ഡിജിറ്റൽ ലോകം വികസിച്ചു കൊണ്ടിരിക്കുന്നതിനൊപ്പം, ഓൺലൈൻ തട്ടിപ്പുകളും അതിവ്യാപകമാവുകയാണ്. സമ്മാനങ്ങൾ, സ്‌ക്രാച്ച് കാർഡുകൾ, ഡിജിറ്റർ അറസ്റ്റ്, ഫ്രീ മൊബൈൽ റീച്ചാർജ്, ബാങ്ക് റിവാർഡ് പോയിന്റ്‌സ്്, ജോബ് ഓഫർ തുടങ്ങി പല രൂപങ്ങളിലാണ് ദിനേന വ്യാജന്മാരെത്തുന്നത്. രാജ്യ വ്യാപകമായി നടക്കുന്ന ഇത്തരം തട്ടിപ്പുകളിൽപ്പെട്ട് ഇരകൾക്ക് നഷ്ടപ്പെടുന്നത് കോടിക്കണക്കിന് രൂപയും.  

To advertise here,

ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ഒന്നാണ്  'അൽ ഖൈർ ഇസ്ലാമിക് ബാങ്ക്  ഓൺലൈനായി പലിശ രഹിത വായ്പ നൽകുന്നു' എന്നത്. വെറും 1750 രൂപ നൽകി ആർക്കും വായ്പ സ്വന്തമാക്കാം എന്നാണ് ഇതിൽ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ വാസ്തവം അന്വേഷിച്ച് ഒട്ടേറെ പേർ മാതൃഭൂമി ഫാക്ട് ചെക്കിന്റെ ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇത് തട്ടിപ്പാണെന്ന് കണ്ടെത്തി. 

placeholder
വസ്തുതാ പരിശോധനയ്ക്കായി വാട്സ് ആപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്

അന്വേഷണം 

കീ-വേർഡ് സെർച്ച് ചെയ്ത്പ്പോൾ അൽ ഖൈർ ഇസ്ലാമിക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന ഒരു വെബ്‌സൈറ്റ് കണ്ടെത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ഈ ബാങ്ക് പ്രവർത്തിക്കുന്നതെന്ന് ഇതിൽ പറഞ്ഞിട്ടുണ്ട്. സൈറ്റിലെ ലാന്റിങ് പേജിൽ ഒരു വശത്ത് അൽ ഖൈർ ബാങ്കിൽനിന്ന് ലോൺ ഓൺലൈനായി അപേക്ഷിക്കൂ എന്ന തലക്കെട്ടും ഇതിന് താഴെയായി APPLY LOAN എന്നൊരു ബോക്‌സും നൽകിയിട്ടുണ്ട്. ഇതിനൊപ്പം വായ്പ നടപടിക്രമങ്ങൾ നൂറു ശതമാനം ഓൺലൈൻ പ്രക്രിയയാണെന്നും രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.

ലോണിന് അപേക്ഷിക്കാനുള്ള ഫോമും നൽകിയിട്ടുണ്ട്. പേര്, ഇ-മെയിൽ, മേൽവിലാസം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇതിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറും വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ലോൺ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അറിയിക്കുന്നതിനായി ഉദ്യോഗസ്ഥൻ തിരിച്ച് ബന്ധപ്പെടും എന്ന വിവരമാണ് ലഭിച്ചത്. 9007936813 എന്ന നമ്പറിൽനിന്ന് ബാങ്ക് ഉദ്യോഗസ്ഥൻ എന്ന പേരിൽ ഒരാൾ ബന്ധപ്പെട്ടു. തിരിച്ചടവ് സമയപരിധി ഇല്ലാതെ എത്ര ലക്ഷം രൂപ വേണമെങ്കിലും ലോണായി നൽകുമെന്ന് ഇയാൾ പറഞ്ഞു. ഇതിനായി ആധാർ, പാൻ കാർഡ് വിവരങ്ങൾ, ഒരു ഫോട്ടോ, അക്കൗണ്ട് നമ്പർ എന്നിവ നൽകിയാൽ മതി. ഒപ്പം 1750 രൂപ രജിസ്‌ട്രേഷൻ ഫീസായും നൽകണം. പണം അടച്ച ശേഷം ഇക്കാര്യം അറിയിച്ചാൽ അവർ ലോണിനായുള്ള അനുമതി പത്രം നൽകുമെന്നും പറഞ്ഞു. 

യാതൊരു ഈടുമില്ലാതെ എത്ര ലക്ഷം രൂപയും സമയപരിധിയോ പലിശയോ കൂടാതെ നൽകുമെന്ന ഇവരുടെ വാഗ്ദാനം വിശ്വാസയോഗ്യമല്ല. ഇത് തട്ടിപ്പാകാനാണ് സാധ്യത എന്ന വിശകലനത്തിൽ തുടരന്വേഷണം നടത്തി. 
 
മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള അൽ ഖൈർ ബാങ്കുമായി ബന്ധപ്പെട്ട് വിശദമായി പരിശോധിച്ചു. തുടർന്ന്, അൽ ഖൈർ ബൈത്തുൽ മാൽ ക്രെഡിറ്റ് അർബൻ കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന പേരിൽ മറ്റൊരു വെബ്‌സൈറ്റ് ലഭിച്ചു. രണ്ട് സൈറ്റിലും നൽകിയിരിക്കുന്ന സ്ഥാപനത്തിന്റെ പേരുകൾ തമ്മിൽ വ്യത്യാസം ഉണ്ടെങ്കിലും അഡ്രസ്സായി നൽകിയിരിക്കുന്നത് ഒരേ വിലാസമാണ്. എന്നാൽ, ആദ്യ സൈറ്റിൽനിന്നു വ്യത്യസ്തമായി അൽ ഖൈർ ബൈത്തുൽ മാൽ  ഈ ക്രെഡിറ്റ് സൊസൈറ്റി ആ പ്രദേശത്ത് മാത്രം പ്രവർത്തിക്കുന്നതാണെന്ന് സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെയും ഡയറക്ടർമാർ ഉൾപ്പടെ ഉള്ളവരുടെ വിവരങ്ങളും രണ്ടാമത്തെ സൈറ്റിൽ നൽകിയിട്ടുണ്ട്. ഇതിൽ നൽകിയിരിക്കുന്ന നമ്പറിൽ തുടർച്ചയായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

മുംബൈയിലെ മാതൃഭൂമി ലേഖകന്റെ സഹായത്തോടെ ഔറംഗാബാദിലെ അൽ ഖൈർ ബൈത്തുൽ മാൽ ക്രെഡിറ്റ് അർബൻ കോപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും തങ്ങൾ സ്വർണം ഈടായി സ്വീകരിച്ചാണ് പലിശരഹിത വായ്പ നൽകുന്നതെന്നും എന്നാൽ ഈ സേവനം ആ പ്രദേശത്തുള്ളവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചതിന് പിറകെ ലോൺ ആവശ്യപ്പെട്ട് രാജ്യത്തിന്റെ പലഭാഗത്തുനിന്നും ദിവസവും നൂറുകണക്കിന് ഫോണുകളാണ് ഇവർക്ക് ലഭിച്ചത്. പിന്നീട് ഈ നമ്പറിൽ വരുന്ന കോളുകൾ ഇവർ സ്വീകരിക്കാതായി. 

ലഭ്യമായ വിവരങ്ങൾ പ്രകാരം പലിശരിഹത ലോൺ എന്ന പേരിൽ നടക്കുന്ന പ്രചാരണം തട്ടിപ്പാണ്.  https://www.alkhairsociety.org.in/  എന്ന വെബ്‌സൈറ്റ് വ്യാജമാണ് എന്നും വ്യക്തമായി. 

placeholder
വ്യാജവെബ്‌സൈറ്റിന്റെ സ്‌ക്രീൻഷോട്ട്

മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള അൽ ഖൈർ ബൈത്തുൽ മാൽ ക്രെഡിറ്റ് അർബൻ കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ യഥാർത്ഥ വെബ്‌സൈറ്റ് https://www.alkhairaurangabad.com/ ആണ്. ഇതിന്റെ സ്‌ക്രീൻഷോട്ട് താഴെ.

placeholder
യഥാർത്ഥ വെബ്‌സൈറ്റിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ

അൽ ഖൈർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ, വ്യാജപ്രചാരണത്തിനെതിരായ നിരവധി മുന്നറിയിപ്പുകൾ  പങ്കുവച്ചതായി കണ്ടെത്തി. പോസ്റ്റുകളിൽ ബാങ്ക് വായ്പ് നൽകുമെന്ന് അറിയിച്ച് ആരെയും ഫോണിൽ ബന്ധപ്പെടില്ലെന്നും സ്വർണ പണയത്തിന്മേൽ 50,000 രൂപ വരെ മാത്രമേ വായ്പ് നൽകുകയുള്ളൂ എന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വായ്പ സംബന്ധിച്ച് യാതൊരുവിധ  പരസ്യപ്രചാരണങ്ങളും ബാങ്ക് നടത്തുന്നില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. 

placeholder
മുന്നറിപ്പായി നൽകിയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

https://www.facebook.com/share/1BDFCiykBw/?mibextid=qi2Omg 

https://www.youtube.com/watch?v=sgakMZe_gUU 
2016 മാർച്ച് 9-ന് സീ ന്യൂസ് ചാനൽ സംപ്രേഷണം ചെയ്ത ഈ വാർത്തയാണ് തട്ടിപ്പുകാർ ദുരുപയോഗപ്പെടുത്തിയത്. അൽ ഖൈർ ബാങ്കിന്റെ പേരിൽ തുടങ്ങിയ ഏതാനും വ്യാജ ഫേസ്ബുക്ക് പേജുകളിൽ ഈ വാർത്താ വീഡിയോ ഇരകളെ വിശ്വാസത്തിലെടുക്കാനെന്നോണം പങ്കുവച്ചിട്ടുണ്ട്. 

ഈ വ്യാജന്മാരുടെ ലിങ്കുകൾ ചുവടെ . 
https://www.facebook.com/groups/1252795595934729/
https://www.facebook.com/groups/7942387109118769
https://www.facebook.com/groups/1134397177634048

വാസ്തവം

ഓൺലൈനായി പലിശരഹിത വായ്പ നൽകുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തട്ടിപ്പാണ്. ഔറംഗാബാദിലെ യഥാർത്ഥ അൽ ഖൈർ ബൈത്തുൽ മാൽ ക്രെഡിറ്റ് അർബൻ കോപ്പറേറ്റീവ് സൊസൈറ്റി ആ പ്രദേശവാസികൾക്ക് മാത്രമാണ് പലിശരഹിത ലോൺ നൽകുന്നത്. സൊസൈറ്റിയുടെ പേരിൽ വ്യാജ സൈറ്റുണ്ടാക്കി തട്ടിപ്പ് നടക്കുന്നതിനെതിരെ അവർ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.