മുഖ്യമന്ത്രി ജോസഫ് വിജയ് തമിഴ്നാട്ടിലെ ജനങ്ങൾക്കായി പുതിയ ജനപ്രിയ ചികിത്സാ പദ്ധതി പ്രഖ്യാപിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. "രോഗി മരിച്ചാൽ ആശുപത്രി ബില്ല് ഇല്ല" എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റർ ആണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്. ഒട്ടേറെപ്പേർ ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്‌ലൈനിൽ ബന്ധപ്പെട്ടു. എന്നാൽ, ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ, ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.

To advertise here,

അന്വേഷണം

പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്ന വിവരങ്ങൾ ഉപയോഗിച്ച് കീവേർഡ് സർച്ച് ചെയ്തന്വേഷിച്ചു. വാട്സാപ്പിന് പുറമെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെപ്പേർ ഇതേ സന്ദേശം വീഡിയോയായും പോസ്റ്റായും പങ്കിട്ടിട്ടുണ്ട്. ഇത് സത്യമാണെന്ന് വിശ്വസിച്ച് പലരും ഈ കണ്ടെൻ്റുകൾക്ക് താഴെ വിജയിയെ പ്രശംസിച്ച് കമ്മൻ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

വിജയ് ഇങ്ങനെയൊരു പദ്ധതി പ്രഖ്യാപിക്കുകയോ അതിനായി ഉത്തരവ് ഇറക്കുകയോ ചെയ്തതായി ഔദ്യോഗിക റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. തമിഴ്‌നാട് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലോ അനുബന്ധ സോഷ്യൽ മീഡിയ പേജുകളിലോ പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും നൽകിയിട്ടില്ല. വിജയ് അധികാരമേറ്റ ശേഷം സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം സമ്മാനമായി നൽകുന്ന ചില ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, പ്രചരിക്കുന്ന പോസ്റ്ററിൽ പറഞ്ഞിരിക്കുന്നതുപോലൊരു പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായെനെ. എന്നാൽ, പ്രധാനവാർത്താ മാധ്യമങ്ങളൊന്നും ഇങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ചികിത്സയ്ക്കിടെ രോഗി മരിച്ചാൽ ആശുപത്രികൾ ബില്ല് ഈടാക്കരുത് എന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ ഇല്ല.