കോലഞ്ചേരി : പൂത്തൃക്ക ഗ്രാമപ്പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന കോലഞ്ചേരി ഈസ്റ്റ് എട്ടാം വാർഡിൽ ട്വന്റി 20 വാർഡ് നിലനിർത്തി. ട്വന്റി 20 സ്ഥാനാർഥി ദീനാമ്മ ജേക്കബ് 96 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. യു.ഡി.എഫിലെ സാറാമ്മ പൈലിപ്പിള്ളക്ക് 243 വോട്ടുകളും എൽ.ഡി.എഫ്. സ്ഥാനാർഥി നിതു ബൈജുവിന് 137 വോട്ടുകളുമാണ് ലഭിച്ചത്. പോളിങ് ശതമാനം കൂടിയ സാഹചര്യത്തിൽ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലായിരുന്നു.

To advertise here,

ചൊവ്വാഴ്ച രാവിലെ 10.10-ന് മുഖ്യ വരണാധികാരി കുന്നത്തുനാട് ഭൂരേഖ തഹസിൽദാർ വി.പി. ബിജു, ഉപ വരണാധികാരി പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ പൂത്തൃക്ക പഞ്ചായത്തിലെ സ്‌ട്രോങ് റൂമിൽ നിന്നും വോട്ടിങ് മെഷീൻ പുറത്തെടുത്ത് ക്രമീകരണങ്ങൾ നടത്തുന്നതിനിടെ മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളും പ്രവർത്തകരും പരിസരം നിറഞ്ഞിരുന്നു. ട്വന്റി 20 സ്ഥാനാർഥി ദീനാമ്മ ജേക്കബ് വിജയിച്ചതായി പ്രഖ്യാപിച്ചതോടെ ആഹ്‌ളാദ പ്രകടനവുമായി പ്രവർത്തകർ പഞ്ചായത്തിനു മുന്നിലെത്തി സ്ഥാനാർഥിയെ പൂച്ചെണ്ട് നൽകിയും ഷാളണിയിച്ചും അനുമോദിച്ചു. തുടർന്ന് മുദ്രാവാക്യം വിളിയും ആഘോഷവുമായി പിരിഞ്ഞു. പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റായിരുന്ന ട്വന്റി 20-യുടെ പൂജാ ജോമോൻ ട്വന്റി 20 പാർട്ടി എൻ.ഡി.എ. സഖ്യത്തിൽ ചേർന്നതിൽ പ്രതിഷേധിച്ച് രാജി വെച്ച സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോലഞ്ചേരി കോട്ടൂർ താമരച്ചാലിൽ കുടുംബാംഗമാണ് ദീനാമ്മ ജേക്കബ്.

എം.എസ്‌സി. ബിരുദവും കൗൺസലിങ്ങിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.