അമേരിക്കയിലെ ലോസ് ആഞ്ജലിസിലുണ്ടായ തീപിടിത്തം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. 25 ആളുകൾ ഇതിനകം കൊല്ലപ്പെട്ടു. ഇതിനിടെ കാലിഫോർണിയയിൽനിന്നു തലസ്ഥാന നഗരമായ ന്യൂയോർക്കിലേക്ക്  തീ പടരുന്നുവെന്ന വാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചു. തീ പടർന്നതിനെ തുടർന്ന് ന്യൂയോർക്കിലെ ആശുപത്രികളിൽനിന്ന് രോഗികളെ ഒഴിപ്പിക്കുന്നു എന്ന തരത്തിൽ വീഡിയോ സഹിതമാണ് പ്രചാരണം.

To advertise here,
placeholder
പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

https://www.facebook.com/akoyavk/posts/1428645025206674/ 

അന്വേഷണത്തിൽ, ന്യൂയോർക്കിലേക്ക് തീപടർന്നിട്ടില്ലെന്ന് കണ്ടെത്തി. കാലിഫോർണിയയിൽനിന്നു മുതിർന്ന പൗരൻമാരെ മാറ്റിപ്പാർപ്പിക്കുന്ന ദൃശ്യമാണ് തെറ്റായി പ്രചരിക്കുന്നത്.

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയെ കുറിച്ചാണ് ആദ്യം അന്വേഷിച്ചത്. വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വീഡിയോ ഡെയ്ലി മെയിൽ എന്ന മാധ്യമത്തിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നതായി കണ്ടെത്തി. 'കാലിഫോർണിയയിലെ കാട്ടുതീ: ലോസ് ആഞ്ജലിസിൽ കാട്ടുതീ പടരുന്നതിനാൽ മുതിർന്ന പൗരന്മാരെ മാറ്റിപ്പാർപ്പിച്ചു' എന്ന തലക്കെട്ടോടെ 2025 ജനുവരി 9-നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.  വീഡിയോ ചുവടെ കാണാം. 

 

ലോസ് ആഞ്ജലിസിൽനിന്നു മുതിർന്ന പൗരൻമാരെ മാറ്റിപാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും പരിശോധിച്ചു. ഫോക്‌സ് ന്യൂസ് ലോസ് ആഞ്ജലിസ്, എൻബിസി ന്യൂസ്, അറബിക് സിഎൻഎൻ തുടങ്ങിയ മാധ്യമങ്ങളും സമാനമായ റിപ്പോർട്ടുകൾ 2025 ജനുവരി എട്ടിന് പങ്കുവച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർ താമസിക്കുന്ന സീനിയർ ഹോം ഒഴിപ്പിച്ചതിനെ കുറിച്ചും തുടർന്ന് ആ കെട്ടിടം തീപ്പിടിച്ച് നശിച്ചതിനെ കുറിച്ചും അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചുവടെ ചേർക്കുന്നു.

placeholder
എപി പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട്

https://apnews.com/article/california-wildfires-escape-evacuate-senior-citizens-7068811f9be7a03c4932817320d97b73 

വൈറൽ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ ന്യൂയോർക്കിലേക്ക് തീ പടർന്നുവോ എന്ന കാര്യമാണ്  പിന്നീട് അന്വേഷിച്ചത്. ന്യൂയോർക്കിൽ ഇപ്പോൾ തീപ്പിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ ഒന്നും തന്നെയില്ല. കാലിഫോർണിയയിലെ തീ ന്യൂയോർക്കിലേക്ക് പടർന്ന് പിടിക്കുകയെന്നത് അസാധ്യവുമാണ്. അമേരിക്കയിലെ രണ്ട് തീരദേശ സ്റ്റേറ്റുകളാണ് കാലിഫോർണിയയും ന്യൂയോർക്കും. ഇവ രണ്ടും രണ്ട് അറ്റങ്ങളിലാണ് ഉള്ളത്. കാലിഫോർണിയയിൽനിന്നു ന്യൂയോർക്കിലെത്താൻ മറ്റ് നിരവധി സ്റ്റേറ്റുകൾ കടക്കേണ്ടതുണ്ട്. റോഡ് വഴി ലോസ് ആഞ്ജലിസും ന്യൂയോർക്ക് സിറ്റിയും തമ്മിലുള്ള ദൂരം 2,792 മൈലുകളാണ്. ഇത് വ്യക്തമാക്കുന്ന ഗൂഗിൾ മാപ്‌സ് സ്‌ക്രീൻഷോട്ട് ചുവടെ കാണാം.

placeholder
ഗൂഗിൾ മാപ് സ്‌ക്രീൻഷോട്ട്

ലഭ്യമായ വിവരങ്ങളിൽനിന്നു കാലിഫോർണിയയിലെ തീ ന്യൂയോർക്കിലേക്ക് പടർന്നിട്ടില്ലെന്നും വൈറൽ വീഡിയോ ന്യൂയോർക്കിലെ ആശുപത്രി ഒഴിപ്പിക്കുന്നതിന്റേതല്ലെന്നും വ്യക്തമായി. 

വാസ്തവം

ന്യൂയോർക്കിലേക്ക് തീ പടർന്നിട്ടില്ല. തീപിടുത്തമുണ്ടായ കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽനിന്നു മുതിർന്ന പൗരന്മാരെ മാറ്റിപ്പാർപ്പിക്കുന്ന ദൃശ്യമാണിത്.

(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ( to be hyperlinked : ഭാഗമായി ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)