കോതമംഗലം : മാർത്തോമ്മ ചെറിയപള്ളിയിൽ കന്നി 20 പെരുന്നാളിന് കൊടിയിറങ്ങി. രാവിലെ നടത്തിയ ആദ്യത്തെ കുർബാനയ്ക്ക് ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മാർ അത്താനാസിയോസ്, മൂന്നിന്മേൽ കുർബാനയ്ക്ക് പെരുമ്പാവൂർ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മാർ അപ്രേം എന്നിവർ പ്രധാന കാർമികത്വം വഹിച്ചു. പെരുന്നാളിന്റെ സമാപനദിവസം കബറിടം വണങ്ങാൻ കരിവീരന്മാരെത്തി. പള്ളിക്ക് മുന്നിലെത്തിയ രണ്ട് ആനകൾ മൂന്നുപ്രാവശ്യം തുമ്പിക്കൈ ഉയർത്തി കബറിടം വണങ്ങി. ആനകളുടെ കബർ വണക്കം കാണാൻ വൻജനാവലിയും തടിച്ചുകൂടിയിരുന്നു.  

To advertise here,

കാളിയാർമഠം ശേഖരൻ, കരിമണ്ണൂർ ഉണ്ണി എന്നീ ആനകളായിരുന്നു എത്തിയത്.   ഡോ. ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത, ഡീൻ കുര്യാക്കോസ് എം.പി., ഷിബു തെക്കുംപുറം എം.എൽ.എ., മുൻ എം.എൽ.എ. ആന്റണി ജോൺ, ജന പ്രതിനിധികൾ, വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളി, സഹവികാരിമാർ, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിങ് കമ്മിറ്റിയംഗങ്ങൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് ഗജവീരന്മാരെ സ്വീകരിച്ച് ശർക്കരയും പഴവും നൽകി. പള്ളിയിൽ ലഭിച്ച ഉത്പന്ന വസ്തുക്കളുടെ ലേലവും ഉണ്ടായിരുന്നു.