നിലമ്പൂർ : പ്രളയത്തിൽ തകർന്ന പോത്തുകല്ല് വാണിയമ്പുഴ ഉന്നതിയിലെ വീടുകൾ എട്ടുവർഷമായിട്ടും പുനർനിർമിക്കാൻ സർക്കാർ നടപടികളായില്ല. പ്രളയത്തിന്റെ നേർസാക്ഷികളായി വാണിയമ്പുഴ നിവാസികൾ ഇന്നും താമസിക്കുന്നത് ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾക്കു കീഴിൽ.

To advertise here,

ഇവിടെ ചൂടെന്നോ തണുപ്പെന്നോ നോക്കാതെ വനത്തിലെ വെറും നിലത്തിൽ താത്കാലികമായി തട്ടിക്കൂട്ടിയ ഷെഡുകളിലാണ് ഈ മനുഷ്യരുടെ താമസം.

കാട്ടുപന്നിയും കാട്ടാനയും െെസ്വരവിഹാരം നടത്തുന്ന വനത്തിൽ അധികാരികളുടെ കാരുണ്യത്തിനായി ഏഴുവർഷമായി പുനരധിവാസം കാത്തുകഴിയുന്നു. 39 വീടുകളുടെ പുനർനിർമാണം സംബന്ധിച്ച് പട്ടികവർഗ ജില്ലാ ഓഫീസിൽനിന്ന് പദ്ധതിനിർദേശം പോയിട്ട് മാസങ്ങളായി. സംസ്ഥാന ഡയറക്ടറ്റേറ്റിൽ പദ്ധതി ഇപ്പോഴും ഫയലിൽ കുടുങ്ങിയിരിക്കുകയാണ്.

2018-ലെയും 2019-ലെയും പ്രളയമാണ് കവളപ്പാറയെയും മതിൽമൂലയെയും ദുരിതത്തിലാക്കിയത്. ഇവരുടെ ജീവിതോപാധികളും നഷ്ടമായി. ഇതോടെ വാണിയമ്പുഴ ഉന്നതിക്കു സമീപം വനത്തിൽത്തന്നെ ഒരു ചെറിയ കുന്നിൻമുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡുകളിലേക്ക് ഇവർ താമസംമാറി. എട്ടുവർഷം പിന്നിടുമ്പോഴും അവർ അവിടെത്തന്നെയാണു താമസം. കുട്ടികളും സ്ത്രീകളും വയോധികരും ഉൾപ്പെടുന്ന മൂന്നും നാലും കുടുംബങ്ങൾ ഒരേ ഷെഡുകളിൽ തന്നെയാണ് താമസം. വേനലിൽ പ്ലാസ്റ്റിക് ഷീറ്റിന്റെ ചൂടുകാരണം ഉറങ്ങാനാവില്ല. മഴ പെയ്യുമ്പോൾ കൂരയുടെ പലഭാഗങ്ങളിലും വെള്ളം ചോർന്നൊലിക്കും. ഷെഡ് മേയാൻ എല്ലാവർഷവും

ഐ.ടി.ഡി.പി. പ്ലാസ്റ്റിക് ഷീറ്റുകൾ നൽകും. അതാണ് ഏക ആശ്വാസം.

കുടിവെള്ളം, ശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് ഇവിടെ സൗകര്യമില്ല. പുലി, കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായതിനാൽ രാവും പകലും ഭീതിയോടെയാണ് ഇവർ കഴിയുന്നത്.