ചെറായി : വൈപ്പിനിലെ കണ്ണുപിള്ളക്കെട്ട്, പത്തേക്കർ തുടങ്ങിയ ചെമ്മീൻകെട്ടുകളിലെ കക്കവാരൽ കാഴ്ചക്കാർക്ക് ഏറെ കൗതുകമാകുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മ, കുമരകം, വൈക്കം മേഖലകളിൽ നിന്നുള്ളവരാണ് കക്ക വാരലിന് എത്തിയിരിക്കുന്ന തൊഴിലാളികൾ. ചെറിയ വള്ളങ്ങളിൽ ഇരുന്ന് ഇരുമ്പ് പൈപ്പിന്റെ അറ്റത്ത് വല കെട്ടിയാണ് കക്ക വാരുന്നത്.
ചെമ്മീൻ കൃഷിക്ക് തടസ്സമാകുന്ന രീതിയിൽ കെട്ടുകളിൽ കക്കകൾ പെരുകുന്നതുകൊണ്ടാണ് കെട്ടുടമകൾ ഇവർക്ക് അനുവാദം നൽകുന്നത്. കണ്ണുപിള്ളക്കെട്ടിൽ രണ്ടടിയിലധികം കനത്തിൽ കക്ക കൂട്ടമായി കാണപ്പെടുന്നുണ്ടത്രേ. മത്സ്യകൃഷിക്കായി ഒരുക്കുന്ന ഇത്തരം ജലാശയങ്ങളിൽ വളരുന്ന കക്കയ്ക്ക് നല്ല വലുപ്പവും പ്രത്യേക രുചിയുമുള്ളതിനാൽ ഹോട്ടലുകളിലെ തീൻമേശകളിൽ ഇവയ്ക്ക് വലിയ സ്വീകാര്യതയുണ്ട്.
കക്ക ശേഖരണത്തിനായി കായലിൽ ഇറങ്ങിയാൽ വള്ളത്തിലിരുന്നുതന്നെ അവയുള്ള ഭാഗങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ഇവരുടെ കഴിവ് എടുത്തുപറയേണ്ടതാണ്. അല്ലെങ്കിൽ വല കെട്ടിയ ഇരുമ്പ് പൈപ്പുകൊണ്ട് അടിത്തട്ടിൽ കുത്തി നോക്കിയും കക്കയുടെ സാന്നിധ്യം ഇവർ തിരിച്ചറിയും. ‘വല്ലി കൊണ്ടുള്ള കക്കവാരൽ’ എന്നാണ് ഇവർ ഈ രീതിയെ വിശേഷിപ്പിക്കുന്നത്.
വല ഉപയോഗിച്ച് വാരിയെടുക്കുന്ന കക്ക വെള്ളത്തിനു മീതെ എത്തുമ്പോൾ, വള്ളത്തിൽ വെച്ചുതന്നെ വെള്ളത്തിലിട്ട് പലവട്ടം ഇളക്കി നന്നായി കഴുകിയെടുക്കും. തുടർന്ന് കക്ക ബോക്‌സുകളിലാക്കി വലിയ വാഹനങ്ങളിൽ വൈക്കത്തേക്കും ആലപ്പുഴയിലേക്കും കയറ്റി അയക്കും.
തോടും ഇറച്ചിയും വേർതിരിക്കുന്നതിനായി പ്രത്യേക മെഷീനുകൾ പോലും പ്രവർത്തിക്കുന്നുണ്ട്. ഈ സൗകര്യം ലഭ്യമല്ലാത്തവർ വലിയ അലുമിനിയം പാത്രത്തിലിട്ട് അടുപ്പിൽ വെച്ച് പുഴുങ്ങുകയാണ് ചെയ്യുന്നത്. ഒന്നര മണിക്കൂർ വരെ തിളയ്ക്കുമ്പോൾ ഇറച്ചി കക്കയിൽ നിന്ന് എളുപ്പത്തിൽ വേർതിരിഞ്ഞുവരും. തുടർന്ന് അടുപ്പിൽ നിന്ന് മാറ്റി ഇറച്ചി വേർതിരിക്കുന്ന ജോലികൾ പൂർത്തിയാക്കും.
കക്കയിറച്ചിക്ക് കിലോയ്ക്ക് 220 രൂപ മുതൽ 250 രൂപ വരെയാണ് ശരാശരി വില. പത്തുകിലോ കക്ക പുഴുങ്ങിയാൽ ലഭിക്കുന്നത് കേവലം ഒരു കിലോ ഇറച്ചി മാത്രമായിരിക്കും. കക്കത്തോടും ഇവിടെ വ്യാപകമായി വിൽപ്പന നടത്തുന്നുണ്ട്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് കക്കയുടെ പ്രധാന പ്രജനന കാലം.
സെപ്റ്റംബർ അവസാന വാരത്തോടെ ആരംഭിച്ച കക്കവാരൽ ഈ മാസം അവസാനം വരെ നീളും. ഒരു തൊഴിലാളിക്ക് ദിവസേന മികച്ച വരുമാനം കണ്ടെത്താൻ ഈ തൊഴിലിലൂടെ സാധിക്കുന്നുണ്ടെന്ന് കെട്ടുടമയായ എടവനക്കാട് സ്വദേശി എം.എ. രാധാകൃഷ്ണൻ പറഞ്ഞു. പരമ്പരാഗതമായി ഈ തൊഴിൽ ചെയ്തുവരുന്ന ചില പ്രാദേശിക തൊഴിലാളികളും കക്ക വാരലിൽ സജീവമാണ്.
Published: 09 Oct 2026, 03:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented