അങ്കമാലി : കറുകുറ്റി പാലിശ്ശേരിയിൽ അനധികൃത തെരുവുനായ വളർത്തൽകേന്ദ്രം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ. 40-ഓളം നായകളെയാണ് വളർത്തുന്നത്. പാലിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും ഗവ. ഹൈസ്കൂളിനും സമീപമുള്ള വീട്ടിലാണ് തെരുവുനായകളെ വളർത്തുന്നത്. ശരിയായ സംരക്ഷണമൊന്നുമില്ലാതെയാണ് നായകളെ വളർത്തുന്നത്. പ്രതിരോധ കുത്തിവെപ്പൊന്നും നടത്തുന്നില്ല. നായകളെ വളർത്താൻ ലൈസൻസുമില്ല. നായകളെ കൂട്ടിലടയ്ക്കുകയോ, പൂട്ടിയിടുകയോ ചെയ്യാതെ അഴിച്ചുവിട്ടിരിക്കുകയാണ്.

To advertise here,

രാത്രി ഇവയുടെ കുരയും ബഹളവും മൂലം ഉറങ്ങാൻപോലും കഴിയുന്നില്ല. പലവട്ടം പ്രദേശവാസികൾ ഇവരോട് പരാതിപ്പെട്ടെങ്കിലും അതൊന്നും ഇവർ മുഖവിലയ്ക്കെടുക്കുന്നില്ല.

കറുകുറ്റി പഞ്ചായത്ത് തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനോ, സംരക്ഷിക്കുന്നതിനോ ഉള്ള നടപടികളൊന്നും ചെയ്തിട്ടില്ല. അനധികൃതമായി പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിനെതിരേ നടപടിയെടുക്കുന്നതിൽ പഞ്ചായത്ത് അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്തിൽ പലവട്ടം പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് പഞ്ചായത്തംഗം കെ.പി. അനീഷ് പറഞ്ഞു. ഷെൽട്ടർ സ്ഥാപിച്ച് നായകളെ അങ്ങോട്ടുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.