വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ നന്നാക്കും

To advertise here,

ചെറുതോണി : ജലജീവൻ മിഷന്റെ ഭാഗമായി കുടിവെള്ളപൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കും.

ശബരിമല തീർഥാടനം അടുത്ത സാഹചര്യത്തിൽ റോഡ് പുനഃസ്ഥാപിക്കുന്നതിൽ പ്രത്യേകശ്രദ്ധ നൽകണമെന്ന് എ.ഡി.എം. മിനി കെ. ജോൺ നിർദേശിച്ചു.

ജലജീവൻ മിഷൻ പദ്ധതികളുടെയും ജില്ലാതല ജലശുചിത്വ മിഷൻ പ്രവർത്തനങ്ങളുടെയും പുരോഗതി വിലയിരുത്താൻ എ.ഡി.എമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ കുടിവെള്ളപദ്ധതികളിലെ വെള്ളം ഫീൽഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിക്കുന്ന നടപടികൾ വേഗത്തിലാക്കാനും നിർദേശിച്ചു. വാട്ടർ അതോറിറ്റി തൊടുപുഴ ഡിവിഷനിൽ 25,509 കണക്ഷനുകൾക്ക് അനുമതി ലഭിച്ചതിൽ 23,579 എണ്ണത്തിന്റെ നിർമാണം കരാറുകാർക്ക് കൈമാറി. 13,859 എണ്ണം പൂർത്തിയായി.

പൈനാവ് ഡിവിഷനിൽ അനുമതി ലഭിച്ച 28,381 കണക്ഷനുകളിൽ 18,970 എണ്ണത്തിന്റെ നിർമാണം കരാറുകാർക്ക് കൈമാറി. 6,761 എണ്ണം പൂർത്തിയായി. കട്ടപ്പന ഡിവിഷനിൽ 1,79,829 കണക്ഷനുകൾക്ക് അനുമതി ലഭിച്ചതിൽ 1,70,309 എണ്ണത്തിന്റെ നിർമാണം കരാറുകാർക്ക് കൈമാറി. 13,978 എണ്ണം പൂർത്തിയായി. കട്ടപ്പന പ്രോജക്ട് ഡിവിഷനിൽ 22 ജലശുദ്ധീകരണശാലകളുടെ നിർമാണത്തിൽ നാലെണ്ണം പൂർത്തിയായി. എട്ടെണ്ണം പുരോഗതിയിലാണ്. ജലനിധിക്ക് കീഴിൽ അനുവദിച്ച 3,946 കണക്ഷനുകളിൽ 3,602 എണ്ണം നൽകി. ഭൂജല വകുപ്പിന് കീഴിൽ സാങ്കേതികാനുമതി ലഭിച്ച 621 കണക്ഷനുകളിൽ ആവശ്യമുള്ള 560 എണ്ണത്തിൽ 485 എണ്ണം പൂർത്തിയായി. ജില്ലാതല ജല ശുചിത്വ മിഷൻ മെംബർ സെക്രട്ടറി ടി.എൻ. സജി, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി. പ്രസാദ്, ക്വാളിറ്റി കൺട്രോൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ജിബോയ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.