള പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചു എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് ഷാഹിദയെ പോലീസ് അറസ്റ്റ് ചെയ്തത്.  2017 സെപ്തംബറിലെ ഷാഹിദയുടെ അറസ്റ്റിനെ തുടർന്നുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.