നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയം ഉയർത്തി പാർലമെൻറിനകത്തും പുറത്തും കേന്ദ്രത്തെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം. ഗുജറാത്തിലെ ഗോധ്രയിൽനിന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായ സ്വകാര്യ സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേൽ ഉൾപ്പടെ മുപ്പതോളം പേർ കേസിൽ ഇതിനകം പിടിയിലായി കഴിഞ്ഞു. ഗുജറാത്ത്, ബിഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സി.ബി.ഐ. അന്വേഷണവും പുരോഗമിക്കുകയാണ്. 

To advertise here,

ഇതിനിടെ, നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയത് ഇന്ത്യ സഖ്യം ആണെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതിലെ വിവരണത്തിൽ പറയുന്നത് - ' യുജി നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ ആറ് പ്രതികൾ ജാർഖണ്ഡ് ഡിയോഗറിലെ കോൺഗ്രസ് ഓഫിസിൽ നിന്നും പിടിക്കപ്പെട്ടു. പ്രധാന പ്രതി താമസിച്ചത് തേജസ്വി യാദവിന്റെ സെക്രട്ടറി ബുക്ക് ചെയ്ത ഹോട്ടലിൽ. കലാപം സൃഷ്ടിക്കാനും വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കാനുമുള്ള ഇൻഡി സഖ്യത്തിന്റെ ഗൂഢ നീക്കം പൊളിയുന്നു '

യാഥാർഥ്യം അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്കിന്റെ ടിപ് ലൈനിൽ (8549006262) ലഭിച്ച ഈ വീഡിയോ പരിശോധിച്ചതിൽനിന്നു പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. വിശദാംശങ്ങൾ ചുവടെ വായിക്കാം 

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയുടെ മുകൾ ഭാഗത്ത് 'പൾസ് കേരളം' എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. അതോടൊപ്പം വീഡിയോയിൽ ഇതിന്റെ ഇൻസ്റ്റഗ്രാം ഐഡി വാട്ടർമാർക്കായും നൽകിയിട്ടുമുണ്ട്. തുടർന്ന്, പൾസ് കേരളത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നു പ്രചരിക്കുന്ന വീഡിയോ കണ്ടെത്തി. ഇക്കഴിഞ്ഞ ജൂൺ 24-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ. ഉൾപ്പടെയുള്ള മാധ്യമങ്ങളുടെ മൈക്ക് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. എ.എൻ.ഐ. പ്രസിദ്ധീകരിച്ച ഈ വാർത്ത തുടർന്ന് അന്വേഷിച്ചു. കീ വേർഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ എഎൻഐയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ (നേരത്തെ ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടെത്തി.

 

നീറ്റ് ചോദ്യപേപ്പർ തട്ടിപ്പ് കേസിൽ പിടിയിലായ ആറുപേരെ മെഡിക്കൽ പരിശോധനയ്ക്കായി ജൂൺ 23-ന് പറ്റ്‌നയിലെ എൽ.എൻ.ജി.പി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഉള്ള ദൃശ്യങ്ങളാണിത്. ജൂൺ 21-ന് ജാർഖണ്ഡിലെ ദേവ്ഘറിൽ നിന്നാണ് ഇവർ പിടിയിലായത് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണം. 

placeholder
ഇന്ത്യൻ എക്‌സ്പ്രസിന്റെ വാർത്തയിൽ നിന്നുള്ള സ്‌ക്രീൻഷോട്ട്

ചിത്രത്തിൽ കാണുന്ന വ്യക്തികളുടെ ഇതേ സ്ഥലത്ത് നിന്ന് തന്നെയുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുമുള്ളത്.

https://www.business-standard.com/india-news/neet-ug-row-six-arrested-accused-undergo-medical-examination-in-patna-124062300420_1.html 

ദേവ്ഘർ എയിംസിന് സമീപം ഒരു ഫാം ഹൗസിൽ നിന്നാണ് ഇവരെ പിടികൂടിയത്. ജുന്നി സിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. ഇവരുടെ ഒളിയിടം സംബന്ധിച്ച് രഹസ്യ വിവരം ലഭിക്കുകയും തുടർന്ന നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ആറുപേരെയും പിടികൂടുകയും ചെയ്തതായാണ് പോലീസ് വ്യക്തമാക്കിയത്. ഇതിൽനിന്നു പ്രതികളെ പിടികൂടിയത് കോൺഗ്രസ് ഓഫീസിൽ നിന്നാണെന്ന വാദം വ്യാജമാണെന്ന് വ്യക്തമായി. 

ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവിന്റെ പേഴ്‌സണൽ സെക്രട്ടറി പ്രീതം കുമാറിന് നീറ്റ് ക്രമക്കേടിൽ പങ്കുണ്ടെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ആരോപിച്ചിരുന്നു. കേസിൽ പിടിയിലായവരിൽ പ്രധാനിയായ സിക്കന്തർ കുമാർ യാദവേന്ദുവിന് താമസ സൗകര്യം ഏർപ്പാടാക്കിയത് പ്രീതം ആണെന്നായിരുന്നു സിൻഹയുടെ ആരോപണം. 

ആവശ്യമെങ്കിൽ പ്രീതം കുമാറിനെ ചോദ്യം ചെയ്യണമെന്നാണ് തേജസ്വി യാദവ് ഇതിനോട് പ്രതികരിച്ചത്. അന്വേഷണ സംഘം തന്റെ സെക്രട്ടറിയെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും വിജയ് സിൻഹ മാത്രമാണ്  ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും തേജസ്വി കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല, ബിഹാറിലെ മറ്റൊരു ഉപ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ സമ്രാട്ട് ചൗധരി നീറ്റ് തട്ടിപ്പിൽ ഉൾപ്പെട്ട മറ്റൊരു പ്രതി അമിത് ആനന്ദിന് ഒപ്പം നിൽക്കുന്ന ചിത്രവും ഈ ആരോപണങ്ങൾക്കുള്ള മറുപടിയെന്നോണം തേജസ്വി പുറത്തുവിട്ടിരുന്നു. 

 

വാസ്തവം

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിലെ ആറു പ്രതികളെ ജാർഖണ്ഡിലെ കോൺഗ്രസ് ഓഫീസിൽ നിന്നാണ് പോലീസ് പിടികൂടിയത് എന്ന ആരോപണം വ്യാജമാണ്. കഴിഞ്ഞ ജൂൺ 21-ന് ജാർഖണ്ഡിലെ ദേവ്ഘറിലുള്ള ഒരു ഫാം ഹൗസിൽ നിന്നുമാണ് ഇവരെ അന്വേഷണ സംഘം പിടികൂടിയത്.