സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നൊരു അപൂർവ്വ വീഡിയോയുമായി ബന്ധപ്പെട്ടാണ് ഈ വസ്തുതാ പരിശോധന. രാത്രിയിൽ മനുഷ്യനോടൊപ്പം കിടന്നുറങ്ങുന്ന പുലികളുടെ വീഡിയോ എന്ന വാദത്തോടെയാണിത് വ്യാപകമായി പ്രചരിക്കുന്നത്. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിൽ നിന്നാണത്രേ ഈ ദൃശ്യങ്ങൾ. ഗ്രാമത്തിലെ പിപാലേശ്വർ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയാണ് പുലികൾക്കൊപ്പം കിടക്കുന്നതെന്നാണ് വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്. 'രാത്രികാലങ്ങളിൽ പുള്ളിപ്പുലികൾ പൂജാരിയുടെ അടുത്ത് വന്ന് ഉറങ്ങുന്നതായി അഭ്യൂഹം പരന്നതിനെ തുടർന്ന് സംസ്ഥാന വന്യജീവി വകുപ്പ് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്' എന്നും വിവരണത്തിലുണ്ട്. എന്താണ് ഇതിലെ വാസ്തവമെന്ന് പരിശോധിക്കുന്നു.

അന്വേഷണം
നിലത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ഒരാളുടെ അടുത്തായി മൂന്നു പുലികൾ കിടക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയുടെ തുടക്കത്തിലുള്ളത്. കുറച്ച് കഴിഞ്ഞ് ഇതിൽ ഒരു പുലി എഴുന്നേൽക്കുന്നുണ്ട്, എന്നാൽ കിടക്കുന്ന വ്യക്തി ഈ പുലിയെ ചേർത്ത് പിടിച്ച് വീണ്ടും കിടത്തുന്നു. ശേഷം ബാക്കി രണ്ടു പുലികളും എഴുന്നേറ്റ് അയാളോട് ചേർന്ന് കിടക്കുന്നതാണ് വീഡിയോയിലുള്ളത്. സൂക്ഷ്മമായി പരിശോധിച്ചാൽ വീഡിയോയിലുള്ളത് പുള്ളിപ്പുലികൾ അല്ല മറിച്ച് ചീറ്റകളാണ് എന്ന് വ്യക്തമാകും.
സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, ഡോൾഫ് സി. വോൾക്കർ എന്ന യൂട്യൂബ് ചാനലിൽ ഇതേ വീഡിയോ കണ്ടെത്തി. 2019 ജനുവരി 21-നാണ് പ്രസ്തുത വീഡിയോ ഈ ചാനലിൽ പ്രസിദ്ധീകരിച്ചത്. ചീറ്റ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് ഡോൾഫ് സി. വോൾക്കർ എന്ന് ചാനലിന്റെ വിവരണത്തിൽ പറയുന്നു. മാത്രമല്ല, ദൃശ്യങ്ങളിലുള്ളത് താനാണ് എന്ന് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നുമുണ്ട്.
ദൃശ്യങ്ങൾക്കൊപ്പം നൽകിയിട്ടുള്ള വിവരമനുസരിച്ച്, ഇതിലുള്ളത് ദക്ഷിണാഫ്രിക്കയിലെ ചീറ്റ എക്‌സ്പീരിയൻസ് എന്ന ചീറ്റ സംരക്ഷണ കേന്ദ്രമാണ്. ഈ കേന്ദ്രത്തിൽ വളർത്തുന്ന ചീറ്റകളാണ് ഡോൾഫ് സി. വോൾക്കറിനൊപ്പം കിടന്നുറങ്ങിയതും. ചീറ്റ എക്‌സ്പീരിയൻസിൽ വോളന്റീർ ചെയ്യാറുള്ള തനിക്ക് അവിടെയുള്ള ചീറ്റകളുമായി അടുത്ത ബന്ധമുണ്ടെന്നും ആയതിനാലാണ് ഇങ്ങനെയൊരു വീഡിയോയെടുക്കാൻ സാധിച്ചത് എന്നുമാണ് ഇയാൾ പറയുന്നത്.
വാസ്തവം
രാജസ്ഥാനിലെ ഒരു ഗ്രാമീണ ക്ഷേത്രത്തിൽ പൂജാരിക്കൊപ്പം പുള്ളിപ്പുലികൾ രാത്രിയിൽ കിടന്നുറങ്ങാറുണ്ട് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദക്ഷിണാഫ്രിക്കയിലെ ഒരു ചീറ്റ സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്.
Content Highlights: 'Tigers sleeping with man' video is not from India | Fact Check
Published: 03 May 2024, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented