കൂത്താട്ടുകുളം : കിഴകൊമ്പ് പോസ്റ്റ് ഓഫീസ് ജങ്ഷനിൽ കൂറ്റൻ പുളിമരം മറിഞ്ഞുവീണ് കിഴകൊമ്പ് മോളേപ്പറമ്പിൽ ജേക്കബ് കുര്യന്റെ വീടിന് നാശം നേരിട്ടു. വീടിന്റെ മുകൾ ഭാഗത്ത് ഷീറ്റുകളുപയോഗിച്ച് നിർമിച്ചിരുന്ന മേൽക്കൂര തകർന്നു. രണ്ട് വൈദ്യുതി പോസ്റ്റുകളും വൈദ്യുതി കമ്പികളും തകർന്നുവീണു. കിഴകൊമ്പ് പോസ്റ്റോഫീസ് കവലയിൽ നിന്ന് മങ്ങാട്ടമ്പലം ഭാഗത്തേക്ക് തിരിയുന്ന റോഡിന്റെ വശത്തെ പുരയിടത്തിലെ പുളിമരമാണ് റോഡിനു കുറുകേ വീണത്.
റോഡിന്റെ വശത്ത് പാർക്ക് ചെയ്ത രണ്ട് ബൈക്കിനും കേടുപറ്റി. മരം വീണ് വൈദ്യുതി കമ്പികളും പോസ്റ്റുകളും റോഡിലേക്ക് വീഴുന്ന സമയം രണ്ട് സ്‌കൂട്ടർ യാത്രക്കാർ തൊട്ടു ചേർന്നെത്തി. ആദ്യം സ്‌കൂട്ടറിലെത്തിയ കൽക്കട്ട സ്വദേശിയായ തൊഴിലാളി കുദു (45) തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. വാഹനം റോഡിലിട്ട് കുദു ഓടി മാറുകയായിരുന്നു. തിരിച്ച് വീണ്ടും വാഹനത്തിനടുത്തെത്തി സ്‌കൂട്ടർ എടുക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തിരിപ്പിച്ചു. വൈദുതി കമ്പികൾ പൊട്ടി വാഹനത്തിനടുത്ത് കിടപ്പുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടുമണിക്കാണ് അപകടമുണ്ടായത്. പുളിമരത്തിന്റെ ഒരു ശിഖരം ആദ്യം അടർന്നു വീണു. തുടർന്ന് വലിയ ശബ്ദത്തോടെ പുളിമരം വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ അനീഷ് കുന്നുംപുറത്ത്, ഡെന്നീസ് വർഗീസ് എന്നിവർ പറഞ്ഞു. ദിവസവും തൊട്ടടുത്തുള്ള ചായപ്പീടികയിൽ ചായ കുടിക്കുവാൻ നിരവധി ആൾക്കാർ വന്നു പോകുന്ന സ്ഥലത്താണ് അപകടം നടന്നത്. സ്കൂൾ ബസ്സുകളും കുട്ടികളും യാത്രക്കാരും സഞ്ചരിക്കുന്ന വഴിയുമാണ്. കൂത്താട്ടുകുളം നഗരസഭാ ചെയർമാൻ റെജി ജോൺ, കൗൺസിലർമാരായ പി.സി. ഭാസ്കരൻ, ഷീബ രാജു, ഷീല ബിനോയ് എന്നിവർ സ്ഥലത്തെത്തി. കൂത്താട്ടുകുളം ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Published: 09 Oct 2026, 03:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented