തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പങ്കെടുക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. വിജയിയുടെ ഭാര്യ സംഗീതയും മക്കളായ ജേസൺ സഞ്ജയ്, ദിവ്യ എന്നിവർ പങ്കെടുക്കാതിരുന്ന ചടങ്ങിൽ അദ്ദേഹത്തിന്‍റെ സുഹൃത്തായ നടി തൃഷയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധപിടിച്ചെടുക്കുകയും ചെയ്തു. സിനിമയ്ക്ക് അപ്പുറം ഇരുവരും തമ്മിലുള്ള ബന്ധം തമിഴ് രാഷ്ട്രീയത്തിലെ പഴയ 'എം.ജി.ആർ - ജയലളിത' കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നു എന്നായിരുന്നു പല ആരാധകരും വിലയിരുത്തിയത്.

To advertise here,

ഇതിനിടയിലാണ് വിജയിയുടെ മകൻ ജേസൺ സഞ്ജയ് തന്റെ പേരിലെ ഇനിഷ്യൽ മാറ്റാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. അച്ഛന്റെ പേരിനെ സൂചിപ്പിക്കുന്ന 'V' യ്ക്ക് പകരം അമ്മയുടെ പേരിന്റെ ആദ്യക്ഷരമായ 'S' ഇനിഷ്യലായി സ്വീകരിക്കാനാണ് സഞ്ജയിയുടെ നീക്കമെന്നാണ് വിവരം. നേരത്തെ മകൻ വിജയിയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതും വാർത്തയായിരുന്നു.

ഈ സാഹചര്യത്തിലാണ് ജേസൺ സഞ്ജയും നടി തൃഷയും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്ന എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ, ഈ ചിത്രം യഥാർത്ഥമല്ല എന്നതാണ് വാസ്തവം.

അന്വേഷണം

വൈറൽ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ജേസൺ സഞ്ജയിയുടേയും തൃഷയുടെയും മുഖത്തെ ചില ഭാഗങ്ങൾ മാത്രം വ്യക്തമല്ല എന്നത് ശ്രദ്ധിച്ചു.

കൂടാതെ, ചിത്രത്തിന്റെ താഴെ വലതു വശത്തായി ജെമിനി എഐ വാട്ടർമാർക്കും ഉണ്ട്. ഗൂഗുളിന്‍റെ എഐ ടൂളായ ജെമിനി ഉപയോഗിച്ച് നിർമ്മിച്ചതാണെന്നതിന്റെ തെളിവാണിത്. ജേസണിൻ്റെയും തൃഷയുടെയും സമൂഹമാധ്യമ പേജുകൾ പരിശോധിച്ചെങ്കിലും പ്രചരിക്കുന്ന പോലൊരു ചിത്രം ഇരുവരും പോസ്റ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. സഞ്ജയിയുടെ ഫാൻ പേജിൽ 2025 ജൂൺ 23-ന് സമാനചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ ചിത്രത്തിൽ ഇയാൾ തനിച്ചാണ് ഒപ്പം തൃഷയില്ല. ഇതിനുപുറമെ, നിൽക്കുന്ന വശത്തിലും പോസിലും മാറ്റങ്ങളുണ്ട്. മാത്രമല്ല, പ്രചരിക്കുന്ന ചിത്രത്തിൽ ഇയാൾ ചിരിക്കുന്നുണ്ടെങ്കിലും ഫാൻ പേജിലെ ചിത്രത്തിൽ അങ്ങനെയല്ല. വൈറൽ ചിത്രം യഥാർത്ഥമല്ല എന്ന സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

തുടർന്ന് വൈറൽ ചിത്രം എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചു. ചിത്രം 99.9 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതം.