
പഞ്ച്കുള: ഹരിയാണ പഞ്ച്കുളയിലെ സംസ്കൃത് മോഡൽ സ്കൂളിൽ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കെ.ജി വിദ്യാർഥിനിയെ മൂന്നാം ക്ലാസ്സുകാരൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛൻ വന്നിട്ടുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ വിജനമായ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് എട്ടുവയസ്സുകാരൻ ക്രൂരമായി മർദ്ദിച്ചത്. മകളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ കുട്ടിയെ കാണാത്തതിനെ തുടർന്ന് അച്ഛനെ വിവരമറിയിക്കുകയായിരുന്നു. സ്കൂളിലെത്തിയ അച്ഛന്റെ അടുത്തെത്തിയ എട്ടുവയസ്സുകാരൻ, പെൺകുട്ടി മുകളിലുണ്ടെന്ന് പറഞ്ഞ് അച്ഛനെ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
ഒക്ടോബർ 28-നായിരുന്നു സംഭവം. അച്ഛൻ വന്നിട്ടുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ എട്ടുവയസ്സുകാരൻ ആരുമില്ലാത്ത ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇഷ്ടികയും പൂച്ചട്ടിയും അലുമിനിയം ഡസ്റ്റ്ബിനും ഉപയോഗിച്ച് തലയിലും ശരീരത്തിലും അടിച്ചു. തല ബെഞ്ചിലും ഡെസ്കിലും തുടർച്ചയായി ഇടിക്കുകയും ചെയ്തു. കുട്ടിയുടെ മുഖത്തും ശരീരത്തിലും ചവിട്ടിയ ശേഷം എട്ടുവയസ്സുകാരൻ പുറത്തുപോവുകയും, അരമണിക്കൂറിന് ശേഷം വീണ്ടും തിരിച്ചെത്തി അക്രമം തുടരുകയും ചെയ്തു.
മകളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ കുട്ടിയെ കാണാത്തതിനെ തുടർന്ന് അച്ഛനെ വിവരമറിയിച്ചു. സ്കൂളിലെത്തിയ അച്ഛന്റെ അടുത്തെത്തിയ എട്ടുവയസ്സുകാരൻ തന്നെയാണ് പെൺകുട്ടി മുകളിലുണ്ടെന്ന് പറഞ്ഞ് ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. 'അങ്കിൾ, ഞാൻ നിങ്ങളെ മുകളിലേക്ക് കൊണ്ടുപോകാം. അവൾ അവിടെയുണ്ട്' എന്ന് എട്ടുവയസ്സുകാരൻ കുട്ടിയുടെ പിതാവിനോട് പറഞ്ഞതായി പരിക്കേറ്റ കുട്ടിയുടെ അമ്മാവൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. രക്തത്തിൽ കുളിച്ച് ബോധരഹിതയായ നിലയിലാണ് അച്ഛൻ കുട്ടിയെ കണ്ടെത്തിയത്. ഗുരുതരമായ പരിക്കുകളേറ്റ പെൺകുട്ടിയെ ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിലേക്ക് മാറ്റിയതായും കുട്ടി നിലവിൽ അപകടനില തരണം ചെയ്തതായും പോലീസ് വ്യക്തമാക്കി.
എട്ടുവയസ്സുകാരൻ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് തല ഡെസ്കിൽ ഇടിക്കുന്നതും നിലത്തു വീണതിന് ശേഷവും അക്രമം തുടരുന്നതും പുറത്തുവന്ന സ്കൂളിലെ സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. അക്രമത്തിന് ശേഷവും തിരിച്ചെത്തി ഇഷ്ടികകൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി സ്കൂൾ മാനേജ്മെന്റിനെതിരെ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
അക്രമം നടത്തിയ കുട്ടിയ്ക്ക് എട്ടുവയസ്സ് മാത്രമാണ് പ്രായമെന്നതിനാൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ മാനസികാവസ്ഥ വിദഗ്ധരെക്കൊണ്ട് വിലയിരുത്താൻ പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏഴു വയസ്സിന് മുകളിലും 12 വയസ്സിന് താഴെയുമുള്ള കുട്ടികൾക്ക് തങ്ങളുടെ പ്രവൃത്തിയുടെ സ്വഭാവവും പ്രത്യാഘാതവും മനസ്സിലാക്കാനുള്ള പക്വതയില്ലെങ്കിൽ ക്രിമിനൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കുന്ന ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 21-ന്റെ സാധുതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മാനസികാരോഗ്യ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുട്ടിക്കെതിരെയുള്ള തുടർനടപടികൾ സ്വീകരിക്കുക.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഹരിയാണ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിക്കുകയും സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിൽ സമഗ്രമായ സുരക്ഷാ ഓഡിറ്റിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ ചികിത്സാച്ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Published: 01 Nov 2026, 03:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented