ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ കോൺഗ്രസ്സിനെ കടന്നാക്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ബുധനാഴ്ച ഛത്തീസ്ഗഡിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ മോദി കോൺഗ്രസ്സിനെതിരെ ആഞ്ഞടിച്ചു. കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ സ്വത്ത് പിന്തുടർച്ചാ നികുതി (ഇൻഹെറിറ്റൻസ് ടാക്‌സ്) നടപ്പാക്കുമെന്നാണ് മോദി ആരോപിച്ചത്. 

To advertise here,

മോദി പറഞ്ഞത്- 'പിന്തുടർച്ചാ നികുതി നടപ്പാക്കുമെന്ന് കോൺഗ്രസ് പറയുന്നു, നിങ്ങളുടെ മാതാപിതാക്കളിൽനിന്നു ലഭിക്കുന്ന സ്വത്തുക്കളുടെ പിന്തുടർച്ചാവകാശത്തിന് അവർ നികുതി ഏർപ്പെടുത്തും. കോൺഗ്രസ്സിന്റെ  കൊള്ള ജീവിതത്തിനൊപ്പവും ജീവിതത്തിന് ശേഷവും എന്നതാണ് അവരുടെ മുദ്രവാക്യം'.

മോദിയുടെ ഈ പ്രസംഗത്തിന്റെ വീഡിയോ നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. 

അന്വേഷണം

മരണപ്പെട്ട വ്യക്തിയുടെ അനന്തരാവകാശികൾക്ക് ലഭിക്കുന്ന ആസ്തി/സമ്പത്തിന്മേൽ ചുമത്തുന്ന നികുതിയാണ് സ്വത്ത് പിന്തുടർച്ചാ നികുതി എന്നത്. ജപ്പാൻ, യു.എസ്., ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഈ നികുതികൾ ചുമത്തുന്നുണ്ട്.

'ഇൻഹെറിറ്റൻസ് ടാക്സ്', 'കോൺഗ്രസ്' എന്നീ വാക്കുകൾ ഉപയോഗിച്ചുള്ള കീവേഡ് സെർച്ചിൽ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ യു.എസിലെ ഇൻഹെറിറ്റൻസ് ടാക്സിനെക്കുറിച്ച്  നടത്തിയ പരാമർശം വിവാദമായതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കണ്ടെത്തി.

വിവാദങ്ങളുടെ തുടക്കം

2024 ഏപ്രിൽ 24-നാണ് സാം പിത്രോദയെ എ.എൻ.ഐ. ഇന്റർവ്യൂ ചെയ്തത്.  'Is Congress advocating for Inheritance tax in India? Sam Pitroda drops big hint in this interview' എന്ന തലക്കെട്ടോടെ ഇതിന്റെ പൂർണ്ണ വീഡിയോ ഇവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ അഭിമുഖത്തിൽ നിന്നുള്ളൊരു ഭാഗം എ.എൻ.ഐ. ഇവരുടെ എക്‌സ് (ട്വിറ്റർ) അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ അഭിമുഖം നടത്തുന്ന വ്യക്തി പറയുന്നത് കേൾക്കാം- ''... പക്ഷേ സർ ഒരു കാര്യം... പ്രകടന പത്രികയിലുള്ള അല്ലെങ്കിൽ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിക്കുന്നത്... വോട്ട് ചെയ്ത് കോൺഗ്രസ്സിനെ അധികാരത്തിലെത്തിച്ചാൽ, രാജ്യത്ത് ആർക്കൊക്കെയാണ് സമ്പത്ത് ഉള്ളതെന്ന് പരിശോധിക്കാൻ പാർട്ടി ഒരു സർവേ നടത്തി ജനങ്ങൾക്കിടയിൽ സമ്പത്ത് പുനർവിതരണം ചെയ്യാനുള്ള പദ്ധതി കൈക്കൊള്ളുകയും ചെയ്യും...'

'അമേരിക്കയിൽ പിന്തുടർച്ചാ നികുതിയുണ്ട്. ഇൻഹെറിറ്റൻസ് ടാക്സ് നയമനുസരിച്ച് നൂറ് ദശലക്ഷം ഡോളർ ആസ്തിയുള്ള ഒരാൾ മരണപ്പെട്ടാൽ അതിൽ 45 ശതമാനം സമ്പത്ത് മാത്രമാണ് അനന്തരവകാശികൾക്ക് ലഭിക്കുക. ബാക്കി 55 ശതമാനം സർക്കാർ ഏറ്റെടുക്കും. നിങ്ങളും നിങ്ങളുടെ തലമുറയും ക്ഷേമത്തോടെ ജീവിച്ചു, ഇപ്പോൾ നിങ്ങൾ മടങ്ങുകയാണ്. നിങ്ങളുടെ സമ്പത്തിൽ ഒരു പങ്ക് പൊതുജനങ്ങൾക്കുള്ളതാണ്. ന്യായമായ കാര്യമാണിത് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയിൽ ഇത്തരത്തിലില്ല. 10 ബില്യൺ ആസ്തിയുള്ള ഒരാൾ മരിച്ചാൽ സ്വത്ത് മുഴുവൻ മക്കൾക്ക് ലഭിക്കുന്നു. പൊതുജനത്തിന് ഒന്നും കിട്ടില്ല. പകുതി നിങ്ങൾക്ക്, പകുതി പൊതുജനങ്ങൾക്ക് എന്നാണ് നിയമം പറയുന്നത്. (sic)' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

''അതിനാൽ ഇത്തരം വിഷയങ്ങളാണ് ആളുകൾ ചർച്ച ചെയ്യേണ്ടത്. അവസാനം ഇതിന്റെ പരിസമാപ്തി എന്താകുമെന്ന് എനിക്കറിയില്ല, പക്ഷേ, സ്വത്ത് പുനർവിതരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നമ്മൾ പറയുന്നത് ജനതാൽപ്പര്യാർത്ഥമുള്ള പുതിയ നയങ്ങളെ കുറിച്ചും പുതിയ പദ്ധതികളെ കുറിച്ചുമാണ്. അതിസമ്പന്നരുടെ മാത്രം താൽപ്പര്യത്തിലുള്ളതല്ല (sic)' എന്നും പിത്രോദ പറഞ്ഞു.

പ്രിത്രോദ യു.എസ്സിലുള്ള നികുതിയുടെ ഒരു ഉദാഹരണം നൽകുക മാത്രമായിരുന്നുവെന്നും ഇന്ത്യയിൽ അത്തരം നികുതി നടപ്പാക്കുന്നത്  അദ്ദേഹം നിർദ്ദേശിച്ചിട്ടില്ലെന്നും ഈ വീഡിയോയിൽനിന്ന് വ്യക്തമാണ്.

പിത്രോദയുടെ വിശദീകരണം

സ്വത്ത് പിന്തുടർച്ചാ നികുതിയുമായി ബന്ധപ്പെട്ട വിഷയം ഉയർന്നപ്പോൾ, തന്റെ പരാമർശങ്ങൾ ഗോദി മീഡിയ വളച്ചൊടിച്ചതാണെന്ന് സാം പിത്രോദ പറഞ്ഞിട്ടുണ്ട്.

''ഒരു വ്യക്തിയെന്ന നിലയിൽ യു.എസിലെ സ്വത്ത് പിന്തുടർച്ചാ നികുതിയെക്കുറിച്ച് ഞാൻ പറഞ്ഞത് കോൺഗ്രസ് പ്രകടനപത്രികയെക്കുറിച്ച് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്ന നുണകളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ഗോദി മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്. നിർഭാഗ്യകരമാണിത്. പ്രധാനമന്ത്രി പറഞ്ഞ താലി, സ്വർണം തട്ടിയെടുക്കൽ പോലുള്ളവ യാഥാർത്ഥ്യമല്ല (sic).' എന്നാണ് വിഷയത്തിൽ പിത്രോദ തന്റെ എക്‌സ് പോസ്റ്റുകളിലൂടെ പ്രതികരിച്ചത്.

കൂടാതെ, ''ടിവി പരിപാടിയിൽ ഒരു ഉദാഹരണമായി മാത്രമാണ് യു.എസിലെ പിന്തുടർച്ചാ നികുതിയെ കുറിച്ച് ഞാൻ പരാമർശിച്ചത്. എനിക്ക് വസ്തുതകൾ പരാമർശിക്കാനാവില്ലേ? ജനങ്ങൾ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണിവയെന്നാണ് ഞാൻ പറഞ്ഞത്. കോൺഗ്രസ് ഉൾപ്പെടെ ഒരു പാർട്ടിയുടെയും നയവുമായി ഇതിന് ബന്ധമില്ല (sic)... 55% നൽകേണ്ടി വരുമെന്ന് ആരാണ് പറഞ്ഞത്? ഇന്ത്യയിൽ ഇത്തരത്തിലൊന്ന് കൊണ്ടുവരണമെന്ന് ആരാണ് പറഞ്ഞത്? എന്തുകൊണ്ടാണ് ബിജെപിയും മാധ്യമങ്ങളും പരിഭ്രാന്തരാകുന്നത്? (sic)' എന്നും അദ്ദേഹം പറഞ്ഞു.

പ്രകടന പത്രികയിൽ ഇല്ലാത്ത പിന്തുടർച്ചാ നികുതി

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്സിന്റെ പ്രകടനപത്രികയിലെ 'നികുതിയും നികുതി പരിഷ്‌കാരങ്ങളും' എന്ന ഭാഗം പരിശോധിച്ചു. ഡയറക്ട് ടാക്സ് കോഡിന്റെ നിയമനിർമ്മാണം, ജി.എസ്.ടി. കൗൺസിലിന്റെ പുനർരൂപകൽപ്പന തുടങ്ങിയെക്കുറിച്ച് ഇതിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, സ്വത്ത് പിന്തുടർച്ചാ നികുതിയെക്കുറിച്ചോ അല്ലെങ്കിൽ പൂർവ്വികരുടെ സ്വത്ത്/സമ്പത്തിന്മേലുള്ള ഏതെങ്കിലും തരം നികുതിയെക്കുറിച്ചോ ഇതിൽ പരാമർശമില്ല.

പത്രികയിൽ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട്, ''വിവാഹം, പിന്തുടർച്ചാ അവകാശം, ദത്തെടുക്കൽ, രക്ഷാകർതൃത്വം തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവകാശം ഉണ്ടായിരിക്കണം.' എന്നെഴിതിയിട്ടുള്ള ഭാഗത്ത് മാത്രമാണ് 'പിന്തുടർച്ച' എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളു.

കോൺഗ്രസ് നേതാക്കളും പറഞ്ഞിട്ടില്ല

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും പാർട്ടി അധികാരത്തിൽ വന്നാൽ സ്വത്ത് പിന്തുടർച്ചാ നികുതി നടപ്പിലാക്കുമെന്നത് സംബന്ധിച്ച പരാമർശം കണ്ടെത്തിയില്ല.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരുടെ എക്സ് അക്കൗണ്ടുകളിലും ഇത്തരമൊരു നികുതിയെ കുറിച്ച് പരാമർശമില്ല. കൂടാതെ, ഇന്ത്യയിൽ പിന്തുടർച്ചാ നികുതി നടപ്പാക്കണമെന്ന് മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കൾ നിർദ്ദേശിച്ചതായോ റിപ്പോർട്ടുകളില്ല.

എന്നാൽ, രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്ത് കോൺഗ്രസ് നേതാവും അന്നത്തെ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം, രാജ്യത്ത് നികുതി-ജിഡിപി അനുപാതം കുറവായതിനാൽ സ്വത്ത് പിന്തുടർച്ചാ നികുതി സംബന്ധിച്ച ആശയം മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ട്. ''വിഭവസമാഹരണത്തിനുള്ള നമ്മളുടെ കഴിവിനെ നമ്മൾ ശരിക്കും കുറച്ചുകാണുകയാണ്, പ്രത്യേകിച്ച് നികുതി വിഭവങ്ങൾ. പദ്ധതിയേതര ചെലവുകൾ നിയന്ത്രിക്കാൻ പ്രയാസമുള്ളതിനാൽ, ശ്രദ്ധേയമായ ഉപഭോഗത്തിന് നികുതി ചുമത്തിയും സ്വത്ത് പിന്തുടർച്ചാ നികുതി ചുമത്തിയും നികുതി-ജി.ഡി.പി. അനുപാതം ഉയർത്തണം.' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ, അത്  യാഥാർത്ഥ്യമായില്ല.

എസ്റ്റേറ്റ് ഡ്യൂട്ടി ആക്റ്റ് 1953 നിരോധിച്ചത് രാജീവ് ഗാന്ധി സർക്കാർ

1953-ലെ എസ്റ്റേറ്റ് ഡ്യൂട്ടി ആക്ട് പ്രകാരം ഇന്ത്യയിൽ സ്വത്ത് പിന്തുടർച്ചയ്ക്ക് നികുതി ചുമത്തിയിരുന്നു. 1985-ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ഇത് നിർത്തലാക്കിയത്. സമൂഹത്തിൽ സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിലും സമ്പത്തിന്റെ അന്തരം കുറയ്ക്കുന്നതിലും ഈ നിയമം പരാജയപ്പെട്ടുവെന്നായിരുന്നു അന്ന് രാജ്യത്തിന്റെ ധനമന്ത്രിയായിരുന്ന വി.പി. സിങ്ങിന്റെ അഭിപ്രായം.

ബി.ജെ.പി. നേതാക്കളുടെ സ്വത്ത് പിന്തുടർച്ചാ നികുതി പരാമർശങ്ങൾ

സ്വത്ത് പിന്തുടർച്ചാ നികുതിയുടെ നേട്ടങ്ങളെക്കുറിച്ച് ബി.ജെ.പി. നേതാക്കൾ ഒന്നിലധികം തവണ സംസാരിച്ചിട്ടുണ്ട്. 2014-ലെ ഒരു റിപ്പോർട്ടിൽ പറയുന്നത് പ്രകാരം, സമ്പന്നരുടെ മരണശേഷം അനന്തരാവകാശികൾക്ക് കൈമാറുന്ന സ്വത്തിന് ഒരുതരം പിന്തുടർച്ചാ നികുതി കൊണ്ടുവരുന്നതിനെ ബി.ജെ.പിയുടെ ജയന്ത് സിൻഹ അനുകൂലിച്ചിരുന്നു.

വിദേശത്തുള്ള ആശുപത്രികൾ, സർവ്വകലാശാലകൾ തുടങ്ങിയവയ്ക്ക് സ്വത്ത് പിന്തുടർച്ചാ നികുതി കാരണം വൻതുക ലഭിക്കുന്നുണ്ടെന്ന് 2018-ൽ അരുൺ ജെയ്റ്റ്ലി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മോദി സർക്കാർ സ്വത്ത് പിന്തുടർച്ചാ നികുതി വീണ്ടും അവതരിപ്പിച്ചേക്കുമെന്ന് 2019 മുതലുള്ള ഒന്നിലധികം റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

കോൺഗ്രസ് നേതാക്കളുടെ പ്രതികരണം

സ്വത്ത് പിന്തുടർച്ചാ നികുതി നടപ്പാക്കാൻ പാർട്ടിക്ക് ഉദ്ദേശ്യമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിട്ടുണ്ട്.

''സ്വത്ത് പിന്തുടർച്ചാ നികുതി ഏർപ്പെടുത്താൻ കോൺഗ്രസിന് ഒരു പദ്ധതിയും ഇല്ല. വാസ്തവത്തിൽ, പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് 1985-ൽ എസ്റ്റേറ്റ് ഡ്യൂട്ടി നിർത്തലാക്കിയത്'' എന്ന് ജയറാം രമേശും പാർട്ടിയുടെ നിലപാടായി വ്യക്തമാക്കിയിട്ടുണ്ട്

ആരുടെയെങ്കിലും സ്വർണം എടുക്കുന്നതിനെക്കുറിച്ചോ സ്ത്രീകളുടെ താലിമാല തട്ടിയെടുക്കുന്നതിനെക്കുറിച്ചോ കോൺഗ്രസ് പ്രകടനപത്രികയിൽ എവിടെയും പറയുന്നില്ല. സാം പിത്രോദ പ്രകടനപത്രിക കമ്മിറ്റിയിൽ ഇല്ലെന്നുമാണ് ശശി തരൂർ പ്രതികരിച്ചത്. പിത്രോദ പറഞ്ഞത് കോൺഗ്രസ്സിന്റെ അജണ്ടയുടെ ഭാഗമായ കാര്യമല്ല മറിച്ച് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ആരുടെയും വ്യക്തിപരമായ അഭിപ്രായം എടുത്ത് കോൺഗ്രസ് പാർട്ടിയുടെ ഉദ്ദേശ്യമാണെന്ന് പറയാനാവില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

വാസ്തവം

സ്വത്ത് പിന്തുടർച്ചാ നികുതി നടപ്പാക്കാൻ പദ്ധതിയുള്ളതായി കോൺഗ്രസ് പറഞ്ഞതായി തെളിവില്ല. പാർട്ടി അധ്യക്ഷൻ ഖാർഗെയും മറ്റ് നേതാക്കളും പ്രസ്തുത അവകാശവാദം തള്ളിയിട്ടുണ്ട്. കോൺഗ്രസിന്റെ പ്രകടന പത്രികയിലും അത്തരത്തിലുള്ള ഒരു നികുതിയെ കുറിച്ചും പരാമർശിച്ചിട്ടില്ല. 

കോൺഗ്രസ് നേതാവ് സാം പിത്രോദയാണ് ഒരു അഭിമുഖത്തിൽ ഈ നികുതിയെ കുറിച്ച് പരാമർശിച്ചത്. എന്നാൽ, അമേരിക്കയിലുള്ളൊരു നികുതിയുടെ ഉദാഹരണം മാത്രമാണ് താൻ നൽകിയെതെന്ന് പിത്രോദയും വ്യക്തമാക്കിയിട്ടുണ്ട്.

(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് ചെക്കർ  പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)