റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'ഇന്ത്യയിലെ സാധാരണക്കാരുടെ വരുമാനം വർദ്ധിപ്പിക്കാൻ സാധ്യതയുള്ള ഒരു ഗെയിമിംഗ് ആപ്പായ 'അംബാനീസ് ഏവിയേറ്റർ' പുറത്തിറക്കിയിട്ടുണ്ടെന്ന് ആനന്ദ് പറയുന്നതാണ് ദൃശ്യങ്ങളിൽ.

https://www.facebook.com/RodrigoTaddei/posts/2715959451921927/
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയിൽ ബിസിനസ് ടുഡേ ചാനലിന്റെ ലോഗോ കാണാം. തുടർന്ന് ചാനലിൽ ഇങ്ങനെ ഒരു വീഡിയോ സംപ്രേഷണം ചെയ്തിരുന്നോ എന്ന് അന്വേഷിച്ചു. ചാനലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ പരിശോധിച്ചതിൽനിന്നു 2024 ഫെബ്രുവരി 26-ന് പ്രസിദ്ധീകരിച്ച യഥാർത്ഥ വീഡിയോ കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിലുള്ള അതേ പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങളാണിതിലും. 2 മിനിട്ട് 6 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ അവലോകനം ചെയ്തതിൽനിന്നു വൻതാരയെക്കുറിച്ചാണ് ആനന്ദ് അംബാനി ഇതിൽ ഉടനീളം പറയുന്നതെന്ന് വ്യക്തമായി.
റിലയൻസ് ഫൗണ്ടേഷന് കീഴിൽ അനന്ത് അംബാനി നേതൃത്വം നൽകുന്ന മൃഗക്ഷേമ, സംരക്ഷണ സംരംഭമാണ് വൻതാര. ഗുജറാത്തിലെ ജാംനഗറിൽ 3,500 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രം വന്യജീവി സംരക്ഷണവും അവയ്ക്ക് ആധുനിക വൈദ്യസഹായവും പുനരധിവസാവും ലഭ്യമാക്കുന്നു.
ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ. ഉൾപ്പടെയുള്ള മാധ്യമങ്ങളെല്ലാം ആനന്ദിന്റെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്തിരുന്നു. അതിലൊന്നും തന്നെ അംബാനീസ് ഏവിയേറ്റർ എന്ന ആപ്പിനെക്കുറിച്ച് പരാമർശിക്കുന്നേയില്ല. തുടരന്വേഷണത്തിൽ 2024-ലും ഇതേ വീഡിയോ പ്രചരിച്ചതായി കണ്ടെത്തി. 'അംബാനീസ് ഏവിയേറ്റർ' എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് ഗെയിം കളിച്ചാൽ 40,000 മുതൽ 50,000 രൂപ വരെ നേടാം എന്നായിരുന്നു അന്നത്തെ അവകാശവാദം.
ഇതോടെ പ്രചരിക്കുന്ന വീഡിയോ എ.ഐ. നിർമ്മിതമാണോ എന്ന സംശയം ഉയർന്നു. തുടർന്ന്, എ.ഐ ഡിറ്റക്ഷൻ ടൂളായ ഹൈവ് മോർഡിറേറ്റിന്റെ സഹായത്തോടെ വീഡിയോ പരിശോധനയ്ക്ക് വിധേയമാക്കി. വീഡിയോ 99% എ.ഐ. നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

തുടർന്നുള്ള അന്വേഷണത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്ന ഗെയ്മിംഗ് ആപ്പിനെക്കുറിച്ച് പരിശോധിച്ചു. പ്ലേസ്റ്റോറിൽ 'അംബാനീസ് ഏവിയേറ്റർ' എന്ന പേരിൽ ഒരു ആപ്പ് ഉണ്ടായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ നിലവിൽ ഇത് ലഭ്യമല്ല.

ഇത്തരത്തിൽ ഓണലൈൻ ഗെയിമുകളിലൂടെ പണം സമ്പാദിക്കാമെന്ന വാഗ്ദാനവുമായി നിരവധി ആപ്പുകൾ ഇറങ്ങുന്നുണ്ട്. പക്ഷേ ഇതുപോലുള്ളവ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ബാങ്കിംഗ്, വ്യക്തിവിവരങ്ങൾ തട്ടിയെടുക്കാനായിരിക്കും സൈബർ കുറ്റവാളികൾ ലക്ഷ്യമിടുന്നത്. വ്യാജ ലിങ്കുകളിൽ പ്രവേശിക്കുന്നത് വഴി മാൽവേറുകൾ ഡിവൈസിൽ കടന്നുകൂടാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ആപ്പുകൾ പ്രോത്സാഹിപ്പിക്കുകയോ ഇവ മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയോ ചെയ്യരുത്.
വാസ്തവം
ആനന്ദ് അംബാനി ഗെയിമിംഗ് ആപ്പ് പുറത്തിറക്കി എന്ന പ്രചാരണം വ്യാജമാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ.) ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: In the footage, Anand is seen saying that the 'Ambani Aviator' has been launched
Published: 23 Mar 2025, 03:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented