പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിനു വേണ്ടി ചാര പ്രവർത്തനം നടത്തിയ ഇന്ത്യക്കാരനായ എഞ്ചിനീയർ ബഹ്റൈനിൽ അറസ്റ്റിലായി എന്ന ആരോപണത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. കൈവിലങ്ങണിഞ്ഞ ഒരു യുവാവിന്‍റെ ചിത്രം ഉൾപ്പടെയാണിത്.

To advertise here,

പാക് മാധ്യമമായ റോസെ ന്യൂസിന്‍റെ സോഷ്യൽ മീഡിയ ഹാൻറിലിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത് ഇപ്രകാരമാണ് -

“ ബഹ്റൈനിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ജിയോസ്പേഷ്യൽ ഡാറ്റ, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ എന്നിവ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് കൈമാറിയതിന് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറായ ഇന്ത്യൻ പൗരൻ നിതിൻ മോഹനെ ബഹ്‌റൈൻ അധികൃതർ കസ്റ്റഡിയിലെടുത്തു.

ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല”.

പരിശോധനയിൽ പാക്‌ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ്സ് ഓഫ് പാകിസ്താൻ ഉൾപ്പടെ പാകിസ്താനിലെ പ്രധാന മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. പാക് അനുകൂല സമൂഹമാധ്യമ ഹാൻറിലുകളും ഇതേ സന്ദേശം അതിവ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

നിതിൻ മോഹൻ എന്ന ഇന്ത്യൻ പൗരൻ ബഹ്‌റൈനിൽ അറസ്റ്റിലായതായി വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും അന്വേഷണത്തിൽ കണ്ടെത്താനായില്ല. അതേസമയം, ആറ് ഏഷ്യൻ പൗരന്മാരെ സൈബർ ക്രൈം വിഭാഗം പിടികൂടിയതുമായി ബന്ധപ്പെട്ട് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം മാർച്ച് 9-ന് പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പ് ലഭിച്ചു. പാകിസ്താൻ സ്വദേശികളായ മുഹമ്മദ് മുവാർ അക്ബർ, അഫ്സൽ ഖാൻ, അഹമ്മദ് മുംതാസ്, അർസ്ലാൻ അലി സാജിദ്, അബ്ദുൾ റഹ്മാൻ അബ്ദുൾ സത്താർ, ബംഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് ഇസ്രാഫിൽ മിർ എന്നിവരാണ് പിടിയിലായത് .

 

ബഹ്റൈനിൽ ഇറാൻ നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പങ്കുവച്ചു, ക്രമസമാധാനത്തെ തകർക്കുന്ന വിധത്തിൽ ശത്രുതാപരമായ പ്രവൃത്തികളോട് സഹതപിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്തു, പൗരന്മാർക്കും പ്രവാസികൾക്കും ഇടയിൽ ഭയം ജനിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പങ്കിട്ടു എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അഭ്യന്തരമന്ത്രാലയത്തിൻറ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ ഇത്‌സംബന്ധിച്ച് നൽകിയ പോസ്റ്റുകൾ ചുവടെ കാണാം. ഇതിലൊന്നും ഇന്ത്യൻ പൗരൻ പിടിയിലായതായോ മൊസാദുമായി ബന്ധപ്പെട്ട ചാരവൃത്തിയെക്കുറിച്ചോ പരാമർശിക്കുന്നില്ല.

ബഹ്റൈൻ ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഔദ്യോഗിക ഇൻസ്റ്റ പേജിലും ഈ അറസ്റ്റ് വിവരങ്ങൾ പങ്കുവച്ചിരുന്നു.

https://www.instagram.com/p/DVrAuEwiLIC/ 

മാത്രമല്ല, ബഹ്റൈൻ ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഇൻസ്റ്റ പേജ് പരിശോധിച്ചാൽ പ്രചരിക്കുന്ന ചിത്രത്തിൽ കാണുന്ന അതേ ബാക്ക്‌ഗ്രൗണ്ടിലുള്ള, ക്രിമിനൽ കേസുകളിൽ പിടിയിലായവരുടെ ചിത്രങ്ങളെല്ലാം മുഖം വ്യക്തമാക്കാതെയാണ് പോസ്റ്റ് ചെയ്തതെന്ന് കാണാം. എന്നാൽ, വൈറൽ പോസ്റ്റിലുള്ള യുവാവിന്‍റെ മുഖം വ്യക്തമാണ്.

തുടർന്ന് വൈറൽ ചിത്രം വിശദമായി പരിശോധിച്ചു. ചിത്രത്തിൽ കാണുന്ന വ്യക്തിയുടെ കണ്ണുകൾ പരിശോധിച്ചാൽ അതിൽ ഇടത് കണ്ണിൽ മാത്രം റിഫ്ലക്ഷൻ കാണാം. മാത്രമല്ല, ചിത്രത്തിന് അസാധാരണമായ ക്ലാരിറ്റിയും സ്മൂത്ത്നെസ്സും ഉണ്ട്. സാധാരണ നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ചിത്രങ്ങളിൽ ഇത് സധാരണമാണ്. തുടർന്ന് പ്രചരിക്കുന്ന ചിത്രം എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചതിൽ നിന്നും ചിത്രം നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണ് എന്ന ഫലമാണ് ലഭിച്ചത്.

മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യൻ പൗരൻ അറസ്റ്റിലായി എന്ന പ്രചാരണം വ്യാജമാണെന്ന് കേന്ദ്ര സർക്കാറിന്‍റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഔദ്യോഗിക എക്സ് ഹാൻറിലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.