അത്യുഷ്ണത്തിൽ വലയുകയാണ് നാട്. ചെറിയ വേനൽമഴ ചിലയിടങ്ങളിൽ ലഭിച്ചുവെന്ന ആശ്വാസം ഉണ്ടെങ്കിലും വരുന്ന ഏപ്രിൽ 14 വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഈ അവസരത്തിൽ ഒരു സന്ദേശം വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഠിനമായ ചൂടിൽ കൈക്കൊള്ളേണ്ട മുൻകരുതലുകൾ എന്ന തരത്തിലാണിത്.
ചൂടുള്ള മാസങ്ങളിൽ പുറത്ത് പോയിവന്ന ഉടൻ തന്നെ തണുത്ത വെള്ളത്തിൽ കുളിക്കുകയോ തണുത്തവ കുടിക്കുകയോ ചെയ്യരുത് എന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇത് രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും പക്ഷാഘാതം ഉണ്ടാവുന്നതിനും കാരണം ആകുമെന്നാണ് അവകാശവാദം. ഈ പ്രചാരണം തീർത്തും തെറ്റാണ്. വിശദമായ ഫാക്ട് ചെക്ക് ചുവടെ വായിക്കാം.

അന്വേഷണം
40 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപതരംഗത്തിനായി തയ്യാറാകുക എന്ന മുന്നറിയിപ്പോടു കൂടിയാണ് സന്ദേശം ആരംഭിക്കുന്നത്. തണുത്ത വെള്ളം ഒഴിവാക്കണം എന്നും എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം കുടിക്കണം എന്നുമുള്ള നിർദേശങ്ങളാണ് പിന്നീടിതിൽ.
40 ഡിഗ്രി താപനിലയുള്ളപ്പോൾ തണുത്ത വെള്ളം കുടിക്കാൻ പാടില്ലെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നതിനു കാരണമായ ചില കഥകളാണ് തുടർന്ന് സന്ദേശത്തിലുള്ളത്. ചൂടിൽനിന്നു രക്ഷപ്പെടാനായി തണുത്ത വെള്ളത്തിൽ കാലുകൾ കഴുകിയതിനാൽ ഒരു യുവ ഡോക്ടർ കുഴഞ്ഞു വീണുവെന്നും ചൂടിൽനിന്ന് രക്ഷ നേടാൻ തണുത്ത വെള്ളം കുടിച്ച ഒരാൾക്ക് സ്ട്രോക്ക് വന്നു എന്നുമാണ് കഥകൾ. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ചെറു ചൂടുവെള്ളം പതുക്കെ കുടിക്കുക എന്നുള്ള ഉപദേശവും ഒപ്പമുണ്ട്.
വിശദ വിവരങ്ങൾക്കായി രണ്ട് ഡോക്ടർമാരുമായി ബന്ധപ്പെട്ടു. പ്രചാരണം തീർത്തും വ്യാജമാണ് എന്ന് ഇരുവരും വ്യക്തമാക്കി. അവരിൽ ഒരാൾ മാതൃഭൂമി ഫാക്ട് ചെക്കിനോട് പങ്കുവെച്ച വിവരങ്ങൾ ഇങ്ങനെയാണ്:
'ബാഹ്യമായ താപനിലയിൽ വ്യത്യാസങ്ങളുണ്ടായാലും ആന്തരിക ശരീര ഊഷ്മാവിനെ നിയന്ത്രിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. എന്നാൽ ചില ഘട്ടങ്ങളിൽ ശരീരത്തിന് ഈ ഊഷ്മാവ് നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യം വരുകയും ശരീരോഷ്മാവ് 40 ഡിഗ്രിക്ക് മുകളിൽ എത്തുകയും ചെയ്യും (ഏകദേശം 37 ഡിഗ്രി ആണ് സാധാരണ ശരീര ഊഷ്മാവ്). ഇതിനെ ഹൈപെർതെർമിയ എന്നാണ് പറയുന്നത്. നമ്മുടെ ശരീരത്തിന്റെ ഊഷ്മാവിനെയാണ് ഇവിടെ കണക്കാക്കുന്നത് അല്ലാതെ പുറത്തെ താപനിലയല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. മറ്റൊരു കാര്യമെന്തെന്നാൽ, ഹൈപ്പർതെർമിയ കൈകാര്യം ചെയ്യാനുള്ള മാർഗ്ഗനിർദേശങ്ങളിൽ 'കോൾഡ് വാട്ടർ ഇമ്മേർഷൻ' എന്ന പ്രക്രിയ നിർദേശിച്ചിട്ടുണ്ട്. അതായത് ഹൈപ്പർതെർമിയ ഉണ്ടായ വ്യക്തിയെ പൂർണ്ണമായോ ഭാഗികമായോ തണുത്ത വെള്ളത്തിൽ ഇരുത്തുക എന്നതാണ്. അതേസമയം കൺജസ്റ്റീവ് ഹാർട്ട് ഫെയ്ല്യർ (ഹൃദയപരിക്ഷീണിതാരോഗം) ഉള്ളവരോട് കടുത്ത ചൂടിൽനിന്നും കനത്ത തണുപ്പിൽനിന്നും വിട്ടുനിൽക്കാനായി ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ചൂടോ തണുപ്പോ അധികമാകുന്നത് ഇവരുടെ ദുർബലമായ ഹൃദയത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കും എന്നതിനാലാണിത്.'

ഹൈപ്പർതെർമിയ കൈകാര്യം ചെയ്യാനുള്ള മാർഗ്ഗനിർദേശങ്ങളെ കുറിച്ച് കൂടുതൽ വായിക്കാം:
https://handbook.bcehs.ca/clinical-practice-guidelines/i-environmental-emergencies/i02-hyperthermia/
https://emedicine.medscape.com/article/166320-guidelines?form=fpf
വാസ്തവം
ചൂടുകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നതും തണുത്ത വെള്ളം കുടിക്കുന്നതും പക്ഷാഘാതത്തിന് കാരണമാകുമെന്ന പ്രചാരണം വ്യാജമാണ്. ഇത്തരത്തിലുള്ള കേസുകൾ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Content Highlights: It is claimed to cause constriction of blood vessels and cause paralysis | Fact Check
Published: 11 Apr 2024, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented