തിരുവനന്തപുരം: പനത്തുറമുതൽ വേളി വരെയുള്ള സംസ്ഥാന ജലപാത ഇനിയും പൂർത്തിയായിട്ടില്ല. 14 കിലോമീറ്റർ നീളുന്ന പാതയുടെ വികസനമാണ് പൂർണമാകാനുള്ളത്. ആക്കുളം മുതൽ കഠിനംകുളംവരെയുള്ള ഭാഗത്ത് നിലവിൽ ജലഗതാഗതമുണ്ട്.

To advertise here,

പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി സ്ഥലം ഏറ്റെടുക്കലും കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസവുമാണ്. ഇടയാർ മുതൽ പുത്തൻപാലം വരെയുള്ള ഭാഗത്തെ 425 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. വെസ്റ്റ് കോസ്റ്റ് കനാൽ റീഹാബിലിറ്റേഷൻ പാക്കേജിന്റെ ഭാഗമായാണ് ഇതിനുള്ള നടപടികൾ. പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവർ, പട്ടയഭൂമിയിലുള്ളവർ, കടകൾ നടത്തുന്നവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പുനരധിവാസം നടപ്പാക്കുന്നത്.

കിഫ്ബി ഫണ്ടുപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നത്. എന്നാൽ ഇനി ഫണ്ട് ലഭിക്കുമോയെന്ന ആശങ്കയാണ് അധികൃതർക്കുള്ളത്. ഫണ്ട് ലഭിച്ചില്ലെങ്കിൽ ഇനിയുള്ള പുനരധിവാസ പദ്ധതികളും സ്ഥലമേറ്റെടുക്കലും അനിശ്ചിതത്വത്തിലാകും. പുനരധിവാസത്തിന് ഇതുവരെ കിഫ്ബിവഴി 120 കോടിയോളം രൂപ ലഭിച്ചിട്ടുണ്ട്. ഇതിനായി ആകെ 209 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.

സ്ഥലമേറ്റെടുക്കലിന് 124 കോടി രൂപയും കോവളം മുതൽ ആക്കുളം വരെയുള്ള കനാൽ വികസനത്തിന് 183 കോടി രൂപയും വേണം. കിഫ്ബി ഫണ്ട് ലഭിച്ചില്ലെങ്കിൽ പദ്ധതി അനിശ്ചിതത്വത്തിലാകുമെന്നാണ് അധികൃതരുടെ ആശങ്ക.

ജലഗതാഗതം സുഗമമായി നടപ്പിലാക്കാൻ സഹായിക്കുന്ന തരത്തിൽ ഉയർത്താൻ സാധിക്കുന്ന മൂന്ന് പാലങ്ങളും സജ്ജീകരിക്കും. നിലവിൽ പാർവതീ പുത്തനാറിന് കുറുകെയുള്ള കരിക്കകം സ്റ്റീൽ ലാറ്റിസ് ബ്രിഡ്ജ് 3.4 കോടി ചെലവഴിച്ച് സംസ്ഥാന ജലപാതാ നിലവാരത്തിൽ പുനർനിർമിച്ചിട്ടുണ്ട്.

 

ഈ സ്റ്റീൽ പാലം റോഡ് നിരപ്പിൽനിന്ന് ഏകദേശം അഞ്ച് മീറ്റർ വരെ മുകളിലേക്ക് ഉയർത്താൻ സാധിക്കുന്ന തരത്തിലാണ് നിർമിച്ചിട്ടുള്ളത്. ജലപാതയിലൂടെ വലിയ ബോട്ടുകളോ ക്രാഫ്റ്റുകളോ വരുമ്പോൾ പാലം മുകളിലേക്ക് ഉയർത്തി അവയ്ക്ക് സുഗമമായി കടന്നുപോകാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് പാലത്തെ ഉയർത്താനും താഴ്ത്താനും സാധിക്കും.

നിലവിൽ ജലപാത പൂർത്തിയാകാത്തതുകൊണ്ട് അറ്റകുറ്റപ്പണികൾ നടത്തി പാലത്തെ സംരക്ഷിക്കുകയാണ്.

പുത്തൻപാലത്തും പനത്തുറയിലും ലിഫ്റ്റിങ് ബ്രിഡ്ജ് ഒരുക്കുന്നത് പരിഗണനയിലുണ്ടെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിലെ 616 കിലോമീറ്റർ ദൈർഘ്യമുള്ള പശ്ചിമതീര ജലപാതയുടെ വികസനത്തിന്റെ ഭാഗമാണ് പദ്ധതി. പനത്തുറവേളി ഭാഗം കൂടി പൂർത്തിയാകുന്നതോടെ ജലഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും ചരക്കുനീക്കത്തിനും ടൂറിസം വികസനത്തിനും സാധ്യത വർധിപ്പിക്കാനും കഴിയും. ജലഗതാഗത മേഖലയുമായി ബന്ധപ്പെട്ട പുതിയ തൊഴിലവസരങ്ങൾക്കും പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.