കാൻസർ ബാധിതർക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ഹാപ്പി ലോങ് ലൈഫ് പദ്ധതി യുഡിഎഫ് സർക്കാർ നിർത്തിയെന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'ഹാപ്പി ലോങ് ലൈഫ് വെട്ടി സർക്കാർ കാൻസർ രോഗികൾക്ക് ഇനി കെഎസ്ആർടിസിയിൽ സൗജന്യ യാത്രയില്ല’ എന്നാണ് പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നത്. ഇതിൻ്റെ വാസ്തവമന്വേഷിച്ച് ഒട്ടേറെപ്പെർ മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. എന്നാൽ, ഞങ്ങൾ നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

അന്വേഷണം

2025 നവംബറിൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം കാൻസർ ബാധിതർക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസുകളിൽ സൗജന്യ യാത്രയും സീറ്റ് മുൻഗണനയും ലഭിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രമുൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കുന്നവർക്ക് ആറ് മാസത്തേക്ക് ഉപയോഗിക്കാവുന്ന ട്രാവൽ കാർഡുകൾ അനുവദിക്കും. ആശുപത്രികളിലേക്കുള്ള ചികിത്സാ യാത്രകൾ സുഗമമാക്കുക എന്നതായിരുന്നു ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യംവെച്ചത്.

എന്നാൽ, കാർഡുകളുടെ കാലാവധി കഴിഞ്ഞതിന് ശേഷം പുതുക്കി നൽകുകയോ പുതിയ അപേക്ഷകൾ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന പരാതി ഈ അടുത്തായി ഉയർന്നുവന്നിരുന്നു. പിന്നാലെയാണ് ഹാപ്പി ലോങ് ലൈഫ് പദ്ധതി നിലച്ചുഎന്ന അകശവാർത്തോടെ പോസ്റ്ററുകൾ പ്രത്യക്ഷപെടാൻ തുടങ്ങിയത്. ഇതോടെ വിശദീകരണവുമായി കെ.എസ്.ആർ.ടി.സി രംഗത്തുവന്നു.

കെ.എസ്.ആർ.ടി.സി പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ പറയുന്നത്.

“ കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലും മറ്റ് ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണ്. ക്യാൻസർ രോഗികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടപടികൾ മൂലം പുതുക്കി നൽകേണ്ട കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നു. പ്രസ്തുത സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് കാർഡ് വിതരണം പുനരാരംഭിച്ചിട്ടുമുണ്ട്. എന്നാൽ നിലവിൽ ഉപയോഗിച്ച് വരുന്ന വാലിഡ് ആയിട്ടുള്ള കാർഡുകൾ ഉപയോഗിച്ചുള്ള സൗജന്യയാത്ര യാതൊരു തടസ്സവും കൂടാതെ തുടർന്നുവരികയുമായിരുന്നു. അതിനാൽ, ക്യാൻസർ രോഗികൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ പൊതുജനങ്ങളിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നതാണ്. പൊതുജനങ്ങളും സാമൂഹ്യമാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക അറിയിപ്പുകൾ മാത്രമാണ് വിശ്വസിക്കേണ്ടതെന്നും അഭ്യർത്ഥിക്കുന്നു.”

വിശദവിവരങ്ങൾക്കായി കെ.എസ്.ആർ.ടി.സി ഓഫീസുമായി ബന്ധപ്പെട്ടു. ക്യാൻസർ രോഗികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടപടികൾ മൂലം പുതുക്കി നൽകേണ്ട കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നു . ഈ സാങ്കേതിക പ്രശ്നം പരിഹരിച്ച് കാർഡ് വിതരണം പുനരാരംഭിച്ചിട്ടുണ്ട് എന്ന് അവർ മാതൃഭൂമിയോട് വ്യക്തമാക്കി.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ഹാപ്പി ലോങ് ലൈഫ് പദ്ധതി സർക്കാർ നിർത്തലാക്കിയിട്ടില്ല