തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് സി. ജോസഫ് വിജയ് മെയ് 10-നാണ് ചുമതലയേറ്റത്. ഇതിനു പിന്നാലെ സംസ്ഥാനത്ത് ശക്തമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലെ ഹിന്ദി എഴുത്തുകളിൽ കറുപ്പ് സ്പ്രേ പെയിൻറ് അടിക്കുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ, പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

To advertise here,

അന്വേഷണം
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഹിന്ദി വിരുദ്ധ പ്രക്ഷോഭം നടന്നിരുന്നെങ്കിൽ അത് സ്വഭാവികമായും വാർത്തയായേനെ. എന്നാൽ, അത്തരം റിപ്പോർട്ടുകളൊന്നും തന്നെയില്ല. പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഇതേ ദൃശ്യങ്ങൾ അടങ്ങിയ ഒരു വാർത്ത കണ്ടെത്തി. 2026 മാർച്ച് 12-ന് തമിഴ് മാധ്യമമായ സൺ ന്യൂസിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ദൃശ്യങ്ങളാണിത്. ‘മെയ് 17 സമരക്കാർ ചെന്നൈ റെയിൽവേ സ്റ്റേഷനുകളിലെ ഹിന്ദിൽ എഴുതിയ വാക്കുകൾ നശിപ്പിച്ചു’ എന്നാണ് വീഡിയോക്കൊപ്പം നൽകിയ വിവരണം. കൂടാതെ ഹിന്ദി പ്രതിഷേധം എന്ന ഹാഷ്ടാകും കാണാം. 

തുടർന്ന് എന്താണ് വാർത്തയിൽ പറയുന്ന ‘മെയ് 17 മൂവ്മെൻറ്’ എന്ന് പരിശോധിച്ചു. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ തമിഴ് ജനതയ്‌ക്കെതിരെ നടന്ന വംശഹത്യയിൽ നീതി തേടി സാമൂഹിക പ്രവർത്തകനായ തിരുമുരുകൻ ഗാന്ധി 2009-ൽ തമിഴ്‌നാട്ടിൽ രൂപീകരിച്ച രാഷ്ട്രീയ-പൗരാവകാശ പ്രസ്ഥാനമാണ് മെയ് 17 മൂവ്‌മെന്റ്.

വിശദമായ പരിശോധനയിൽ ചെന്നൈയിലെ വിവിധ സ്റ്റേഷനുകളിൽ മേയ് 17 പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബോർഡുകളിലെ ഹിന്ദി വാക്കുകൾ കറുത്ത മഷി ഒഴിച്ച് മായ്ച്ചുകളയുന്ന സമരം നടന്നതായുള്ള വാർത്തകൾ ലഭിച്ചു. 2026 മാർച്ച് 12-ന് ഇന്ത്യൻ എക്സ്പ്രസ്സ് തമിഴ് പ്രസിദ്ധീകരിച്ച വാർത്തയിൽ തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ ചെന്നൈയിലെ റെയിൽവേ സ്റ്റേഷനുകളിൽ സമരം സംഘടിപ്പിച്ചതിനെ പറ്റിയാണ് പറയുന്നത്. ചെന്നൈയിലെ പാർക്ക് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ബോർഡുകളിലുണ്ടായിരുന്ന ഹിന്ദി വാക്കുകൾ മായ്ച്ചുകൊണ്ടായിരുന്നു മേയ് 17 പ്രസ്ഥാനം പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത് എന്നും റിപ്പോർട്ടിലുണ്ട്. ഇതിൽനിന്നു പ്രചരിക്കുന്ന വീഡിയോ 2026 മാർച്ച് 12-ന് നടന്ന പ്രതിഷേധത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. അതായത് വിജയ് മുഖ്യമന്ത്രിയാകുന്നതിന് രണ്ട് മാസം മുൻപുള്ള ദൃശ്യങ്ങളാണിവ. പ്രചാരണം വ്യാജമാണെന്ന് ഇതിൽനിന്നു സ്ഥിരീകരിക്കാം. 

വാസ്തവം
ഈ പ്രചാരണം വ്യാജമാണ്. 2026 മാർച്ച് മാസത്തിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാട്ടിൽ നടന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളാണ് തെറ്റായ വാദത്തോടെ പ്രചരിക്കുന്നത്.