'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന സ്റ്റാൻഡ്അപ് കോമഡി ഷോയ്ക്കിടെ നടത്തിയ അശ്ലീല പരാമർശത്തിന്റെ പേരിൽ പ്രശസ്ത യൂട്യൂബറും പോഡ്കാസ്റ്ററുമായ രൺവീർ അലഹ്ബാദിയ നിയമനടപടി നേരിടുകയാണ്. രൺവീറിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പ്രശസ്ത യൂട്യൂബർ സമയ് റെയ്‌ന ഉൾപ്പെടെ ഷോയിൽ പങ്കെടുത്ത നിരവധി പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

To advertise here,

കേസെടുത്തതിന് പിന്നാലെ കുറ്റബോധം കൊണ്ട് രൺവീർ കരയുന്നതായി ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'ഞാൻ കാരണം എല്ലാ ജോലികളും നിർത്തിയതിൽ എനിക്ക് വിഷമം തോന്നുന്നു. ഇപ്പോൾ എനിക്ക് കുറ്റബോധമുണ്ട്. ടീമിനോട് ഇക്കാര്യം തുറന്നുപറഞ്ഞു' എന്ന് രൺവീർ പറയുന്നത് വീഡിയോയിൽ കാണാം. 24 സെക്കന്റ് ദൈർഘ്യമുള്ള ഈ സംഭാഷണത്തിലും അശ്ലീലപദം ഉപയോഗിച്ചിട്ടുണ്ട്.
'ഉള്ള തെമ്മാ%ടിത്തരം എല്ലാം, ടീവിയിലൂടെ വിളിച്ച് പറഞ്ഞിട്ട് കേസ് എടുത്തപ്പോൾ, കിടന്ന് മുങ്ങുന്നത് കണ്ടില്ലേ.. എന്ന വിവരണത്തോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. 

placeholder
ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റിൻറെ സ്‌ക്രീൻഷോട്ട്

https://www.facebook.com/permalink.php?story_fbid=pfbid023WygNUtr6PHQ1f6ejnNjGJAsyxtw5fYmzeeXDzB2Z74c9jxrK9rEh25jUoeC6Pddl&id=100083121696541 

എന്നാൽ, പ്രചരിക്കുന്ന വീഡിയോ ഇപ്പോഴത്തെ വിവാദ പരാമർശത്തിന് ശേഷമുള്ളതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2021-ൽ കൊവിഡ്-19 സ്ഥിരീകരിച്ച ശേഷം രൺവീർ പങ്കുവച്ച വീഡിയോയാണിത്.

അന്വേഷണം

ഒരു കീവേർഡ് സെർച്ചിലൂടെ രൺവീർ അലഹ്ബാദിയയുടെ യുട്യൂബ് പേജിൽ അപ്ലോഡ് ചെയ്തിട്ടുള്ള സമാനമായ വീഡിയോ ഞങ്ങൾക്ക് ലഭ്യമായി. ''ഇത് ക്ലിക്ക്ബെയ്റ്റ് അല്ല - എന്റെ കോവിഡ്-19 അനുഭവം | Vlog 24' എന്ന വിവരണത്തോടെ 2021 ഏപ്രിൽ ഏഴിനാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. 8.16 മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോയുടെ 30 സെക്കൻഡിന് ശേഷമുള്ള ഭാഗമാണ് വൈറൽ ക്ലിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. COVID പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതും 14 ദിവസത്തേക്ക് ക്വാറന്റൈനിൽ പോകേണ്ടിവന്നതുമായ സാഹചര്യത്തിൽ ജോലി തടസപ്പെട്ടതിനെപ്പറ്റിയാണ് രൺവീർ ഈ വീഡിയോയിൽ പറയുന്നത്. രൺവീറിന്റെ അഭാവത്തിൽ തങ്ങൾ ചെയ്യുന്ന ജോലിയെക്കുറിച്ച് അദ്ദേഹത്തിന്റെ ടീം അംഗങ്ങൾ സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഇതിന്റെ പൂർണ്ണരൂപം കാണാം.

https://www.youtube.com/watch?v=C7Bs-Olg-b8Y 

ഇപ്പോൾ വൈറലായ സ്റ്റാൻഡ് അപ് കോമഡി ഷോയിലെ അശ്ലീല പരാമർശം പുറത്തുവന്നതിനുശേഷം രൺവീർ അലഹ്ബാദിയ എന്തെങ്കിലും പ്രതികരണം നടത്തിയിട്ടുണ്ടോ എന്നും ഞങ്ങൾ പരിശോധിച്ചു. ഷോയിലെ തന്റെ അശ്ലീല പരാമർശത്തിന് ക്ഷമാപണം നടത്തി രൺവീർ ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ഈ ക്ഷമാപണ വീഡിയോ ചുവടെ കാണാം.

https://www.instagram.com/p/DF5CTx_KX-S8/ 

ലഭ്യമായ വിവരങ്ങളിൽനിന്ന് രൺവീർ അലഹ്ബാദിയ കരയുന്ന വൈറൽ ക്ലിപ്പിന് ഏകദേശം നാല് വർഷം പഴക്കമുണ്ടെന്നും അടുത്തിടെയുണ്ടായ വിവാദവുമായി ഇതിന് ബന്ധമില്ലെന്നും വ്യക്തമായി.

വാസ്തവം

വൈറൽ വീഡിയോ 2021-ൽ കൊവിഡ് 19 സ്ഥിരീകരിച്ച സമയത്ത് രൺവീർ അലഹ്ബാദിയ പങ്കുവച്ചതാണ്. ഇതിന് ഇപ്പോഴത്തെ വിവാദ പരാമർശവുമായി ബന്ധമില്ല.


(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)