ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായുള്ള ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി രണ്ടാഴ്ചയ്ക്കിടെ നാലായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഒന്നര കിലോയോളം എംഡിഎംഎയും 150 കിലോയിലധികം കഞ്ചാവും ഉൾപ്പടെ മറ്റ് ലഹരിവസ്തുക്കളും പിടികൂടി. ലഹരി ഉപയോഗവും തുടർന്നുണ്ടാകുന്ന അക്രമസംഭവങ്ങളും സംബന്ധിച്ച് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി തുടരെ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശാനുസരണം ഈ നടപടി.
അതേസമയം, ലഹരി മാഫിയയുമായി ബന്ധപ്പെടുത്തി ഫേസ്ബുക്കിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഏതാനും പേർ രാത്രിയിൽ റോഡിൽവച്ച് ഏറ്റുമുട്ടുന്നതാണ് ദൃശ്യങ്ങളിൽ. 'ഈ ഒരു വീഡിയോ പറയും കേരളത്തിൽ ലഹരി മാഫിയ എത്രത്തോളം വേരോടിയിട്ടുണ്ടെന്ന്' എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർഥ്യം.

https://www.facebook.com/100083121696541/videos/2094502747679112
അന്വേഷണം
വെറും 37 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. രാത്രിയിൽ പെരുംമഴയത്ത് റേഡിൽവച്ച് ചിലർ സംഘം ചേർന്ന് ഏറ്റുമുട്ടുന്നതാണ് ദൃശ്യങ്ങളിൽ. വെളിച്ചക്കുറവും മഴയും കാരണം വീഡിയോ വ്യക്തമല്ലെങ്കിലും ഇതിൽ ചിലർ സ്ത്രീകളുടെ വേഷമാണ് ധരിച്ചിരിക്കുന്നതെന്ന് കാണാം. പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ഈ ദൃശ്യങ്ങൾ കഴിഞ്ഞ വർഷവും പ്രചരിച്ചതായി കണ്ടെത്തി. ''പ്രബുദ്ധ കേരളത്തിലെ പെരുമ്പാവൂരിൽ അതിഥികൾ ആറാടുന്നു'' എന്ന വാദത്തോടെയാണ് ഇത് അന്ന് പ്രചരിച്ചത്.
തുടർപരിശോധനയിൽ 2024 ഓഗസ്റ്റിൽ ഈ ദൃശ്യങ്ങൾ യുട്യൂബ് ഷോട്ട്‌സായി പ്രസിദ്ധീകരിച്ചതായും കണ്ടു. പെരുമ്പാവൂരിലാണ് സംഭവം നടന്നതെന്നാണ് ഇതിലും പറയുന്നത്. പക്ഷെ, ട്രാൻസ്ജെൻഡേഴ്‌സാണ് ഏറ്റുമുട്ടിയതെന്നാണ് ഇതിലെ വിവരണത്തിലുള്ളത്.
ലഭ്യമായ സൂചനകൾ ഉപയോഗിച്ച് കീ വേർഡ് സർച്ച് ചെയ്തതിൽനിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു. 2024 ഓഗസ്റ്റ് 15-ന് പെരുമ്പാവൂർ കാളച്ചന്തയിലായിരുന്നു സംഭവം. ട്രാൻസ്ജെൻഡേഴ്‌സിന്റെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. കമ്പിവടികളും മരക്കമ്പും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. നടുറോഡിലുണ്ടായ സംഘർഷത്തെ തുടർന്ന് പതിനഞ്ച് മിനുറ്റോളം ഗതാഗതവും തടസ്സപ്പെട്ടു. ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്ന് പേർ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇത് സംബന്ധിച്ച പരാതികളൊന്നും ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നായിരുന്നു പോലീസ് നൽകിയ പ്രതികരണം.
വാസ്തവം
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പെരുമ്പാവൂരിൽ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: The visuals shows a few people clashing on the road at night
Published: 10 Mar 2025, 06:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented