കടുങ്ങല്ലൂർ : എടയാറ്റുചാലിലെ കർഷകർക്ക് എന്നും ഓരോ വെല്ലുവിളികളാണ്. പാടത്ത് നിറഞ്ഞുകിടന്ന രാസമാലിന്യങ്ങളായിരുന്നു ആദ്യം. അത് ഒരുപരിധിവരെ നീക്കി. തരിശായിക്കിടന്ന പാടത്ത് വീണ്ടും നെൽക്കതിരുകൾ നാമ്പിട്ടു. പച്ചപുതച്ച പാടശേഖരം നികത്തിയെടുക്കാൻ ഭൂമാഫിയ വട്ടമിട്ടുപറന്നപ്പോഴും കർഷകർ ഒന്നിച്ചുനിന്ന് തോൽപ്പിച്ചു. ഇപ്പോൾ പുതിയ വെല്ലുവിളി ഉയർന്നിരിക്കുകയാണ്. എടയാറ്റുചാൽ നെൽകൃഷിക്ക് പൂർണസജ്ജമാക്കാനായി ആസൂത്രണംചെയ്ത ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമാണം പാതിവഴിയിൽ നിലച്ചു.

To advertise here,

പെരിയാറിൽനിന്നും പമ്പുചെയ്ത് വെള്ളം എടയാറ്റുചാലിലേക്കെത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആദ്യകാലത്ത് ഇതുപോലെ ഒരു പദ്ധതിയുണ്ടായിരുന്നതാണ്. റെഗുലേറ്റർ കം ബ്രിഡ്ജിന്റേയും അതിന്റെ അപ്രോച്ച് റോഡിന്റേയും നിർമാണത്തോടെ അത് ഇല്ലാതെയായി. അന്ന് എടയാറ്റുചാലിൽ നെൽകൃഷി നിലച്ചുകിടക്കുകയായിരുന്നു. 10 വർഷം മുൻപാണ് കൃഷി പുനരാരംഭിച്ചത്. ഒരിടവേളയ്ക്കുശേഷംചെയ്ത കൃഷി പൂർണവിജയമായതോടെ കൂടുതൽ കർഷകർ മുന്നോട്ടുവന്നു. ഇപ്പോൾ ഇവിടെ നെൽകൃഷി സജീവമാണ്.

പക്ഷെ, വേനലിലും കൃഷിചെയ്യാൻ നല്ലൊരു ജലസേചനപദ്ധതി ആവശ്യമാണ്. അതിനുവേണ്ടിയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എടയാറ്റുചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ആസൂത്രണം ചെയ്തത്. 2.75 കോടി രൂപ അതിനായി അനുവദിക്കുകയും ചെയ്തു. 15 മാസങ്ങൾക്കുമുൻപ്‌ അതിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. മോട്ടോർഷെഡ് പണിതു. ഇനി അതിൽ മോട്ടോറുകൾ സ്ഥാപിക്കണം. പിന്നെ പാടശേഖരത്തിലേക്ക് പൈപ്പുകളുമിടണം. അതെല്ലാം നിലച്ച അവസ്ഥയിലാണിപ്പോൾ.

കർഷകസംഘം നിവേദനം നൽകി

എടയാറ്റുചാൽ ഇറിഗേഷൻ പദ്ധതി പൂർത്തിയാക്കാത്തതിൽ നാട്ടിൽ കർഷകരുടെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

ഇപ്പോഴുള്ള അനിശ്ചിതാവസ്ഥ മാറ്റി നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.എം. കടുങ്ങല്ലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.എം. പ്രഭാകരൻ, കർഷകസംഘം പ്രവർത്തകരായ പി.എ. അബൂബക്കർ, എസ്.എൻ. പിള്ള, ടി.കെ. സലീം, സൂര്യ എന്നിവർ ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിങ് എൻജിനിയർക്ക് നിവേദനം നൽകി.

പദ്ധതി പൂർത്തിയായാൽ കൃഷി വ്യാപിപ്പിക്കാം

കടുങ്ങല്ലൂർ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സഹകരണത്തോടെ എടയാറ്റുചാൽ നെല്ലുത്പാദകസമിതിയാണ് ഇപ്പോൾ ഇവിടെ കൃഷിയിറക്കുന്നത്. വിശാലമായ പാടശേഖരത്തിൽ 227 എക്കറിലാണ് ഇപ്പോൾ കൃഷിചെയ്തുവരുന്നത്. എടയാറ്റുചാൽ ജലസേചനപദ്ധതി പ്രാവർത്തികമായാൽ കൃഷി ഒന്നുകൂടി വ്യാപിപ്പിച്ച് എടയാറ്റുചാൽ പഴയ പ്രതാപത്തിലേക്കെത്തിക്കാൻ കഴിയുമെന്ന് സമിതി പ്രസിഡന്റ് പി.എ. അബൂബക്കർ പറഞ്ഞു.