ഒറ്റശേഖരമംഗലം : രാത്രിയിൽ എതിരെവരുന്ന വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമൊരുക്കുമ്പോഴും നടന്ന് പോകുമ്പോഴും ശ്രദ്ധയൊന്ന് പാളിയാൽ ചാനലിനകത്ത് വീഴും.
ഇടയ്ക്കിടെ വാഹനങ്ങൾ ചാനലിലേക്ക് മറിഞ്ഞും, കാൽനടക്കാർ വീണുള്ള അപകടങ്ങളും ഉണ്ടാകുന്നു. എന്നിട്ടും ചാനൽക്കരയിലെ ബണ്ട് റോഡിലെ സുരക്ഷാവേലിയെന്ന നാട്ടുകാരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യത്തിന് പരിഹാരമുണ്ടാകുന്നില്ലെന്ന് പരാതി.
ഒറ്റശേഖരമംഗലം പഞ്ചായത്തിൽ ഒറ്റശേഖരമംഗലം, കുരവറ വാർഡുകളിലായി നെയ്യാറിന്റെ ഇടതുകര കനാലിന്റെ കരയിലൂടെ കടന്നുപോകുന്ന കുരവറ-കാനക്കോട് ബണ്ട് റോഡാണ് സുരക്ഷാവേലിയില്ലാതെ അപകടക്കെണിയാകുന്നത്. ഒറ്റശേഖരമംഗലം, കുരവറ വാർഡുകളിലായി കടന്നുപോകുന്ന ഈ റോഡ് നിരവധിപേരുടെ ആശ്രയമാണ്.
ഇതിൽ കുരവറ മുതൽ കാനക്കോട് വരെ നീളുന്ന ഭാഗവും കുരവറ മുതൽ പ്ലാങ്കാലവിള വരെ നീളുന്ന ഭാഗവുമാണ് നാട്ടുകാർക്ക് അപകടക്കെണിയാകുന്നത്. ഒരുവശത്ത് ചാനലും മറുവശം താഴ്ന്ന തറനിരപ്പിലെ പുരയിടങ്ങളുമാണ്. ചാനലിൽ നീരൊഴുക്ക് കൂടുമ്പോൾ പരിസരവാസികൾ ഭീതിയോടെയാണ് കഴിയുന്നത്. ഒരുവശം കാടുകയറിയതിനാൽ പതിവ് യാത്രികരല്ലാത്തവർക്ക് ചാനലിനോട് ചേർന്ന ബണ്ട് റോഡിന്റെ വശം കാണാൻ സാധിക്കാത്ത നിലയിലാണ്.
മറുവശം ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. വാഹനം വശങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുമ്പോഴാണ് അപകടസാധ്യത ഏറെയുള്ളത്. തൊഴിലുറപ്പ് പദ്ധതി പണികൾ കാര്യക്ഷമമായി നടക്കാത്തതിനാൽ റോഡിന്റെ വശങ്ങൾ വൃത്തിയാക്കലും വൈകുകയാണ്.
കാനക്കോട് റോഡിൽ മുമ്പ് രാത്രിയിൽ ചാനലിലേക്ക് സമാന്തര സർവീസ് വാഹനം മറിഞ്ഞും ഇരുചക്രവാഹനങ്ങളും കാറും മറിഞ്ഞുള്ള നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ചെറിയ രണ്ടു വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമുള്ള റോഡിൽ എതിരെവരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുമ്പോഴാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പരിസരവാസികൾ പറയുന്നു. കൂടാതെ സമീപത്തെ ഇടറോഡുകളിൽ നിന്ന് ഈ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോഴും കൂട്ടിമുട്ടലിന് ഇടയാക്കുന്നു. ദിവസേന നിരവധി ചെറുവാഹനങ്ങളും സ്‌കൂൾ വാനുകളും ഇതുവഴി കടന്നു പോകുന്നുണ്ട്.
മുമ്പൊരിക്കൽ സൈക്കിൾസവാരി നടത്തിയ സ്‌കൂൾവിദ്യാർഥിയും ഇവിടെ അപകടത്തിൽപ്പെട്ടു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് കുട്ടി ചാനലിൽ വീഴാതെ രക്ഷപ്പെട്ടത്. ഇതുവഴി കടന്നുപോയ സ്‌കൂൾവാൻ ചരിഞ്ഞെങ്കിലും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
പാലം പണിതു
ചാനലിന് കുറുകെയുള്ള നിരവധി ചെറുപാലങ്ങൾ ജീർണിച്ച നിലയിലായിരുന്നു. നാട്ടുകാരുടെ നിരവധി പരാതികൾക്കൊടുവിൽ കുരവറ സ്മാർട്ട് അങ്കണവാടിക്ക് സമീപം സി.കെ.എ.എൽ.എ.യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 16 ലക്ഷം രൂപ ചെലവഴിച്ച് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പാലം പണിതു. ഇനി സുരക്ഷാവേലിയുടെ നിർമാണമാണ് അവശേഷിക്കുന്നത്.
Published: 05 Oct 2026, 12:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented