നിയമസഭാ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി കുമളിയിൽ സിറ്റിങ് നടത്തി
കുമളി : ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും വിവിധ ഗ്രാമപ്പഞ്ചായത്തുകളുടെയും പരിധിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളിലെ അപാകതകളും സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്താൻ നിയമസഭാ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി കുമളിയിൽ പ്രത്യേക സിറ്റിങ് നടത്തി.
നിയമസഭാ സമിതി ചെയർമാൻ അൻവർ സാദത്ത് എം.എൽ.എയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വിദൂരമേഖലകളിൽ തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കിയ പദ്ധതികളിലെ വീഴ്ചകൾ സമിതി വിശകലനം ചെയ്തു. അപക്വമായ ആസൂത്രണം മൂലം ഫണ്ട് പാഴാക്കൽ, നിർമാണപ്രവർത്തനങ്ങളിലെ സാങ്കേതിക തകരാറുകൾ, വർഷങ്ങളായി തീർപ്പാകാത്ത ഓഡിറ്റ് തടസവാദങ്ങൾ എന്നിവയാണ് പ്രധാനമായും സമിതിയുടെ പരിശോധനയ്ക്ക് വിധേയമായത്. ഉദ്യോഗസ്ഥരുടെ വീഴ്ചമൂലവും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാലും ജനങ്ങൾക്ക് വികസനഫലം യഥാസമയം ലഭിച്ചില്ലെന്ന് സമിതി വിലയിരുത്തി.
കണ്ടെത്തിയ സാങ്കേതികവും സാമ്പത്തികവുമായ അപാകതകൾ നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കാൻ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്കും എൻജിനീയർമാർക്കും അൻവർ സാദത്ത് എം.എൽ.എ. കർശനനിർദേശം നൽകി. ഫണ്ട് ദുരുപയോഗം ചെയ്യുകയോ നിയമവിരുദ്ധമായി പണം ചെലവഴിക്കുകയോചെയ്ത സംഭവങ്ങളിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരിൽനിന്ന് തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. സമിതിക്കു മുന്നിൽ ഹാജരാക്കിയ ഫയലുകളിൽ തീർപ്പാകാത്തവയിൽ അടിയന്തരമായി മറുപടി റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക അച്ചടക്കവും വികസന പ്രവർത്തനങ്ങളുടെ സുതാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പ്രാദേശിക സിറ്റിങ് സംഘടിപ്പിച്ചത്.
യോഗത്തിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, പി. പ്രസാദ് എന്നിവർ സംസാരിച്ചു.
Published: 01 Oct 2026, 03:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented