തിരുവനന്തപുരം: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭയാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രശ്‌നങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് തിരുത്തേണ്ട കാര്യങ്ങൾ തിരുത്തുകയാണ് ബന്ധപ്പെട്ടവർ ചെയ്യേണ്ടത്. എന്നാൽ അത്തരം വീണ്ടുവിചാരം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി വിതണ്ഡവാദങ്ങൾ ഉന്നയിക്കുകയാണ്. പകരം മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

മന്ത്രിസഭയിൽ ഭിന്നതയുണ്ട്. ഗൗരവമേറിയ വിഷയങ്ങൾ കെപിസിസി പ്രസിഡന്റിനോട് പോലും മുഖ്യമന്ത്രി ചർച്ച ചെയ്യുന്നില്ല. അതിൽ തന്റെ അതൃപ്തി കെപിസിസി പ്രസിഡന്റ് പരസ്യമായി തന്നെ മാന്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. മന്ത്രിസഭായോഗത്തിലും അത് അറിയിച്ചുവെന്നാണ് വിവരം. സ്വന്തം പാർട്ടിയെയോ മുന്നണിയെയോ വിശ്വാസത്തിലെടുക്കാത്ത രീതിയാണ് മുഖ്യമന്ത്രിക്കുള്ളത്. എന്നിട്ടുപോലും എൽഡിഎഫ് സർക്കാരിനെ കുറ്റം പറയാനാണ് മുഖ്യമന്ത്രി മെനക്കെടുന്നത്. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരിക്കൽ പോലും ഇത്തരമൊരു പ്രശ്‌നം നേരിടേണ്ടി വന്നിട്ടില്ലെന്നതാണ് വാസ്തവം. ടീം യുഡിഎഫ് ഒരു ടീം അല്ലാതായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിലപാടിന്റെ ഭാഗമായാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യമല്ല, ഏകാധിപത്യത്തിനെതിരേയുള്ള പ്രതികരണമാണെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം.

യുഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു. വാഗ്ദാനങ്ങളിൽ നിന്നുള്ള യുടേണാണ് ഇപ്പോൾ കാണുന്നത്. സർക്കാരിന്റെ ഏകാധിപത്യ രീതികളും പോലീസ് രാജ് പ്രവണതകളും സംസ്ഥാനത്ത് പ്രകടമാകുന്നുണ്ട്. സർക്കാരിന്റെ വാക്കുകൾ ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. നിയമസഭയിലെ മൂന്ന് ബിജെപി അംഗങ്ങൾക്കും ആ സംഘടനയ്ക്കും യുഡിഎഫ് സർക്കാരിനെ കുറിച്ച് നല്ല മതിപ്പും അംഗീകാരവും പിന്തുണയുമാണുള്ളത്. തങ്ങളുടെ സർക്കാരാണ് അധികാരത്തിലുള്ളത് എന്ന പോലെയാണ് അവർ കരുതുന്നത്. അത്രത്തോളം സംഘപരിവാർ വിധേയത്വമാണ് യുഡിഎഫ് സർക്കാർ കാണിക്കുന്നത്.

ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് ബദലായി മുൻപ് കേരളം ഉയർത്തിപ്പിടിച്ച 'കേരള മോഡൽ' സർക്കാർ ഉപേക്ഷിച്ചിരിക്കുകയാണ്. പകരം കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും നയങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ തനതായ വികസന മാതൃകയെ തകർത്തുകളയുകയാണ്. പ്രധാനപ്പെട്ട കിഫ്ബി പദ്ധതികൾ പോലും പ്രതിസന്ധിയിലായി നിലയ്ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ ഭരണനടപടികൾ കേരളത്തിന്റെ ഭാവിക്ക് കനത്ത ആഘാതമായി മാറിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.