തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത വിജയ്‌യുടെ ആദ്യ നടപടികളിലൊന്ന് വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും പരിസരത്തുള്ള മദ്യശാലകൾ നീക്കം ചെയ്യാനുള്ള ഉത്തരവായിരുന്നു. ഒപ്പം, 200 യൂണിറ്റ് വരെയുള്ള സൗജന്യ വൈദ്യുതി പദ്ധതിയും, സ്ത്രീകളുടെ സുരക്ഷയ്ക്കും ലഹരി നിർമ്മാർജ്ജനത്തിനുമായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനുള്ള നിർദ്ദേശവും അദ്ദേഹം നടപ്പിലാക്കി.
ഈ പശ്ചാത്തലത്തിൽ വിജയ് ചുമതലയേറ്റ ശേഷം നടപ്പിലാക്കിയ പുതിയ പദ്ധതി എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 24 മണിക്കൂർ പട്രോളിംഗിനായി പോലീസ് ഡിപ്പാർട്ട്മെൻറിന് പുതിയ ബെക്കുകൾ നൽകി. എല്ലാ വാഹനങ്ങളിലും എം.ഡി.ടി മൊബൈൽ ട്രാക്കിംഗ് സംവിധാനം ഉണ്ട്. ഇതിന്‍റെ ഉദ്ഘാടന ദൃശ്യങ്ങളാണിത് എന്ന തരത്തിലാണ് പ്രചാരണം.
എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
അന്വേഷണം
വിജയ് ചുമതലയേറ്റ ശേഷം പോലീസ് പട്രോളിംഗ് പദ്ധതിക്കായി പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയെങ്കിൽ അത് തീർച്ചയായും വാർത്തയായെനേ. എന്നാൽ അത്തരം റിപ്പോർട്ടുകളൊന്നും തന്നെയില്ല. വൈറൽ ദൃശ്യങ്ങളിൽ തമിഴ് വാർത്താ ചാനലായ 'പോളിമർ ന്യൂസി'ന്റെ ലോഗോ കാണാം. അന്വേഷണത്തിൽ, പോളിമർ ന്യൂസിന്‍റെ ഫേസ്ബുക്ക് പേജിൽ 2026 ജനുവരി 25-ന് ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. "സേലം എസ്.പിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ പോലീസ് പട്രോളിംഗ് ആരംഭിച്ചു" എന്നാണ് വാർത്തയുടെ തലക്കെട്ട്.
ഇതിൽ പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത്- “സേലം ജില്ലയിൽ ഇന്ന് 11 പുതിയ പട്രോളിംഗ് വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഈ വാഹനങ്ങൾ 24 മണിക്കൂറും പട്രോളിംഗിൽ ഉണ്ടായിരിക്കും. രണ്ട് പോലീസുകാർ വീതം മൂന്ന് ഷിഫ്റ്റുകളിലായാണ് ഇതിൽ ജോലി ചെയ്യുന്നത്. എല്ലാ വാഹനങ്ങളിലും എം.ഡി.ടി (Mobile Data Terminal) എന്ന മൊബൈൽ ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി കൺട്രോൾ റൂമിലിരുന്ന് വാഹനങ്ങൾ എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. നിലവിൽ ആത്തൂർ, തലൈവാക്കൽ, മേട്ടൂർ ടൗൺ, ഓമലൂർ, സംഗഗിരി എടപ്പാടി, വാഴപ്പാടിയിലെ വാഴപ്പാടി, ഏത്തപ്പൂർ, റൂറൽ സബ് ഡിവിഷനിലെ മല്ലൂർ പോലീസ് സ്റ്റേഷൻ പരിധി എന്നിവിടങ്ങളിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്” എന്നാണ്.
പ്രചരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോഴത്തേതല്ല മറിച്ച് കഴിഞ്ഞ ജനുവരിയിലേതാണെന്ന് വ്യക്തമായി. സേലം ജില്ലാ പോലീസ് സൂപ്രണ്ട് ഗൗതം ഗോയൽ പുതിയ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചിത്രങ്ങൾ സേലം പോലീസിന്റെ ഔദ്യോഗിക പേജിലും പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രത്തിനൊപ്പം നൽകിയ വിവരണത്തിൽ പറയുന്നത്- “ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരീക്ഷണം ശക്തമാക്കുന്നതിനും അടിയന്തര സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി 24 മണിക്കൂർ ഇരുചക്രവാഹന പട്രോളിംഗ് സർവീസിന്റെ ആദ്യഘട്ടത്തിന് സേലം ജില്ലാ പോലീസ് തുടക്കം കുറിച്ചു. അടിയന്തര ഹെൽപ്പ് ലൈൻ കോളുകളോട് ഉടനടി പ്രതികരിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ." എന്നാണ്.
വിജയ് മുഖ്യമന്ത്രിയായി വരുന്നതിനും ഏതാനും മാസങ്ങൾക്ക് മുൻപ് നടപ്പാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണിവ. ഇതിൽ നിന്നും ഈ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
വാസ്തവം
ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2026 ജനുവരിയിൽ സേലത്ത് ആരംഭിച്ച 24 മണിക്കൂർ പോലീസ് പട്രോളിംഗ് പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് തെറ്റായ വാദത്തോടെ പ്രചരിക്കുന്നത്.
Content Highlights: Debunking the viral video claiming a new police scheme under CM Vijay., The video is from January 2026, featuring Salem district police patrolling., Salem SP Gautam Goyal inaugurated the patrol service months before Vijay took office., The 24-hour patrolling system was an existing initiative, not a new policy by the current administration.
Published: 18 May 2026, 06:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented